പരിരക്ഷ സംസ്ഥാനത്തെ സഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപത്തിന്
print edition സഹകരണ നിക്ഷേപങ്ങൾക്ക് ഇരട്ടി പരിരക്ഷ ; സർക്കാർ ഗ്യാരന്റി 10 ലക്ഷമാക്കി

തിരുവനന്തപുരം
സംസ്ഥാനത്തെ സഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപത്തിനുള്ള സർക്കാർ ഗാരന്റി പത്ത് ലക്ഷമാക്കി. നിലവിൽ അഞ്ചുലക്ഷം രൂപയായിരുന്നു. വാണിജ്യ ബാങ്കുകളിലെ നിക്ഷേപത്തിന് കേന്ദ്രഗാരന്റി കോർപറേഷൻ നൽകുന്ന പരിരക്ഷ അഞ്ചുലക്ഷം രൂപ മാത്രമാണ്. ഇത് കേരളം പത്തുലക്ഷമാക്കിയത് സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ഇരട്ടി സുരക്ഷ നൽകും.
പലിശയുൾപ്പെടെയുള്ള ആകെ നിക്ഷേപത്തിൽ പത്തുലക്ഷം രൂപ വരെ ഇനി പൂർണ സുരക്ഷിതമാണ്. ബാങ്ക് അടച്ചുപൂട്ടലിലേക്ക് പോയാൽ സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡ് ഈ തുക നൽകും. രണ്ടുലക്ഷമായിരുന്ന ഗാരന്റി 2023 ജൂലൈയിലാണ് അഞ്ചുലക്ഷമാക്കിയത്. ബോര്‍ഡിൽ അംഗത്വമുള്ള സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്കാണ് പരിരക്ഷ. പ്രതിസന്ധി നേരിടുന്ന സഹകരണ ബാങ്കുകൾക്ക് പ്രത്യേക സാമ്പത്തികസഹായം നൽകാനും വ്യവസ്ഥയുണ്ട്. കേരള സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള വായ്‌പാ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് ഈ സുരക്ഷ. പരിരക്ഷ നൽകാൻ ഓരോ വർഷവും അധികമായി ലഭിക്കുന്ന നിക്ഷേപത്തിന് 100 രൂപയ്‌ക്ക് പത്തുപൈസ വീതം ബോർഡിന് നൽകണം. ഏപ്രിൽ മുതൽ ഇത് 12 പൈസയാകും.
പ്രതിസന്ധിയിലുള്ള സഹകരണ ബാങ്കുകൾക്ക് സഹായം നൽകാനുള്ള ഫണ്ട് കണ്ടെത്താൻ അവകാശികളില്ലാത്ത നിക്ഷേപവും 10 വർഷമായി ഇടപാടില്ലാത്ത സേവിങ്‌സ് അക്കൗണ്ടിലെ നിക്ഷേപവും ബോർഡിന് കൈമാറാനും വ്യവസ്ഥയുണ്ട്. പത്തുവർഷമായി അവകാശികളെത്താത്ത നിക്ഷേപം 700 കോടിയോളം വരും. അവകാശികളെത്തിയാൽ പലിശസഹിതം തിരിച്ചുനൽകും.










0 comments