സതീശന്റെ മീഡിയ സെക്രട്ടറി വിദ്വേഷപ്രചാരകൻ; ന്യൂനപക്ഷവേട്ടയെ ന്യായീകരിച്ചയാൾ; ചർച്ചയായി പഴയ പോസ്റ്റുകൾ

റോയ് മാത്യുവിന്റെ വിവാദമായ ചില ഫേസ്ബുക്ക് പോസ്റ്റുകൾ (ഇടത്), റോയ് മാത്യു (വലത്)
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ മീഡിയ സെക്രട്ടറിയായി നിയമിച്ച റോയ് മാത്യുവിന്റെ പഴയകാല സോഷ്യൽ മീഡിയ കുറിപ്പുകൾ ചർച്ചയാകുന്നു. സോഷ്യൽ മീഡിയയിലൂടെ പതിവായി വിദ്വേഷപ്രചാരണം നടത്തുന്നയാളെയാണ് സതീശൻ മാധ്യമ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. മുസ്ലീം വിഭാഗങ്ങൾക്കെതിരെയും കോൺഗ്രസ് നേതാക്കളെ പോലും വളരെ മോശമായി അധിക്ഷേപിച്ചയാളാണ് റോയ് മാത്യു.
മുസ്ലീം വിദ്വേഷം നിരന്തരം പ്രചരിപ്പിച്ച് വിവാദത്തിലാകാറുള്ള മറുനാടൻ മലയാളി എന്ന ഓൺലൈൻ പോർട്ടലിന്റെ എഡിറ്ററായിരുന്ന റോയ് മാത്യു, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റ് ന്യൂസിൽ പതിവായി ചർച്ചകളിലും പങ്കെടുത്തിരുന്നു. അപ്പോഴൊക്കെയും ന്യൂനപക്ഷവിരുദ്ധയും കടുത്ത സിപിഐ എം വിരോധവും പ്രകടിപ്പിച്ചിട്ടുണ്ട്. ഈ പ്രതികരണങ്ങളെല്ലാം സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയാണ്.
മുസ്ലിം വിഭാഗങ്ങളെ ലക്ഷ്യമിട്ട സംഘപരിവാർ നടത്തുന്ന വേട്ടയെ ന്യായീകരിച്ചിട്ടുണ്ട് സതീശന്റെ മീഡിയ സെക്രട്ടറി. ഉത്തർപ്രദേശിയിൽ ബിജെപി സർക്കാർ നടപ്പാക്കിയ ലൗ ജിഹാദ് നിയമം കേരളത്തിൽ വരണമെന്ന് ആവശ്യപ്പെട്ടയാളാണ് റോയ് മാത്യു. "ഉത്തർപ്രദേശിലെ കുപ്രസിദ്ധമായ ലൗ ജിഹാദ് നിയമം അഥവാ The Uttar Pradesh Vidhi Virudh Dharm Samparivartan Pratishad Adyadesh, 2020 or the UP Unlawful Religious Conversion Prohibition Ordinance, 2020 ഇവിടെയും എത്രയും വേഗം കൊണ്ടു വരാൻ ഇമ്മാതിരി പണികൾ സഹായിക്കുമാറാകട്ടെ! അറുകൊലമാടന് പരവതാനി വിരിക്കുന്ന ആത്മാർത്ഥമായ പണികൾ നമുക്ക് നിർബാധം തുടരാം. എന്നാൽ അല്ലേ ഹൂറിയോടൊപ്പം പറുദീസയിൽ ശിഷ്‌ടകാലം പാർക്കാനാവു.... എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല."- എന്നായിരുന്നു 2020 ഡിസംബർ 20ന് റോയ് മാത്യു ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റ്.
മുതിർന്ന നേതാവ് രാഹുൽയാഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെയും അധിക്ഷേപം ചൊരിഞ്ഞിട്ടുണ്ട്. 2017 നവംബർ ഒന്നിന്റെ ‘കളങ്കിതരേ ഇതിലേ ഇതിലേ’ എന്ന ഫെയ്‌സ്‌ബുക്ക് കുറിപ്പ് ‘ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയിൽ കളങ്കിതരെ ഒഴിവാക്കു’മെന്ന അന്നത്തെ കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്റെ പ്രസ്‌താവനയെ കളിയാക്കുന്നതാണ്. നാഷണൽ ഹെറാൾഡിന്റെ കഴുക്കോലടക്കം അടിച്ചുമാറ്റിയകേസിൽ പെട്ടയാളല്ലേ എന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ചിട്ടുമുണ്ട്. വി ഡി സതീശൻ, വി എം സുധീരൻ എന്നിവരെ 'ആദർശത്തിന്റെ മൂലക്കുരു രോഗമുള്ള നേതാക്കൾ' എന്നാണ് ഒരിക്കൽ വിശേഷിപ്പിച്ചത്.
പഴയ പ്രസ്താവനകൾ വീണ്ടും ചർച്ചയായതോടെ റോയ് മാത്യുവിനെ പ്രതിരോധിക്കാനാകാതെ കുഴയുകയാണ് കോൺഗ്രസ് നേതൃത്വം.
മുഖ്യമന്ത്രി വി ഡി സതീശന്റെ സാറ്റാഫിൽ നിലവിൽ 20 പേരെയാണ് നിയമിച്ചത്. ഇതിൽ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് രണ്ടുപേരുണ്ട്. സീജി കടയ്‌ക്കലാണ് പ്രസ് സെക്രട്ടറി. മീഡിയാ സെക്രട്ടറി എന്ന പുതിയ പോസ്‌റ്റുണ്ടാക്കിയാണ് റോയ് മാത്യുവിനെ നിയമിച്ചത്.










0 comments