ad
Deshabhimani

തച്ചമ്പാറ പഞ്ചായത്തിൽ വൻ തിരിമറി 13 ലക്ഷം കാണാനില്ല

corruption
avatar
സ്വന്തം ലേഖകൻ

Published on Jun 21, 2026, 08:38 AM | 1 min read

മണ്ണാർക്കാട് : യുഡിഎഫ് ഭരിക്കുന്ന തച്ചമ്പാറ പഞ്ചായത്തിൽ 13 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട്‌. 2025-–26 സാമ്പത്തികവർഷത്തെ വാർഷിക ധനകാര്യ പത്രിക (എഎഫ്‌എസ്) തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ്‌ പുറത്തുവന്നത്‌. പഞ്ചായത്തിലെ ധനകാര്യവിഭാഗത്തിലെ താൽക്കാലിക ജീവനക്കാരായ വിനയ, വിദ്യ എന്നിവരെ അന്വേഷണവിധേയമായി സസ്‌പെൻഡ്‌ ചെയ്‌തു. കാണാതായ തുക എവിടെപ്പോയെന്ന്‌ അറിയില്ലെന്നാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റും ജീവനക്കാരും പറയുന്നത്‌. ഡിജിറ്റൽ ഒപ്പ് ദുരുപയോഗിച്ച്‌ തട്ടിപ്പ്‌ നടത്തിയെന്നാണ് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്.

ഇ–ഗ്രാമസ്വരാജ്‌ പോർട്ടൽ വഴി പഞ്ചായത്ത്‌ നടത്തിയ പണമിടപാടുകളിലാണ്‌ അസ്വാഭാവികത കണ്ടെത്തിയത്‌. 17 അനധികൃത ഇടപാടുകളിലൂടെ 12,90,550 രൂപ രണ്ട്‌ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റി. കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്റ് വരുന്ന കേരള ഗ്രാമീൺ ബാങ്ക്‌ അക്കൗണ്ടിൽനിന്നാണ്‌ പണം പിൻവലിച്ചത്. എന്നാൽ, ഇ‍ൗ ഇടപാടുകളൊന്നുംതന്നെ കെ സ്‌മാർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. തട്ടിപ്പ്‌ ബോധ്യമായതിനെത്തുടർന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി അജിൻ വി രാജു കല്ലടിക്കോട് പൊലീസിൽ പരാതിനൽകി. വാർഷിക ധനകാര്യ പത്രിക പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ ഈ വർഷത്തെ എഎഫ്എസ് സമർപ്പിക്കാൻ കഴിയാത്തതും സാഹചര്യം ഗുരുതരമാക്കി. സംഭവത്തിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home