രണ്ടാം ബലാത്സംഗക്കേസ്: മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിച്ചു

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രണ്ടാം ബലാത്സംഗക്കേസിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ഹർജി തിരുവനന്തപുരം ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചു. മുൻകൂർ ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് അതിജീവിതയെ ഫോൺ വിളിച്ചതിനാൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണസംഘം ഹർജി നൽകിയത്.
തടസ്സവാദം എഴുതി നൽകാനും വാദം പറയാനും മാങ്കൂട്ടത്തിലിനുവേണ്ടി ഹാജരായ അഭിഭാഷകൻ ശാസ്തമംഗലം അജിത് കോടതിയോട് സമയം ചോദിച്ചു. ബലാത്സംഗം ഉൾപ്പെട്ട കേസ് ആയതിനാൽ ഇരയുടെ വിവരങ്ങൾ അടങ്ങിയ രേഖകൾ പ്രതിഭാഗത്തിന് നൽകിയത്തിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കണം എന്ന് പ്രോസീക്യൂട്ടർ മനു കല്ലമ്പള്ളി കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് വാദം കേൾക്കാൻ ഹർജി മാർച്ച് ആറാം തിയതിയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് ടാനിയ മാറിയം ജോസ് ആണ് ഹർജി പരിഗണിച്ചത്.
മാങ്കൂട്ടത്തിൽ തന്നെ വാട്സാപ്പ് കോളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെന്ന് രണ്ടാം ബലാത്സംഗക്കേസിലെ അതിജീവിത പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) ഈ മാസം 17ന് അറിയിച്ചിരുന്നു. തുടർന്ന്, പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചതായി എസ്ഐടി കോടതി അറിയിച്ചു. അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന ജാമ്യവ്യവസ്ഥയിലെ അഞ്ചാമത്തെ ഉപാധി ലംഘിക്കപ്പെട്ടെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്.
കർശന ഉപാധികളോടെയായിരുന്നു തിരുവനന്തപുരം സെഷൻസ് കോടതി മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്. ജാമ്യകാലയളവിൽ അതിജീവിതമാരെയോ സാക്ഷികളെയോ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന് ജാമ്യഉത്തരവിൽ കോടതി നിർദേശിച്ചിരുന്നു.
രാഹുൽ പ്രതിയായ മറ്റു രണ്ടു ബലാത്സംഗക്കേസുകളിലും മുൻകൂർജാമ്യം ലഭിച്ചിരുന്നു. ഗുരുതരവും ക്രൂരവുമായ ലൈംഗികാതിക്രമങ്ങളും വൈകൃതങ്ങളുമാണ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അതിജീവിതമാർ വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ അനുയായികളിൽനിന്നുള്ള സൈബർ ആക്രമണങ്ങളും അതിജീവിതകൾ നേരിടുന്നുണ്ട്. ഇത് കണക്കിലെടുത്ത് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.










0 comments