കോവിഡ് ജാഗ്രത ; മാസ്ക് ധരിക്കാൻ നിർദേശം

തിരുവനന്തപുരം
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും ജാഗ്രത. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ബുധനാഴ്ച സംസ്ഥാന ദ്രുതകർമ സേന യോഗം ചേർന്നു. 182 പേർക്കാണ് മേയിൽ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോട്ടയം – 57, എറണാകുളം- 34, തിരുവനന്തപുരത്ത് 30 പേരുമാണ് രോഗബാധിതരായത്. ഇതിൽ 50പേർ ചികിത്സയിലാണ്. ആർടിപിസിആർ കിറ്റും സുരക്ഷാ ഉപകരണങ്ങളും സജ്ജമാക്കാൻ മന്ത്രി നിർദേശം നൽകി.
ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും ആശുപത്രികളിൽ പോകുന്നവരും മാസ്‌ക് നിർബന്ധമായും ധരിക്കണം.
നിപാ പ്രതിരോധ പ്രവർത്തനവും യോഗം പ്രത്യേകമായി ചർച്ച ചെയ്തു. മാർഗനിർദേശം പാലിച്ച് കൺട്രോൾ റൂം പ്രവർത്തനം തുടരാനും നിർദേശം നൽകി. രോഗവ്യാപനം ഇല്ലാത്തതിനാൽ മലപ്പുറത്തെ കണ്ടയ്‌ൻമെന്റ് സോൺ പിൻവലിക്കാമെന്നും യോഗം വിലയിരുത്തി. മഴക്കാലം വരുന്നതിനാൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുണ്ട്. ഫീൽഡുതല പ്രവർത്തനം ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനം കൊതുക് നിവാരണ പ്രവർത്തനം നടത്തണം. ഹോട്ട് സ്‌പോട്ട് കണ്ടെത്തി പ്രവർത്തനം ശക്തമാക്കാനും നിർദേശം നൽകി.








0 comments