​ഗവർണറുടെ നിയമവിരുദ്ധ നടപടികളെ വ്യക്തമാക്കുന്നതാണ് കോടതി വിധി: മന്ത്രി ആർ ബിന്ദു

r bindu
വെബ് ഡെസ്ക്

Published on Jul 14, 2025, 06:26 PM | 2 min read

തിരുവനന്തപുരം : കെടിയു, ഡിജിറ്റൽ സർവകലാശാല എന്നീ സർവകലാശാലകളിലെ താൽക്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട് ചാൻസലറായ ​ഗവർണർ സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്ന് കോടതി ഉത്തരവിലൂടെ തെളിഞ്ഞെന്ന് മന്ത്രി ആർ ബിന്ദു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ​ഗവർണറുടെ അപ്പീൽ തള്ളിയത്. നേരത്തെ സിംഗിൾ ബെഞ്ച് കേരള സർക്കാരിന്റെ നിർദേശാനുസരണമാണ് താൽക്കാലിക വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് എന്ന് വിധിച്ചിരുന്നു.


സർവകലാശാല ആക്ട് പ്രകാരം കേരള സർക്കാർ നൽകുന്ന പാനലിൽ നിന്നാണ് താൽക്കാലിക വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് എന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. തുടർന്ന് അപ്പീലുമായി ​ഗവർണർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ​ഗവർണർ നടത്തിയ നിയമവിരുദ്ധമായ നടപടി കോടതി തള്ളിയിരിക്കുകയാണ്. കുറേക്കാലങ്ങളായി സർക്കാർ പറയുന്ന കാര്യങ്ങൾ ശരിയാണെന്നതാണ് തുടർച്ചയായി വരുന്ന കോടതി വിധികൾ വ്യക്തമാക്കുന്നത്. സർവകലാശാലകളുമായി ബന്ധപ്പെട്ട് ചാൻസലർക്ക് അധികാരങ്ങളുണ്ട്. പക്ഷേ ആ അധികാരപരിധിക്ക് അപ്പുറത്തേക്ക് പോകുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.


സർവകലാശാലകളുടെ നിയമങ്ങളാകെ നിർമിക്കുന്നത് കേരള നിയമസഭയാണ്. നിയമസഭ ഉണ്ടാക്കിയ നിയമങ്ങളെ ആധാരമാക്കികൂടെയാണ് സർവകലാശാലകൾ പ്രവർത്തിക്കുന്നത്. ആ സർവകലാശാലകളുടെ പൂർണമായ മേൽനോട്ടം സംസ്ഥാന സർക്കാരിനാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ വി സിമാരെ ഏകപക്ഷീയമായി ചാൻസലറായ ​ഗവർണർ നിയമിക്കുന്ന രീതിയാണ് കഴിഞ്ഞ ​ഗവർണറായ ആരിഫ് മൊഹമ്മദ് ഖാനും ഇപ്പോഴുള്ള ചാൻസലറും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്നാണ് ഈ രണ്ട് കോടതി വിധികളിലൂടെയും തെളിഞ്ഞത്.


കൂട്ടായ പരിശ്രമങ്ങളുടെ ഫലമായി അക്കാദമിക് കമ്യൂണിറ്റി ഒട്ടേറെ നേട്ടങ്ങൾ ആർജിച്ചിട്ടുള്ള സമയമാണിത്. നാക് അക്രഡിറ്റേഷനിലും എൻഐആർഎഫ് റാങ്കിങ്ങിലും ആ​ഗോള റാങ്കിങ്ങ് പട്ടികകളിലുമെല്ലാം നമ്മുടെ സർവകലാശാലകളും കോളേജുകളും മുന്നിട്ടുനിൽക്കുന്ന കാലമാണിത്. ഈ സന്ദർഭത്തിൽ അവയുടെ പ്രവർത്തന പദ്ധതികളെയാകെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ തീർച്ചയായും അപലപനീയവും പ്രതിഷേധാർഹവുമാണ്.


ഇപ്പോൾ ചാൻസലർ സൃഷ്ടിച്ച ഭാരതാംബ വിവാദത്തെത്തുടർന്ന് കുറച്ചു പ്രശ്നങ്ങൾ സർവകലാശാലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അക്കാദമിക് താൽപര്യങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ആർഎസ്എസ് താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം വി സിമാരെ നിയമിച്ചിട്ടുള്ളത്. വിദ്യാർഥികളുടെ ഭാവിയെക്കരുതി രാഷ്ട്രീയ നീക്കങ്ങളിൽ നിന്ന് വി സിമാർ പിൻമാറണം. അക്കാദമിക് താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് വിദ്യാർഥികൾക്ക് പഠന സാഹചര്യം ഒരുക്കണം. രാഷ്ട്രീയമായ സങ്കുചിത ചിന്താ​ഗതി മാറ്റിവച്ച് നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തം നിർവഹിക്കാൻ തയാറാകണം എന്നാണ് പറയാനുള്ളത്. വ്യവസ്ഥാപിതമായ രീതികൾ എല്ലാ സംവിധാനങ്ങൾക്കുമുണ്ട്. അതിനെ മറികടന്ന് ചെയ്യുമ്പോഴാണ് കോടതി നടപടികൾ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. ചാൻസലർ എന്ന നിലയിലും ​ഗവർണർ എന്ന നിലയിലും സംസ്ഥാനത്തോടൊപ്പം നിന്നാണ് രാജേന്ദ്ര ആര്‍ലേക്കര്‍ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home