79,000 രൂപയ്ക്ക് വാങ്ങിയ ബൈക്കിന് തകരാർ, 12 വർഷത്തെ നിയമപോരാട്ടം; ഒടുവിൽ 1.43 ലക്ഷം നഷ്ടപരിഹാരം

Nilambur consumer court honda bike

അബ്ദുൾ ഹക്കീം (ഇടത്), ഉപഭോക്തൃ കോടതിവിധി (വലത്)

വെബ് ഡെസ്ക്

Published on Nov 13, 2025, 03:21 PM | 1 min read

നിലമ്പൂർ: തകരാറിലുള്ള ഹോണ്ട ബൈക്ക് മാറ്റിത്തരണമെന്ന് ആവശ‍്യപ്പെട്ടുള്ള 12 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ഉപഭോക്താവിന് കോടതിയിൽനിന്നും അനുകൂലവിധി. നിലമ്പൂർ ചന്തക്കുന്ന് സ്വദേശി പറവെട്ടി അബ്ദുൾ ഹക്കീമിന് അനുകൂലമായാണ് മലപ്പുറം ഉപഭോക്തൃ കോടതി വിധി പ്രസ്താവിച്ചത്. നഷ്ടപരിഹാരം ഉൾപ്പെടെ 1,43,714 രൂപ നൽകാനാണ് കോടതി വിധിച്ചത്.


2013ലാണ് 79,400 രൂപ നൽകി ഹക്കീം മഞ്ചേരിയിലെ ഹോണ്ടയുടെ ഷോറുമിൽനിന്നും ബൈക്ക് വാങ്ങിയത്. 72 കിലോമീറ്ററാണ് മൈലേജ് ഉറപ്പ് പറഞ്ഞിരുന്നത്. പക്ഷേ ലഭിച്ചത് 50ൽ താഴെ മൈലേജ് മാത്രം. കൂടാതെ ബൈക്കിൽ നിന്നും പ്രത‍്യേക ശബ്ദവും കേട്ടിരുന്നു. സർവീസ് ചെയ്ത് തകരാർ പരിഹരിക്കാമെന്ന് കമ്പനി അറിയിച്ചതോടെ പലതവണ ഫ്രീ സർവീസും അല്ലാതെയും ചെയ്തെങ്കിലും തകരാർ പരിഹരിച്ച് കിട്ടിയില്ല.


ഇതിനെതുടർന്ന് ബൈക്ക് മാറ്റിതരണമെന്ന് ഹക്കീം ആവശ‍്യപ്പെട്ടു. എന്നാൽ വാഹനം മാറ്റിനൽകാൻ കമ്പനി വിസമ്മതിച്ചു. ഇതോടെ ഹക്കീം മലപ്പുറം ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നഷ്ടപരിഹാരം ഉൾപ്പടെ ഒരു ലക്ഷത്തിനടുത്ത് തുക പരാതിക്കാരന് നൽകാൻ ഉപഭോക്തൃ കോടതി വിധിച്ചു. എന്നാൽ കമ്പനി അപ്പീൽ നൽകി. ഒടുവിൽ കീഴ്കോടതി വിധിശരിവെച്ച് മേൽകോടതി പരാതിക്കാരന് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു. ഹക്കീം തുക കൈപ്പറ്റി ബൈക്ക് തിരികെ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home