ad
Deshabhimani

print edition അരി മറിച്ചുവിറ്റ കേസ്‌: 
3 പ്രതികൾക്ക്‌ തടവ്‌

Rice.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 30, 2026, 12:00 AM | 1 min read

തിരുവനന്തപുരം: തൊഴിലാളികൾക്ക്‌ സർക്കാർ നൽകിയ അരി കരിഞ്ചന്തയിൽ മറിച്ചുവിറ്റ മുൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്കും കൺവീനർമാർക്കും തടവും പിഴയും ശിക്ഷ.


പന്തളം ബ്ലോക്ക് പഞ്ചായത്തിലെ മുൻ ബിഡിഒ കൊല്ലം പട്ടാഴി സ്വദേശി കെ വാസുദേവൻ നായർ (76), ഗുണഭോക്തൃ സമിതി മുൻ കൺവീനർമാരും പന്തളം സ്വദേശികളുമായ വൈ ഷാലു ഖാൻ (47), കെ ശിവരാജൻ (62) എന്നിവർക്കാണ്‌ 14 വർഷംവീതം തടവും 50,000 രൂപവീതം പിഴയുമാണ്‌ ശിക്ഷ. കൊല്ലം വിജിലൻസ് കോടതി ജഡ്‌ജി മോഹിത്താണ് ശിക്ഷിച്ചത്‌.


പന്തളം ബ്ലോക്ക് പഞ്ചായത്തിലെ സമ്പൂർണ ഗ്രാമീണ തൊഴിൽ പദ്ധതി തൊഴിലാളികൾക്ക് കൂലിയായി അനുവദിച്ച അരി കരിഞ്ചന്തയിൽ വിറ്റ്‌ സർക്കാരിന് 13,08,999 രൂപയുടെ നഷ്ടം വരുത്തി.


2000 – 2005 കാലഘട്ടത്തിൽ പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ സമ്പൂർണ ഗ്രാമീണ തൊഴിൽ പദ്ധതിയുടെകീഴിൽ പന്തളം നഗരസഭയിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായ തൊഴിലാളികൾക്ക് കൂലിക്ക് പകരമായി എഫ്സിഐ ഗോഡൗണിൽനിന്ന്‌ അരി അനുവദിച്ചിരുന്നു.


ഇങ്ങനെ ലഭിച്ച 2,11,130 കിലോയോളം അരി കെ വാസുദേവൻ നായരും മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഞ്ച് കൺവീനർമാരും ചേർന്ന് മറിച്ച് വിൽക്കുകയായിരുന്നു. വൈസ് പ്രസിഡന്റും മൂന്ന്‌ ഗുണഭോക്തൃ സമിതി കൺവീനർമാരും കേസ്‌ നടപടികൾക്കിടെ മരിച്ചു.


പത്തനംതിട്ട വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്പിമാരായിരുന്ന സി പി ഗോപകുമാർ, ഹരി വിദ്യാധരൻ, റെജി എബ്രഹാം, ബേബി ചാൾസ്, ഇൻസ്പെക്ടറായ വി എൻ സജി എന്നിവരാണ് കേസന്വേഷിച്ചത്‌. പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home