എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്; വില്ലിയിൽ നിറഞ്ഞ് അഭിമാനം

സുനീഷ് ജോ
Published on Jun 04, 2025, 11:20 AM | 2 min read
തിരുവനന്തപുരം: ‘അഭിമാനവും ആഹ്ലാദവും’... മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ(എംഎസ്‌സി) ചരക്ക് കപ്പൽ ഐറിനയെ വിഴിഞ്ഞത്ത് എത്തിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ക്യാപ്‌റ്റൻ വില്ലി ആന്റണിയുടെ വാക്കുകൾ. 29 വർഷമായി മറൈൻ രംഗത്ത് പ്രവർത്തിക്കുന്നുണ്ട് തൃശൂർക്കാരനായ പുറനാട്ടുകര പാലോക്കാരൻ ഹൗസിലെ വില്ലി. ലോകത്തെ വലിയ ചരക്ക് കപ്പലിനെ സ്വന്തം നാട്ടിലേക്ക് നയിച്ചപ്പോൾ കരിയറിലെ മറക്കാത്ത അനുഭവംകൂടിയായി അതെന്ന് അദ്ദേഹം പറഞ്ഞു.
അച്ഛൻ പാലോക്കാരൻ ആന്റണി മറൈൻ സർവേയറായിരുന്നു. അതിലൂടെയാണ് കപ്പലും കപ്പൽ യാത്രയും വില്ലിയുടെ ഇഷ്ടങ്ങളായി മാറിയത്.19 വർഷമായി എംഎസ്‌സിയിലാണ്. 2023ൽ ഐറിനയുടെ ആദ്യഓട്ടത്തിൽ ക്യാപ്‌റ്റനായിരുന്നു. തുടർന്ന് രണ്ടുമാസം മുമ്പാണ് വീണ്ടും ഐറിനയിൽ എത്തിയത്. മൂന്നുപതിറ്റാണ്ടോളമാകുന്ന കപ്പൽ ജീവിതത്തിൽ നൂറ്റിരുപതോളം രാജ്യങ്ങളിൽപോയി. 14 വർഷമായി ക്യാപ്‌റ്റനാണ്.
ഭൂമിശാസ്‌ത്രപരമായ സ്ഥാനവും തുറമുഖത്തിന്റെ സ്വാഭാവികമായ ആഴവും ആണ് അന്താരാഷ്‌ട്രരംഗത്ത് വിഴിഞ്ഞത്തെ ശ്രദ്ധേയമാക്കുന്നതെന്ന് വില്ലി പറഞ്ഞു. രാജ്യത്തെ മികച്ച തുറമുഖത്തിന് എല്ലാവരും കൂടി ശ്രമിച്ചാൽ ലോകത്തിൽവച്ച് തന്നെ ഒന്നാംസ്ഥാനത്ത് എത്താനാകും. അതിനുള്ള സൗകര്യങ്ങൾ ഒരുക്കണം. കേരളത്തിലുള്ളവർക്ക് ഇതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കും. ഇതൊക്കെ വിഴിഞ്ഞം കൊണ്ടുള്ള നേട്ടമാകും. മറ്റുതുറമുഖങ്ങളിൽനിന്ന് വ്യത്യസ്‌തമായി വലിയ കപ്പലുകളും ഇവിടെ എളുപ്പത്തിൽ അടുപ്പിക്കാൻ കഴിയുന്നു–-അദ്ദേഹം പറഞ്ഞു.
ഭാര്യ ഹിൽഡയ്‌ക്കും ഒമ്പതാംക്ലാസുകാരൻ ബെൻഹെയിലുമൊപ്പം തൃശൂരിൽതന്നെയാണ് സ്ഥിരതാമസം. അമ്മ ലില്ലി. സഹോദരൻ വിക്ടറും കപ്പൽ മേഖലയുമായി ബന്ധപ്പെട്ട ബിസിനസുമായി മുംബൈയിലാണ്. സഹോദരി തൃശൂരിൽ കുടുംബസമേതം കഴിയുന്നു.
ചൊവ്വ രാത്രിയോടെയാണ് ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ എംഎസ്‌സി ഐറിന ഔട്ടർ ആങ്കറേജിലെത്തിയത്. വ്യാഴം പകൽ ബർത്തിലെത്തിയേക്കും. ആദ്യമായാണ് ഈ കപ്പൽ ഇന്ത്യൻ തുറമുഖത്ത് അടുക്കുന്നത്. 2023 ൽ നിർമിച്ച കപ്പലിന്റെ ക്യാപ്‌റ്റൻ തൃശൂർ സ്വദേശി വില്ലി ആന്റണിയാണ്. 35 ജീവനക്കാരുണ്ട്. കണ്ണൂർ സ്വദേശി അഭിനന്ദും ഇതിൽ ഉൾപ്പെടുന്നു. സിംഗപ്പുരിൽനിന്നാണ് കപ്പൽ കഴിഞ്ഞമാസം 29ന് പുറപ്പെട്ടത്. ഷെഡ്യൂൾ ചെയ്യാത്തതിനാൽ വേഗം കുറച്ചാണ് ജേഡ് സർവീസിന്റെ ഭാഗമായി എത്തിയത്.
കണ്ടെയ്‌നർ ഇറക്കിയശേഷം യൂറോപ്പിലേക്ക് തിരിക്കും. 400 മീറ്റർ നീളവും 61 മീറ്റർ വീതിയുള്ളതാണ് ഐറിന. ഈ പരമ്പരയിൽ ആറ് വലിയ കപ്പലുകളാണുള്ളത്. എംഎസ്‌സിയുടെതന്നെ തുർക്കിയ, മിഷേൽ കപ്പെല്ലിനി എന്നിവ വിഴിഞ്ഞത്ത് എത്തിയിരുന്നു. ഐറിനയിൽനിന്ന് 4000 കണ്ടെയ്‌നറുകൾ ഇറക്കുമെന്നാണ് സൂചന. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ രാജ്യത്തെ തെക്ക്, കിഴക്ക് തുറമുഖങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്‌തത് വിഴിഞ്ഞത്താണ്.









0 comments