ഉയരെ സഹകരണ മേഖല, തുടരും കുതിപ്പ്

തിരുവനന്തപുരം
എൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തിൽ സഹകരണമേഖല കൂടുതൽ ജനകീയമാകുന്നു. കാർഷികം, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ടൂറിസം രംഗങ്ങളിലടക്കം സർവ മേഖലയിലും ശക്തമായ ഇടപെടലുണ്ടാക്കാനായി. സാധാരണക്കാരന് പ്രയോജനപ്പെടുന്ന പദ്ധതികൾ, തൊഴിലവസരം, കേരള ബാങ്ക്, ഡിജിറ്റൽ പരിശോധന എന്നിവ നടപ്പാക്കി മുന്നേറുകയാണ്. ഈ മാതൃക കാണാൻ വിദേശ രാജ്യങ്ങളിലടക്കമുള്ള പ്രതിനിധികൾ കേരളത്തിലേക്ക് എത്തുന്നുണ്ട്.
സമഗ്ര നിയമ ഭേദഗതി
കാതലായ പരിഷ്‌കരണങ്ങളിലൊന്ന് സഹകരണനിയമത്തിലെ സമഗ്ര ഭേദഗതിയാണ്. ചട്ടഭേദഗതിയും നിലവിൽ വന്നു. സഹകരണ പുനരുദ്ധാരണനിധി ആവിഷ്‌കരിച്ചു. പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കെയർഹോം പദ്ധതി, ഓഡിറ്റ് സംവിധാനം ശക്തിപ്പെടുത്താൻ ടീം ഓഡിറ്റ്, ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും വിപണിയിൽ പരിചയപ്പെടുത്തുക, ഓൺലൈൻ, വിദേശ വിപണികളിൽ ഇടംനേടുക, സഹകരണ എക്സ്പോ, നിർമാണ സാമഗ്രികളുടെ വിപണി ഇടപെടലിന് മെറ്റീരിയൽ ബാങ്ക്, വനിതാ സഹകരണസംഘങ്ങളെ ഉൽപ്പാദക യൂണിറ്റാക്കാൻ നടപടി എന്നിവ നാല് വർഷത്തിനിടെ നടപ്പാക്കി.
16,390 പേർക്ക് തൊഴിൽ
നാല് വർഷത്തിനിടെ 16,390 നിയമനം നടന്നു. സ്‌റ്റാർട്ടപ്, എംഎസ്‌എംഇ സംരംഭങ്ങളിലൂടെ അഞ്ച് ലക്ഷം തൊഴിലവസരം സൃഷ്‌ടിച്ചു. 50,000 കോടി രൂപയാണ് കേരളബാങ്ക് വായ്‌പ നൽകിയത്.
ജനപ്രിയ ഉൽപ്പന്നങ്ങൾ
മൂല്യവർധിത ഉൽപ്പന്നങ്ങളുമായി സർവീസ് സഹകരണ സംഘങ്ങൾ മികവോടെ മുന്നേറുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഉൽപ്പന്നങ്ങളെത്തി.
സമാശ്വാസനിധി
സഹകാരികൾക്ക് ആറ് ഘട്ടങ്ങളിലായി ധനസഹായം അനുവദിച്ചു. 45,210 അപേക്ഷകർക്ക് 95കോടി രൂപയുടെ ധനസഹായം. സഹകാരി സാന്ത്വനം, റിസ്‌ക് ഫണ്ട്, കുടുംബത്തിന് ഒരു കരുതൽധനം അടക്കമുള്ള ധനസഹായപദ്ധതികൾ. നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ ക്യാമ്പയിനിലൂടെ 10.69 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസം നൽകി. കുടിശ്ശികയിനത്തിൽ 1960.15 കോടി രൂപ സഹകരണബാങ്കുകൾ എഴുതിതള്ളി.
മറ്റ് നേട്ടങ്ങൾ
● ആലപ്പുഴയിൽ നഴ്സിങ് കോളേജ്
● തൃശൂർ മറ്റത്തൂർ ലേബർ കോൺട്രാക്ട്സ് സൊസൈറ്റിയുടെ ഔഷധസസ്യ സംസ്കരണകേന്ദ്രം
● രാജ്യത്തെ ആദ്യത്തെ ഭാഷാ മ്യൂസിയമായ അക്ഷരം ഭാഷാസാഹിത്യ സാംസ്കാരിക മ്യൂസിയം
● നെല്ല് സംഭരണത്തിനും അരി ഉൽപ്പാദനത്തിനും കാപ്കോസ്, പാപ്കോസ് പദ്ധതികൾ
● ഗിഗ് വർക്കേഴ്സിന് സഹകരണസംഘങ്ങൾ
● 32 യുവജന സഹകരണസംഘങ്ങൾ
● കേരളബാങ്ക് മുഖേന യുവമിത്ര വായ്പ പദ്ധതി
● പൊതുവിപണിയിൽ വിലക്കയറ്റം തടയാൻ സബ്‌സിഡി ചന്തകൾ
● സ്റ്റുഡന്റ്‌സ് മാർക്കറ്റുകൾ
● തരിശുകിടന്ന ഹെക്ടർ ഭൂമിയിൽ കൃഷി








0 comments