print edition സിഎം ഓഫീസിൽ ആർഎസ്‌എസുകാരന് നിയമനം; മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് നേതാക്കൾ

വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിൽ ആർഎസ്‌എസ് പ്രവർത്തകന് ഡ്രൈവറായി നിയമനം. കരമന കാലടി സ്വദേശി മുൻ സൈനികനായ ജി ജയനെയാണ് നിയമിച്ചത്. മീഡിയ സെൽ കൈകാര്യം ചെയ്യുന്ന അനീഷ് ഉപയോഗിക്കുന്ന കാറിന്റെ ഡ്രൈവറായാണ് നിയമനം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെന്ന് പ്രദേശത്തെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പറയുന്നു. വാഹനം കെഎസ്‌എഫ്‌ഇ സ്പോൺസർ ചെയ്തതാണെങ്കിലും ഡ്രൈവറെ വച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്.
കാലടി കൗൺസിലറും കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷയുമായ മഞ്ജുവിന്റെ തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്ക് സജീവമായി രംഗത്തുണ്ടായിരുന്നു ജയൻ. നിയമനത്തിനെതിരെ വാർഡ് പ്രസിഡന്റ് മണ്ഡലം നേതൃത്വത്തിന് പരാതി നൽകി. പ്രദേശത്തെ എല്ലാ കോൺഗ്രസുകാർക്കും അറിയാവുന്ന ആർഎസ്‌എസുകാരനെ സിഎം ഓഫീസിലേക്ക് ശുപാർശ ചെയ്തത് ആറ്റുകാൽ മണ്ഡലം പ്രസിഡന്റ് അരുണാണ്. മന്ത്രി കെ മുരളീധരന്റെ കാറിൽ സെക്രട്ടറിയറ്റിലേക്കും പുറത്തേക്കും ഇടയ്ക്കിടയ്ക്ക് യാത്ര ചെയ്യുന്നയാളാണ് അരുൺ. മന്ത്രിയുമായി അടുത്തബന്ധമുണ്ടെന്ന് സ്ഥാപിച്ച് ആരോഗ്യവകുപ്പിൽ ജോലിവാഗ്ദാനം നൽകി പലരോടും പണം വാങ്ങുന്നതായും കോൺഗ്രസ് പ്രാദേശിക നേതാക്കൾ ആരോപിച്ചു.










0 comments