തൃപ്രയാർ കുഴൽപ്പണക്കവർച്ച; തെളിയുന്നത് കോൺഗ്രസിന്റെ കള്ളപ്പണ ഇടപാട്

തൃശൂർ:
തൃപ്രയാറിൽ കാർ ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ വെളിപ്പെടുന്നത് കോൺഗ്രസ് ഉൾപ്പെട്ട സംഘത്തിന്റെ കള്ളപ്പണ ഇടപാടുകൾ. രൂപ മാറ്റി ഡോളറാക്കി നൽകുന്ന സംഘത്തിൽ കോൺഗ്രസിന്റെ പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടത് ഇൗ ദിശയിലേക്കാണ് വിരൽചൂണ്ടുന്നത്. പണം വാങ്ങി ഡോളറാക്കുന്ന ഇടപാടാണ് മുഖ്യതൊഴിലെന്ന് ആക്രമിക്കപ്പെട്ട മുഹമ്മദ് ഹാഫി ഉൾപ്പെടെയുള്ളവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
പട്ടാമ്പി വിളയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ്ംഗമാണ് തൃപ്രയാറിലേക്ക് കള്ളപ്പണവുമായി വന്ന മുഹമ്മദ് റാഫി.
ഇൗ കള്ളപ്പണം തെരഞ്ഞെടുപ്പിലുൾപ്പെടെ കോൺഗ്രസ് ഉപയോഗിച്ചിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്. ഡോളറാക്കി മാറ്റാനുള്ള പണം ഇവർക്ക് എവിടെനിന്ന് ലഭിച്ചുയെന്നത് വ്യക്തമായിട്ടില്ല. പണത്തിന്റെ ഉറവിടം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തിയാലേ ഇക്കാര്യം വെളിവാകൂ. എന്നാൽ, അന്വേഷണം ആ തലത്തിലേക്ക് നീങ്ങുമോയെന്ന് സംശയമുണ്ട്.
ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കേസ് അവസാനിപ്പിക്കുമോ, അതോ ഇരു വിഭാഗത്തിന്റെയും പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിലേക്ക് കടക്കാൻ പൊലീസും ആഭ്യന്തരവകുപ്പും തയ്യാറാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും കേസിന്റെ ഭാവി.
മുഹമ്മദ് റാഫി ഉൾപ്പെടെ നാലുപേരാണ് പണവുമായി വന്നത്. ഇൗ സംഘത്തിലെ ഒരാൾക്കുമാത്രം പരിക്കേറ്റിട്ടില്ല.
ഇയാൾക്ക് അക്രമിസംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്. കോൺഗ്രസ് നേതാവായ വിളയൂർ വെസ്റ്റ് തച്ചംപ്പറ്റ വീട്ടിൽ ടി പി മുഹമ്മദ് റാഫിയുമായി ബന്ധപ്പെട്ട് നിരവധി കാലമായി അനധികൃത സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി ആരോപണമുണ്ട്.
മണൽക്കടത്തുമായി ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു. ഇൗ സംഘത്തിന് കോൺഗ്രസിലെ ഉന്നതരുമായി ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നു.









0 comments