സി പി ജോണിന്റെ പ്രസ്താവന സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവും: മഹിളാ അസോസിയേഷൻ

തിരുവനന്തപുരം: ഗതാഗത മന്ത്രി സി പി ജോണിന്റെ പ്രസ്താവന തികച്ചും സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുന്ന സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ് മന്ത്രിയുടെ ഈ പരാമർശം.
"പണമില്ലാത്തതിനാൽ സ്ത്രീകൾ കെഎസ്ആർടിസി ബസുകളിൽ തള്ളിക്കയറുകയാണ്, എന്നാൽ ഇതേ സ്ത്രീകൾ കുട്ടികളെ പഠിപ്പിക്കാൻ സ്വകാര്യ സ്കൂളുകളെയാണ് ആശ്രയിക്കുന്നത്" എന്ന മന്ത്രിയുടെ വാക്കുകൾ പൊതുസമൂഹത്തോടും സ്ത്രീകളോടുമുള്ള അദ്ദേഹത്തിന്റെയും ഗവൺമെൻ്റിൻ്റെയും മനോഭാവത്തെ തുറന്നു കാണിക്കുന്നതാണ് ,സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെയും ഇത്തരത്തിൽ പുച്ഛത്തോടെ ചിത്രീകരിക്കുന്ന സമീപനം ഒരു ഭരണാധികാരിക്കും ചേർന്നതല്ല.
സ്ത്രീകളുടെ വോട്ട് ലഭിക്കുന്നതിനു വേണ്ടി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെടുത്തിയ സൗജന്യ യാത്ര പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി ചുരുക്കി സ്ത്രീ സമൂഹത്തെ വഞ്ചിച്ച യു ഡി എഫ് സർക്കാർ ഇപ്പോൾ ആ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളെ മനഃപൂർവം അപമാനിക്കുന്ന നിലപാട് ആണ് സ്വീകരിക്കുന്നത്.കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്ന അധിക്ഷേപകരമായ ഈ പ്രസ്താവന ബഹു. മന്ത്രി സി.പി. ജോൺ എത്രയും വേഗം പിൻവലിച്ച് കേരളത്തിലെ സ്ത്രീ സമൂഹത്തോട് ക്ഷമാപണം നടത്തണമെന്നും മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു









0 comments