ad
Deshabhimani

പാചകവാതക വിലക്കയറ്റം: കാറ്ററിങ് മേഖല പ്രതിസന്ധിയിൽ; പട്ടിണിയിലായി തൊഴിലാളികൾ

lpg issue

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 08, 2026, 11:02 AM | 1 min read

കൊച്ചി: കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന പാചകവാതക വിലവർധനയും വിതരണത്തിലെ അശാസ്ത്രീയതയും സംസ്ഥാനത്തെ കാറ്ററിങ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇന്ധനക്ഷാമവും വിലക്കയറ്റവും താങ്ങാനാവാതെ കഴിഞ്ഞ രണ്ടുമാസമായി ഈ മേഖല സ്തംഭിച്ച നിലയിലാണ്.


സിലിണ്ടറുകളുടെ ലഭ്യത ഉറപ്പില്ലാത്തതിനാൽ പുതിയ ഓർഡറുകൾ ഏറ്റെടുക്കാൻ സംരംഭകർ തയ്യാറാകുന്നില്ല. നേരത്തെ ബുക്ക് ചെയ്ത ഓർഡറുകൾ പോലും റദ്ദാക്കേണ്ടി വരുന്ന ഗതികേടിലാണ് ഉടമകൾ. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ അഞ്ചുമാസത്തിനിടെ അഞ്ചുതവണയാണ് കേന്ദ്രം വർധിപ്പിച്ചത്.


ഏകദേശം 1518 രൂപയുടെ അധിക ബാധ്യതയാണ് ഓരോ സിലിണ്ടറിലും ഉണ്ടായിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് കുറഞ്ഞ നിരക്കിൽ ഓർഡർ സ്വീകരിച്ചവർ ഇപ്പോൾ വൻ നഷ്ടം സഹിച്ചാണ് ഭക്ഷണം എത്തിക്കുന്നത്. ഇതോടെ വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകളെയും ഇത് ദോഷകരമായി ബാധിച്ചു.


സംസ്ഥാനത്ത് അംഗീകൃത ലൈസൻസുള്ള 3500-ഓളം യൂണിറ്റുകൾക്ക് പുറമെ കുടുംബശ്രീ കൂട്ടായ്മകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ചെറുകിട യൂണിറ്റുകളും ഈ മേഖലയിൽ സജീവമാണ്. ഒന്നര ലക്ഷത്തോളം പേരാണ് കാറ്ററിങ് രംഗത്ത് തൊഴിലെടുക്കുന്നത്. തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ തൊഴിലാളികൾ മറ്റ് മേഖലകളിലേക്ക് ചേക്കേറുകയാണ്.


പൊതുജനങ്ങളുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായ കാറ്ററിങ് മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പാചകവാതക ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ഈ മേഖല പൂർണമായും തകരുമെന്ന് കേരള കാറ്ററേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ വർഗീസ് പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home