കോവിഡാനന്തരം ഹെൽത്ത് സപ്ലിമെന്റ്സ് ഉപഭോഗം വർധിക്കുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ

എം ജഷീന
Published on Aug 05, 2025, 11:28 AM | 1 min read
കോഴിക്കോട്: ശരീരത്തിനുവേണ്ട പോഷകാംശങ്ങൾ നൽകുന്ന ഹെൽത്ത് സപ്ലിമെന്റ്സ് ഗുളികകളുടെ ഉപഭോഗം കോവിഡാനന്തരം സംസ്ഥാനത്ത് വർധിക്കുന്നു. പ്രതിവർഷം 10 ശതമാനം വർധനയാണ് ഇൗ ഗുളികകളുടെ വിൽപ്പനയിലുള്ളത്. ഡോക്ടർമാർ നിർദേശിക്കുന്നതിന് പുറമെ സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിലൂടെയാണ് ഉപഭോഗം. എന്നാൽ പരിശോധന നടത്താതെ മരുന്നുകൾ സ്വയം കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ ഓർമിപ്പിക്കുന്നു.
വിറ്റാമിൻ സി, ഡി, ഇ, ഒമേഗ ത്രീ ഫാറ്റി ആസിഡ് തുടങ്ങിയ വിറ്റാമിനുകളും മിനറലുകളുമാണ് വിറ്റഴിയുന്നത്. കോവിഡിനുശേഷമുണ്ടായ ചില ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി ഡോക്ടർമാർ വഴിയും നേരിട്ടും പലരും സപ്ലിമെന്റുകളെ ആശ്രയിച്ചിരുന്നു. ഇതോടൊപ്പം സമൂഹമാധ്യമ പ്രചാരണം ശക്തിപ്പെട്ടതോടെയാണ് ആവശ്യക്കാർ കൂടിയത്. വ്ലോഗർമാർ പരസ്യമായും അല്ലാതെയും സപ്ലിമെന്റുകളുടെ റീലുകളും വീഡിയോയും ചെയ്യുന്നുണ്ട്. സപ്ലിമെന്റ് ഉപഭോഗം കൂടുന്നുണ്ടെന്ന് വിപണിയിലെ കണക്കുകൾ സൂചിപ്പിക്കുന്നതായി ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ എൻ മോഹനൻ പറയുന്നു. ‘കേരളത്തിൽ ഒരുവർഷം 15,000 കോടി രൂപയുടെ മരുന്നാണ് വിറ്റഴിയുന്നത്. ഇതിൽ 500 കോടിയോളം രൂപയുടെ വിൽപ്പനയും സപ്ലിമെന്റുകളാണ്’– അദ്ദേഹം പറഞ്ഞു.
വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകളായ സി, ബി എന്നിവ മൂത്രത്തിലൂടെ പുറത്തുപോവുമെങ്കിലും സ്ഥിരമായി കഴിച്ചാൽ ഞരമ്പ് രോഗങ്ങൾ, തിമിരം തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ഡി, ഇ, കെ എന്നിവയും സ്ഥിരമാക്കിയാൽ മൂത്രക്കല്ല്, കിഡ്നിയിൽ നീര്, വിശപ്പില്ലായ്മ, ഹൃദയാഘാതം, കാഴ്ച മങ്ങൽ, പ്രോസ്റ്റേറ്റ് ക്യാൻസർ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.
ഡയറ്റാണ് പ്രധാനം, സ്വയം ചികിത്സ വേണ്ട
ഒരു സപ്ലിമെന്റും സ്വന്തം തീരുമാനത്തിൽ കഴിക്കരുത്. ഡോക്ടർ പരിശോധിച്ച് മാത്രമാണ് സപ്ലിമെന്റുകൾ എഴുതുന്നത്. അല്ലാതെ കഴിക്കേണ്ട കാര്യമില്ല. ഭക്ഷണരീതിയാണ് പ്രധാനം. ശരീരത്തിനുവേണ്ട പോഷകാംശങ്ങൾ ഭക്ഷണത്തിലൂടെയാണ് ശരീരത്തിൽ എത്തേണ്ടത്. ഒരു മാനദണ്ഡവുമില്ലാതെ സപ്ലിമെന്റുകൾ കഴിച്ചാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
– ഡോ. വി കെ ഷമീർ (അസി. പ്രൊഫ. ജനറൽ മെഡിസിൻ, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്)








0 comments