ad
Deshabhimani

100 കോടിക്ക് മുകളിലെങ്കിലും പിരിച്ചു; ആ പണമൊക്കെ എവിടെ? കോൺ​ഗ്രസിനോട് എം വി ​ഗോവിന്ദൻ

M V Govindan NEW

എം വി ​ഗോവിന്ദൻ

വെബ് ഡെസ്ക്

Published on Apr 05, 2026, 05:26 PM | 2 min read

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കെന്ന പേരിൽ പണം പിരിച്ച് വലിയ തട്ടിപ്പാണ് കോൺ​ഗ്രസ് നടത്തിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. ഫണ്ട് പിരിവ് സംബന്ധിച്ച് കോൺ​ഗ്രസ് ഇപ്പോഴും പല ചോദ്യങ്ങൾക്കും ഉത്തരം നൽകിയിട്ടില്ല. യുഡിഎഫിന്റെ കാര്യക്ഷമത വിലയിരുത്തുന്ന ജനങ്ങൾ തെരഞ്ഞെടുപ്പിൽ കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പിരിവ് നടത്തി, ഒന്നരക്കൊല്ലം കഴിഞ്ഞശേഷം പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞത് വീട് പണി പൂർത്തിയായശേഷം ജനങ്ങളോട് കണക്ക് പറയുമെന്നാണ്. വീട് പണി നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ‌ ഇന്നേവരെ ഒരു പണിയും ആരംഭിച്ചിട്ടില്ല. അഞ്ച് കോടി രൂപ മുടക്കി ഭൂമി വാങ്ങി എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പിന്നീട് പറഞ്ഞു. എന്നാൽ 3.2 കോടി രൂപ മാത്രമാണ് ചെലവാക്കിയതെന്ന് രേഖകൾ സഹിയം പിന്നീട് പുറത്തുവന്നു. ആധാരം ചെയ്തുകഴിഞ്ഞിട്ടില്ലെന്നും പിരിച്ചതിൽ കൂടുതൽ ചെലവായെന്നും പിന്നീട് സണ്ണി ജോസഫ് തിരുത്തി പറഞ്ഞു. വാങ്ങിയ സ്ഥലത്തിന് 93 ലക്ഷം രൂപ കെപിസിസി ഫണ്ടിൽനിന്നും കൊടുക്കേണ്ടി വന്നുവെന്നും 73 ലക്ഷം രൂപ കൂടി ഇനിയും വേണ്ടി വരുമെന്നുമാണ് ഇപ്പോൾ പറയുന്നത്. യൂത്ത് കോൺ​ഗ്രസ് നൽകിയെന്ന് പറയുന്ന 1.5 കോടി രൂപയും ഇതിന്റെ ഒപ്പമാണെന്നാണ് കോൺ​ഗ്രസ് വാദിക്കുന്നത്.


കേരളത്തിന്റെ അകത്തും പുറത്തും അനവധിപേരിൽനിന്നാണ് കോൺ​ഗ്രസ് പണം പിരിച്ചത്. കോൺ​ഗ്രസിന്റെ അധ്യാപക സംഘടന മാത്രം ഒരുകോടി രൂപ നൽകിയെന്ന വാർത്ത പുറത്തുവന്നതാണ്. എംപിമാരുടെയും എംഎൽഎമാരുടെയും വിവിധ സംസ്ഥാനങ്ങളിൽനിന്ന് ലഭിച്ചതുമായ ഫണ്ടുകൾ വേറെയുണ്ട്. ഇതിന് പുറമെയാണ് ആപ്പ് വഴി ശേഖരിച്ച ഫണ്ട്. 100 കോടിക്ക് മുകളിൽ കോൺ​ഗ്രസ് പിരിച്ചെന്നാണ് പറയപ്പെടുന്നത്. ഈ പണമൊക്കെ എവിടെപ്പോയി? ഒരുരൂപ പോലും കയ്യിലില്ലെന്ന് പറയുന്ന കോൺ​ഗ്രസ് എങ്ങനെയാണ് 230 വീടുകൾ നിർമിക്കുന്നത്?


ഡിവൈഎഫ്ഐ പ്രവർത്തകർ വിവിധ ജോലിചെയ്തും ആക്രിപെറുക്കിയും സമാഹരിച്ച് 20 കോടി രൂപയാണ് സർക്കാരിലേക്ക് നൽകിയത്. എന്നാൽ, ഇങ്ങനെ സർക്കാരിലേക്ക് ഫണ്ട് നൽകുന്നതിൽനിന്ന് സർവീസ് സംഘടനകളെ ഉൾപ്പെടെ കോൺ​ഗ്രസ് വിലക്കി.


കോൺ​ഗ്രസുകാർ വീട് നിർമിച്ച് നൽകുമെന്ന് വിശ്വസിച്ച ദുരന്തബാധിതർ സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് വെക്കുകയും പകരം പണം വാങ്ങുകയും ചെയ്തിരുന്നു. ഉരുൾപൊട്ടലിൽ കുടുംബാം​ഗങ്ങളെയും തുടർന്നുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുതവരനെയും നഷ്ടപ്പെട്ട ശ്രുതിയും കോൺ​ഗ്രസിന്റെ വാ​ഗ്ദാനം വിശ്വസിച്ചു. എന്നാൽ‌ താൻ വാങ്ങിയ 15 ലക്ഷം രൂപ തിരിച്ചുനൽകാമെന്നും ടൗൺഷിപ്പിൽ വീട് അനുവ​ദിക്കണമെന്നും ശ്രുതി കലക്ടർക്ക് അപേക്ഷനൽകിയതായി വാർത്തകൾ വന്നു. ഇത്തരത്തിൽ ദുരന്തബാധിതരിൽ പലരെയും കോൺ​ഗ്രസ് കബളിപ്പിച്ചുവെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.


ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വലിയ ആവേശത്തോടെയാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ 10 വർഷക്കാലം സർക്കാർ നടപ്പിലാക്കിയ വികസനത്തിന്റെ കരുത്തിലാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കേരളത്തിൽ എൽഡിഎഫ് വൻ വിജയം നേടുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home