ad
Deshabhimani

കംബോഡിയ മനുഷ്യക്കടത്ത്‌ റാക്കറ്റ്‌: ഇരകളുടെ മൊഴിയെടുപ്പ്‌ അവസാനഘട്ടത്തിൽ; ഡിജിപിക്ക്‌ റിപ്പോർട്ട്‌ ഉടൻ കൈമാറും

human trafficking
avatar
സ്വന്തം ലേഖകൻ

Published on Jun 21, 2026, 09:00 AM | 1 min read

കൊച്ചി : കംബോഡിയയിലെ സൈബർതട്ടിപ്പ്‌ റാക്കറ്റുകൾ നടത്തിയ മനുഷ്യക്കടത്ത്‌ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട്‌ ഉടൻ ഡിജിപിക്ക്‌ കൈമാറും. കൊച്ചി സിറ്റി പൊലീസിന്റെ ഏഴംഗ അന്വേഷകസംഘം കണ്ടെത്തിയ പന്ത്രണ്ടിലധികം ഇരകളുടെ മൊഴിയെടുക്കൽ അവസാന ഘട്ടത്തിലാണ്‌. വിവിധ ജില്ലകളിലുള്ളവരുടെ വീടുകളിൽ നേരിട്ടെത്തിയാണ്‌ മൊഴിയെടുക്കുന്നത്‌.


മുഖ്യപ്രതി പാലക്കാട്‌ സ്വദേശി അബ്‌ദുറഹ്‌മാൻ കന്പോഡിയയിലേക്ക്‌ കടത്തിയ പന്ത്രണ്ടിലധകം മലയാളികളെ അന്വേഷകസംഘം തിരിച്ചറിഞ്ഞിരുന്നു. പാസ്‌പോർട്ട്‌ പിടിച്ചുവച്ചശേഷമാണ്‌ ഇവരെ റോഡുമാർഗം തായ്‌ലൻഡിൽനിന്ന്‌ കംബോഡിയിലേയ്‌ക്ക്‌ എത്തിച്ചത്‌. രേഖകൾ ഇല്ലാത്തതിനാൽ കംബോഡിയയിൽനിന്ന്‌ ഇവരെ നാട്‌ കടത്തിയിരുന്നു.


മൊഴിയുടെ അടിസ്ഥാനത്തിൽ അബ്‌ദുറഹ്‌മാനും മറ്റ്‌ പ്രതികൾക്കുമെതിരെ മനുഷ്യക്കടത്തിന്‌ കേസ്‌ രജിസ്‌റ്റർ ചെയ്യാനാണ്‌ അന്വേഷകസംഘത്തിന്റെ നീക്കം. തുടർന്ന്‌ എസിപിയുടെ നേതൃത്വത്തിൽ വിശദ അന്വേഷണ റിപ്പോർട്ട്‌ ഡിജിപിക്ക്‌ കൈമാറും. കേന്ദ്ര ഏജൻസികളോട്‌ മനുഷ്യക്കടത്തിന്‌ കേസെടുക്കാൻ കേരള പൊലീസ്‌ അഭ്യർഥിക്കും.


മൊഴിയെടുപ്പ്‌ പൂർത്തിയായശേഷം, നിലവിൽ റിമാൻഡിലുള്ള അബ്‌ദുറഹ്‌മാനെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. ഇയാളുടെ ബാങ്ക്‌ അക്ക‍ൗണ്ട്‌, സ്വത്തുവിവരങ്ങൾ എന്നിവ പരിശോധിച്ചുവരികയാണ്‌. ഒരാളെ കടത്തുന്നതിന്‌ വാങ്ങിയിരുന്നത്‌ മൂന്നുലക്ഷത്തോളം രൂപയാണെന്ന്‌ അബ്‌ദുറഹ്‌മാൻ പറഞ്ഞിരുന്നു. ഇതിൽ സംഘാംഗങ്ങൾക്ക്‌ നൽകിയശേഷം രണ്ടുലക്ഷത്തോളം രൂപയാണ്‌ ഇയാൾക്ക്‌ ലഭിച്ചിരുന്നത്‌. നൂറാേളംപേരെ കംബോഡിയയിലേക്ക്‌ അയച്ചതായാണ്‌ പ്രാഥമിക നിഗമനം.


മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറിൽനിന്ന് 37 ലക്ഷം രൂപ തട്ടിയ കേസിലാണ്‌ അബ്ദുറഹ്മാൻ അറസ്‌റ്റിലായത്‌. ‘ഓപ്പറേഷൻ കംമ്പോഡിയ’ എന്ന പേരിലായിരുന്നു അന്വേഷണം. സമൂഹമാധ്യമങ്ങളിലൂടെ ട്രേഡിങ്, ലോൺ ആപ് പരസ്യങ്ങൾവഴിയും മാട്രിമോണിയൽ സൈറ്റുകൾ വഴിയുമായിരുന്നു ചൈനീസ്‌ റാക്കറ്റിന്റെ തട്ടിപ്പ്‌. സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരിൽ ആയിരത്തിലധികം വ്യാജ മാട്രിമോണി പ്രൊഫൈലുകൾ സൃഷ്ടിച്ചതായും കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home