തെളിവുണ്ടെന്ന് കോടതി, ഗുരുതര പരാമര്‍ശങ്ങള്‍; മാങ്കൂട്ടത്തിലിന്റെ എല്ലാ വാദങ്ങളും തള്ളി; അടിമുടി തിരിച്ചടി

തിരുവല്ല: സമാനതകളില്ലാത്ത ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്ത കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ എല്ലാ വാദങ്ങളും തള്ളിക്കൊണ്ടാണ് മൂന്നാമത്തെ ബലാത്സംഗക്കേസിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയ പരാതി അതീവ ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടി. സമാനമായ കുറ്റകൃത്യങ്ങൾ പ്രതി മുൻപും ചെയ്തിട്ടുണ്ട്. ഉഭയസമ്മതപ്രകാരമല്ല ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. ജാമ്യം നൽകിയാൽ മാങ്കൂട്ടത്തിൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. അറസ്റ്റ് നിയമപരമാണെന്നും കോടതി വ്യക്തമാക്കി.
അടിമുടി തിരിച്ചടി
ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു അതിജീവിതയുമായി ഉണ്ടായിരുന്നതെന്നാണ് മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ കോടതിയിൽ പ്രധാനമായും വാദിച്ചത്. എന്നാൽ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ പരിശോധിച്ച കോടതി മാങ്കൂട്ടത്തിലിന്റെ വാദം തള്ളി. ബലാത്സംഗക്കുറ്റം ചുമത്താനുള്ള തെളിവുകൾ കേസിലുണ്ട്. ഹോട്ടൽമുറിയെടുക്കാൻ അതിജീവിതയെ നിർബന്ധിച്ചത് മാങ്കൂട്ടത്തിലാണെന്നും കോടതി കണ്ടെത്തി.
പരാതി നൽകാൻ വൈകിയെന്ന വാദവും കോടതി മുഖവിലയ്ക്കെടുത്തില്ല. അതിജീവിതയ്ക്കുനേരെ ഉണ്ടായ ഭീഷണിയുൾപ്പെടെ പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു. അതിജീവിതയ്ക്കുണ്ടായ ഭയവും മാനസികസംഘർഷവും കോടതിക്ക് ബോധ്യപ്പെട്ടു.
പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷകസംഘം കോടതിയോട് പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്റെ വിശദീകരണവും കോടതി അംഗീകരിച്ചു.
പ്രതിക്കെതിരെ നേരത്തെയും സമാനമായ പരാതികളുണ്ട്. ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. കൂടാതെ, മാങ്കൂട്ടത്തിലിന്റെ അനുയായികൾ പരാതി നൽകിയ എല്ലാ അതിജീവിതകൾക്കുംനേരെ സൈബർ ആക്രമണം നടത്തുകയാണ്. മാധ്യമവിചാരയ്ക്ക് അതിജീവിതകളെ വിധേയരാക്കി പരാതി പിൻവലിക്കാൻ നിർബന്ധിക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു.
അന്വേഷണത്തിന്റെ സുഗമമായ നടത്തിപ്പിന് മാങ്കൂട്ടത്തിൽ ജയിലിൽതന്നെ തുടരണമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നിരസിച്ചത്.
അടച്ചിട്ട മുറിയില്‍ വാദം
വെള്ളിയാഴ്‌ച അടച്ചിട്ട കോടതിയിലാണ് മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് കേസിൽ വാദം കേട്ടത്. മൂന്നുദിവസത്തെ എസ്‌ഐടി കസ്‌റ്റഡി കാലയളവിൽ രാഹുലിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നടക്കം നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇത് കോടതിയെ അന്വേഷകസംഘം ധരിപ്പിച്ചിരുന്നു. രഹസ്യമായി മൊഴി രേഖപ്പെടുത്തണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു.
2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചു എന്നതാണ് പരാതി. ഇതിനു മുൻപും രണ്ട് പരാതികൾ ലഭിച്ചിരുന്നു. മുമ്പത്തെ രണ്ട് കേസുകളിൽ കോടതിയിൽ നിന്ന് രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച പാലക്കാട് നിന്നാണ് രാഹുലിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ക്രൂരമായി ബലാത്സംഗം ചെയ്തതായും സാമ്പത്തികമായി ചൂഷണം ചെയ്തതായും അതിജീവിത പരാതിയിൽ പറഞ്ഞിരുന്നു.










0 comments