print edition കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് ; ആദ്യം അപേക്ഷിക്കുന്ന അർഹരായ 5 ലക്ഷം പേർക്ക്

തിരുവനന്തപുരം
തൊഴിൽ അന്വേഷിക്കുന്ന യുവജനങ്ങൾക്ക് തുണയാകാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് പദ്ധതിക്ക് മാനദണ്ഡവും മാർഗനിർദേശങ്ങളുമായി. ‘പ്രജ്വല’ എന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല എംപ്ലോയ്‌മെന്റ് ഡയറക്ടർക്കാണ്. മാസം 1000 രൂപ വീതമാണ് ധനസഹായം.
18 മുതൽ 30 വയസുവരെ പ്രായമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പ്ലസ് ടു, വിഎച്ച്‌എസ്‌ഇ, ഐടിഐ, ഡിപ്ലോമ, ഡിഗ്രി എന്നിവയിലേതെങ്കിലും വിജയിച്ചശേഷം വിവിധ നൈപുണ്യകോഴ്‌സുകളിൽ പഠിക്കുന്നവരോ ജോലിക്കുവേണ്ടിയോ മത്സര പരീക്ഷകൾക്കു വേണ്ടിയോ തയ്യാറെടുക്കുന്നവരോ ആയവർക്കാണ് അർഹത. കേരളത്തിലെ സ്ഥിര താമസക്കാരും കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തവരുമാകണം.
അർഹരായ അഞ്ചു ലക്ഷം പേർക്കാണ് സ്‌കോളർഷിപ്പ്.
അപേക്ഷിക്കുന്ന തീയതിയുടെ മുൻഗണനാക്രമത്തിൽ സ്‌കോളർഷിപ്പ് അനുവദിക്കും. ഓരോ അക്കാദമിക് തലത്തിലും എത്രവീതം സ്‌കോളർഷിപ്പ് നൽകണം എന്ന് ഓരോ വർഷവുമുള്ള അപേക്ഷകരുടെ എണ്ണമനുസരിച്ച് തീരുമാനിക്കും. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സ്‌കോളർഷിപ്പുള്ളവർക്ക് ആനുകൂല്യം ലഭിക്കില്ല.
നൈപുണ്യ പരിശീലനം, മത്സര പരീക്ഷാ പരിശീലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരാൾക്ക് ഒരു തവണ 12 മാസത്തേക്കാണ് സ്‌കോളർഷിപ്പ്. അപേക്ഷകർക്ക് സ്വന്തമായി ആധാർ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ട് ഉണ്ടാകണം. അപേക്ഷ ഓൺലൈനായി eemployment.kerala.gov.in എന്ന പോർട്ടൽവഴി സ്വീകരിക്കും.









0 comments