കോവിഡ് പരിശോധന നിർബന്ധം ; രോഗികൾ 1416 ആയി കുറഞ്ഞു

തിരുവനന്തപുരം
സംസ്ഥാനത്ത് പനിബാധിച്ച് ആശുപത്രിയിലെത്തുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം. ശ്വാസതടസ്സം, കടുത്ത നെഞ്ചുവേദന, രക്തസമ്മര്‍ദ്ദം കുറയല്‍, തലചുറ്റല്‍ മുതലായ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പനിക്ക് ചികിത്സതേടുന്നവർ ആന്റിജൻ ടെസ്‌റ്റ് നടത്തണം. ഫലം നെഗറ്റീവെങ്കിൽ ആർടിപിസിആർ പരിശോധന വേണം. രോഗലക്ഷണമുള്ളവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെങ്കില്‍ നിർബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളോട് മോക്ഡ്രിൽ നടത്താനും നിർദേശമുണ്ട്. ഓക്‌സിജൻ വിതരണം, മാസ്‌ക്, ഗ്ലൗസ് എന്നിവ അടിയന്തരമായി ഉറപ്പുവരുത്തണം.
ദക്ഷിണ പൂര്‍വേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോണ്‍ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് കേരളത്തിൽ വ്യാപിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷിയുണ്ട്.
മാർഗ നിർദേശങ്ങൾ
● ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരും പ്രായമായവർ, ഗര്‍ഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവരും മാസ്‌ക് ധരിക്കണം
● ആശുപത്രികളിൽ സന്ദര്‍ശകരെ നിയന്ത്രിക്കണം. എല്ലാ ആരോഗ്യജീവനക്കാരും കൂട്ടിരിപ്പുക്കാരും രോഗികളും മാസ്‌ക് ധരിക്കണം
● രോഗലക്ഷണമുള്ള ആശുപത്രിയിലുള്ളവര്‍ കോവിഡ് പരിശോധന നടത്തണം
● പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കണം
രോഗികൾ 1416 ആയി കുറഞ്ഞു
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 1416 ആയി കുറഞ്ഞു. 171 പേർ രോഗമുക്തരായി. 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4026 ആയി. 24 മണിക്കൂറിനിടെ 65 പേർ കോവിഡ് പോസിറ്റീവായി, 512 പേർ രോഗമുക്തരും. കേരളത്തിലുൾപ്പെടെ അഞ്ച് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിൽ രണ്ടും തമിഴ്നാട്, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ ഒന്നുവീതവും മരണമാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 494 പേരും ന്യൂഡൽഹിയിൽ 372 പേരും ചികിത്സയിലുണ്ട്.
ഗുജറാത്തിൽ 59 പേർക്കുകൂടി സ്ഥിരീകരിച്ചു. പത്തുദിവസത്തിനിടെയാണ് രാജ്യത്ത് കോവിഡ് കുതിച്ചുയർന്നത്. കോവിഡ് പരിശോധനയ്‌ക്കായി സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു.








0 comments