കപ്പല്‍ അപകടം: 27 കണ്ടെയ്‌നർ കൊല്ലം തുറമുഖത്തേക്ക് മാറ്റി

കൊല്ലം: ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകളിൽ 27 എണ്ണം കൊല്ലം തുറമുഖത്തേക്ക് മാറ്റി. നാശനഷ്ടം കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കടൽഭിത്തി തകർന്നതിന്റെ വിവരങ്ങൾ ഇറിഗേഷൻ വകുപ്പ് ക്രോഡീകരിച്ച് നൽകണം. മീൻവലകളും അനുബന്ധ ഉപകരണങ്ങളും നഷ്ടമായ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ഫിഷറീസ് വകുപ്പ് സമർപ്പിക്കണം. സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടങ്ങൾ കണക്കാക്കാൻ വില്ലേജ് ഓഫീസർമാരെ ചുമതലപ്പെടുത്തി.
അപകടകരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ കണ്ടെത്താനായിട്ടില്ല. 44 കണ്ടെയ്നറാണ് കൊല്ലം, കരുനാഗപ്പള്ളി താലൂക്ക് പരിധിയിൽ അടിഞ്ഞത്. അതിൽ 28 എണ്ണം ശൂന്യമാണ്. നാല് കണ്ടെയ്‌നറുകളിലെ സാമഗ്രികൾ പരിശോധിച്ചുവരുന്നു. ബാക്കിയുള്ളവയിൽ ഗ്രീൻ ടീ, ന്യൂസ് പ്രിന്റ്, ക്രാഫ്റ്റ് പേപ്പർ, പേപ്പർ ബോർഡ് തുടങ്ങിയവയാണുള്ളത്. നിലവിൽ ഒഴുക്കുതോട്, തിരുമുല്ലവാരം, കാപ്പിൽ ബീച്ച്, നീണ്ടകര കേന്ദ്രീകരിച്ചാണ് വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ തുടരുന്നത്.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ ആപ്തമിത്ര, സിവിൽ ഡിഫൻസ് വളന്റിയർമാരണ് കണ്ടെയ്‌നറുകൾ അടിഞ്ഞ തീരം ശുചീകരിക്കുന്നത്.
മുണ്ടയ്ക്കൽ മുതൽ താന്നി വരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക് തരികൾ ഇതിനകം നീക്കി. ശക്തികുളങ്ങര ഭാഗത്തെ മറ്റ് മാലിന്യങ്ങൾ മാറ്റിവരുന്നു. തുടർ പരിശോധനയ്ക്കായി മലിനീകരണ നിയന്ത്രണ ബോർഡ് സാമ്പിൾ ശേഖരിച്ചു.
കടലിൽ എണ്ണപ്പാട കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയിട്ടില്ല. എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എംഇആർസി (മാരിടൈം എമർജൻസി റെസ്‌പോൺസ് സെന്റർ) പ്രൈവറ്റ് ലിമിറ്റഡാണ് വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ നടത്തുന്നത്.കലക്ടർ എൻ ദേവിദാസിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ യോഗംചേർന്ന് ഇതുവരെ നടന്ന പ്രവർത്തനങ്ങൾ വിലയിരുത്തി.









0 comments