അന്ന് അങ്ങനെ ഒരു കമ്പനിയും ഇല്ല, കരാറും ഇല്ല; മാത്യു കുഴൽനാടൻ്റേത് പൊള്ളയായ വാദം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ ‘ഞെട്ടിക്കുന്ന’ വെളിപ്പെടുത്തൽ നടത്തിയ വാർത്താസമ്മേളനത്തിലെ ആരോപണങ്ങളെല്ലാം അപ്പാടെ പൊളിയുന്നു. 2018ലെ മഹാപ്രളയം എൽഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ സൃഷ്ടിയാണെന്ന ആരോപണവുമായാണ് മൂവാറ്റുപുഴയിലെ സ്വകാര്യ ഹോട്ടലിൽ കുഴൽനാടൻ വാർത്താസമ്മേളനം നടത്തിയത്.
തോട്ടപ്പിള്ളി സ്പിൽവേയിലും കരിമണലിലും കരാറില്ലെന്ന് വ്യക്തമാക്കി മേരീമാതാ കമ്പനി തന്നെ രംഗത്തെത്തി. 2019 ഡിസംബർ 15 ന് രൂപീകരിച്ച ഈ കമ്പനിയാണ് 2018 ആഗസ്തിൽ പ്രളയം ഉണ്ടായപ്പോൾ സംസ്ഥാന സർക്കാരുമായി കരാർ ഉണ്ടായിരുന്നെന്ന് മാത്യു കുഴൽനാടൻ പറയുന്നത്.
മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടേത് എന്നപേരിൽ പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികത സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും കുഴൽനാടന് ഇന്നലെ മറുപടിയുണ്ടായിരുന്നില്ല. ശബ്ദരേഖ വലിയ തെളിവാണെങ്കിൽ എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ലെന്ന ചോദ്യത്തിനും മറുപടി നൽകാതെ വാർത്താസമ്മേളനം അവസാനിപ്പിച്ചു.
മന്ത്രി കെ കൃഷ്ണൻകുട്ടിയുടേതെന്ന് ആരോപിച്ചുള്ള ശബ്ദരേഖയും മാധ്യമങ്ങൾക്ക് നൽകി.ശബ്ദരേഖയിലുള്ള കാര്യങ്ങൾ എന്ന് നടന്നതാണെന്നും മന്ത്രി കൃഷ്ണൻകുട്ടി ആരോട് സംസാരിക്കുന്നതാണെന്നും കുഴൽനാടൻ വ്യക്തമാക്കിയില്ല. അത് തുറന്നുപറയാത്തത് എന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും മറുപടിയുണ്ടായില്ല. എൽഡിഎഫിന്റെ പ്രതികരണത്തിനുശേഷം പറയാം എന്നായിരുന്നു മറുപടി.
സർക്കാരിനെതിരെ പലതവണ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച് പരിഹാസ്യനായ കുഴൽനാടൻ, പ്രളയത്തെക്കുറിച്ച് ഹൈക്കോടതി തള്ളിക്കളഞ്ഞ ആരോപണമാണ് ‘ഞെട്ടിക്കൽ’ എന്നുപറഞ്ഞ് വീണ്ടും ഉന്നയിച്ചത്.










0 comments