കോവിഡ് മരണം രാജ്യത്ത് ഏറ്റവും കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം കേരളം
അന്ന് അധികമെന്ന് നിലവിളി ഇപ്പോൾ മറച്ചുവച്ചെന്ന് ആക്ഷേപം

തിരുവനന്തപുരം
കോവിഡിനുമുന്നിൽ ലോകം പകച്ചുനിന്നപ്പോൾ ചെറുത്തുനിന്ന, അതിജീവിച്ച കേരളമാതൃകയെ ഇകഴ്‌ത്താൻ കോൺഗ്രസ് നേതാവിനെ പൊതുജനാരോഗ്യ വിദഗ്ധനാക്കി മനോരമ. രാജ്യത്തെ കോവിഡ് മരണനിരക്ക് മറച്ചുവച്ചെന്ന വാർത്ത പുറത്തുവരുമ്പോഴാണ് കേരളത്തെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് എസ് എസ് ലാലിന്റെ ലേഖനം. കേരളത്തിൽ രോഗവ്യാപനം കൂടുതലാണെന്നായിരുന്നു കോവിഡ് കാലത്ത് കോൺഗ്രസിന്റെ ആക്ഷേപം. രോഗികളുടെയും മരിച്ചവരുടെയും എണ്ണം കുറച്ചുകാണിച്ചു എന്നായി ഇപ്പോൾ.
കോവിഡ് മരണം രാജ്യത്ത് ഏറ്റവും കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം കേരളമാണെന്ന് കഴിഞ്ഞദിവസം സിവിൽ രജിസ്‌ട്രേഷൻ സംവിധാനം (സിആർഎസ്) വൈറ്റൽ സ്റ്റാറ്റിസ്റ്റിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജനസംഖ്യാവർധനയ്‌ക്ക് ആനുപാതികമായ വർധന ഒഴിവാക്കിയാലും 2019-നെ അപേക്ഷിച്ച്, 2021-ൽ 19.7 ലക്ഷത്തോളം അധികമരണങ്ങൾ റിപ്പോർട്ടുചെയ്തു. അധികമരണങ്ങളെല്ലാം കോവിഡ് മൂലമല്ലെങ്കിലും ഔദ്യോഗിക കോവിഡ് മരണസംഖ്യയായ 3.30 ലക്ഷത്തിന്റെ ആറുമടങ്ങാണ്. എണ്ണം കുറച്ചുകാണിച്ചതിൽ മുന്നിൽ ഗുജറാത്ത്, മധ്യപ്രദേശ്, പശ്‌ചിമബംഗാൾ, ബിഹാർ, രാജസ്ഥാൻ എന്നിവയാണ്.
കോവിഡ് മരണവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശമുണ്ടായിരുന്നു. പ്രായാധിക്യവും അവശതകളും ഉള്ളവർ കോവിഡ് ബാധിച്ച് മരിച്ചാൽ കാരണം വ്യക്തമാക്കാൻ ഡോക്ടർമാർക്കും സാധിച്ചിരുന്നില്ല. കോവിഡ് സാധ്യതയുണ്ടെങ്കിൽ ലിസ്റ്റിൽ ഉൾപ്പെടുത്താനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കോവിഡ് മരണങ്ങൾക്ക് കേരളം കൃത്യമായ മാനദണ്ഡം രൂപീകരിച്ചു. കോവിഡ് കേസുകളിലെ സുപ്രീം കോടതി വിധിയും സംസ്ഥാന നടപടിയെ സാധുകരിച്ചു. കേരളം പഠനവും നടത്തി. അതിനാൽ മരണങ്ങൾ ഏറെക്കുറെ പട്ടികയിൽ ഇടംപിടിച്ചു.
കേരളത്തിന്റെ നടപടി അംഗീകരിക്കുന്ന റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് മനോരമ ലേഖനം എഴുതിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ലാൽ, താൻ ആരോഗ്യമന്ത്രിയാകും എന്ന് സ്വയം പ്രചരിപ്പിച്ചയാളാണ്.









0 comments