print edition അന്വേഷണമാവശ്യപ്പെട്ട് പൊലീസിൽ പരാതി; വയനാട്ടിലേത് സംഘടിത കൊള്ള: എൻ എസ് നുസൂർ

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പേരിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തിയത് സംഘടിതമായ കൊള്ളയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എൻ എസ് നുസൂർ. കെപിസിസി പ്രസിഡന്റ് പറഞ്ഞ കണക്ക് വിശ്വസിക്കാവുന്നതല്ല.
ഫണ്ട് പിരിവിന് ഉണ്ടാക്കിയ ആപ്പിൽ പ്രധാന അക്കൗണ്ടുകൾക്കുപുറമേ മറ്റു അക്കൗണ്ടുകളും ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം. ഇക്കാര്യം അന്വേഷിക്കാനാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മണ്ഡലമാണ് വയനാട് എന്നതിനാൽ അവിടെയുണ്ടായ ദുരന്തത്തിൽ ദേശീയാടിസ്ഥാനത്തിൽ കോൺഗ്രസിന് സംഭാവന ലഭിച്ചിട്ടുണ്ട്. മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന വി എസ് ജോയി, ആ ജില്ലയിൽനിന്ന് മൂന്നുപേരിൽനിന്നുമാത്രം 55 ലക്ഷം രൂപ ലഭിച്ചതായി ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്.
ആപ്പിലൂടെയല്ലാതെ നേരിട്ടും പണം വന്നിട്ടുണ്ട്. എന്നിട്ടും 5.38 കോടി മാത്രമാണ് കിട്ടിയതെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. പ്രളയകാലത്തെ പിരിവും 137 രൂപ ചലഞ്ച്, 138 രൂപ ചലഞ്ച് എന്നിവയും കണക്കിലില്ല.
യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്കായി വിദേശഘടകങ്ങൾ ഏഴു കോടിയോളം രൂപ ഷാഫി പറമ്പിൽ പ്രസിഡന്റായിരുന്നപ്പോൾ നൽകിയിരുന്നു. ആ കണക്ക് സംസ്ഥാന കമ്മിറ്റിയിൽ വന്നില്ല. പിരിച്ചിട്ടില്ല എന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്തുവിടാം. ഇൗ പണമൊക്കെ എന്തുചെയ്‌തു എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണം– നുസൂർ ആവശ്യപ്പെട്ടു.
മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചത് 9 പരാതി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പുറത്താക്കിയത് വിഷമത്തോടെയാണെന്ന വി ഡി സതീശന്റെ പ്രസ്‌താവന മോശമായിപ്പോയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എൻ എസ് നുസൂർ പറഞ്ഞു. രാഹുൽ മാങ്കുട്ടത്തിലിനെതിരായ ഒമ്പത് പരാതികൾ കൈയിൽവച്ചാണ് സതീശൻ ഇത് പറയുന്നത്.
മാങ്കൂട്ടത്തിലാണ് കോൺഗ്രസിന്റെ സൈബർ വിഭാഗം ഇപ്പോഴും കൈകാര്യം ചെയ്യുന്നത്. അതുപയോഗിച്ച് വനിതാ നേതാക്കളെ ഉൾപ്പെടെ വെട്ടുകിളികൾ ആക്രമിക്കുകയാണ്. രാഹുലിനെതിരായ ഒരു പരാതി സതീശൻ പറഞ്ഞുതീർത്തു. മൂന്നു പരാതികൾ മാത്രമാണ് പുറത്തുവന്നതെന്നും നുസൂർ പറഞ്ഞു.










0 comments