ad
Deshabhimani

print edition വയനാട്‌ പിരിവിന്റെ കണക്കെവിടെ കോൺഗ്രസേ?

UDF
വെബ് ഡെസ്ക്

Published on Mar 28, 2026, 03:33 AM | 2 min read

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി പിരിച്ച പണമെവിടെ എന്ന ചോദ്യം വീണ്ടുമുയരുമ്പോഴും മറുപടി പറയാതെ കോൺഗ്രസ്‌ നേതൃത്വം. ദുരന്തമുണ്ടായി ഒന്നര വർഷം കഴിഞ്ഞിട്ടും ഒരു വീടുപോലും നിർമിച്ചില്ലെന്നു മാത്രമല്ല, പിരിച്ചതിന്റെ കണക്കുമില്ല, പണവുമില്ല. എത്ര തുക പിരിച്ചു, ഏത്‌ ബാങ്കിലിട്ടു എന്ന്‌ തുറന്നുപറയണമെന്നും അല്ലെങ്കിൽ ആ പണവും കൊള്ളയടിച്ചു എന്നാണർഥം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമർശത്തിനും പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർക്ക്‌ മറുപടിയില്ല.


വയനാട്‌ ഫണ്ടിന്റെ കണക്ക്‌ ചോദിക്കുമ്പോൾ ഒഴിഞ്ഞുമാറുകയാണ്‌ കോൺഗ്രസ്‌. 30 വീട്‌ നിർമിക്കാൻ യൂത്ത്‌ കോൺഗ്രസ്‌ പിരിച്ച പണത്തിനും കണക്കും രേഖയുമില്ല. സർക്കാരിന്റെ വീട്‌ കൈമാറുംമുമ്പ്‌ തങ്ങൾ വീട്‌ നിർമിച്ച്‌ കൈമാറുമെന്നായിരുന്നു യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഒ ജെ ജനീഷ്‌ പറഞ്ഞത്‌. സ്ഥലമേറ്റെടുത്ത്‌ 10 ദിവസത്തിനകം വീട്‌ നിർമാണം തുടങ്ങുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി കല്ലിട്ടുപോയിട്ട്‌ മാസമൊന്നായിട്ടും നിർമാണം തുടങ്ങിയില്ല. പിരിച്ചതിന്റെ കണക്കും അതിനായി തയ്യാറാക്കിയ ആപ്പുമില്ല. പണം ബാങ്കിലുണ്ട്‌ എന്ന്‌ ഒരുവർഷമായി പറയുന്നതല്ലാതെ എത്ര പരിച്ചെന്നോ ഏതു ബാങ്കെന്നോ പറയുന്നുമില്ല. വാർത്താസമ്മേളനങ്ങളിൽ ഉയരുന്ന ചോദ്യത്തിനും മറുപടിയില്ല.


പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്ക‍ൗണ്ടിൽ പണമുണ്ടെന്നാണ്‌ സതീശൻ ഒരിക്കൽ തട്ടിവിട്ടത്‌. എന്നാൽ നാമനിർദേശ പത്രികയുടെ കൂടെ സതീശനും സണ്ണി ജോസഫും നൽകിയ സത്യവാങ്‌മൂലത്തിൽ ഇത്തരമൊരു അക്ക‍ൗണ്ട്‌ സംബന്ധിച്ച്‌ വിവരവുമില്ല.വയനാടിനെക്കുറിച്ച്‌ ചോദ്യമുയരുമ്പോഴേ നേതാക്കൾ അതിൽനിന്ന്‌ മാറും. ഉരുൾപൊട്ടലിനിരയായവരുടെ ഉറ്റവരുടെ കണ്ണീര്‌ വിറ്റ്‌ കാശാക്കിയെന്ന വിമർശനമാണ്‌ ഉയരുന്നത്‌.


ദുരുപയോഗം 
ഗ‍ൗരവതരം


ദുരന്തബാധിതരെ സഹായിക്കാനെന്ന് പറഞ്ഞ്‌ പിരിച്ച പണം ദുരുപയോഗിക്കുന്നത്‌ ഗ‍ൗരവമായി കാണണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്തരം കാര്യങ്ങളിൽ എന്ത് നിലപാട്‌ സ്വീകരിക്കണം എന്നത്‌ ഭാവികേരളം തീരുമാനിക്കണമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. വയനാട്‌ ദുരന്തത്തെ തുടർന്ന്‌ കോൺഗ്രസ്‌ പിരിച്ച പണവുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ വിവാദങ്ങൾ ഉയർന്നിട്ടുണ്ട്‌. അതിനൊന്നും കൃത്യമായ വിശദീകരണം നൽകാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറായിട്ടില്ല.


അത്‌ അവർ തീരുമാനിക്കേണ്ട കാര്യമാണെങ്കിലും പൊതുപ്രശ്‌നം കൂടിയാണ്‌. വയനാട്‌ പുനരധിവാസ വിഷയത്തിൽ പ്രതിപക്ഷ നേതാവുമായും ഉപനേതാവുമായും സർക്കാർ ചർച്ച നടത്തിയതാണ്‌. ഒരുഘട്ടത്തിൽ ആദ്യം മുസ്ലിം ലീഗും പിന്നീട്‌ കോൺഗ്രസും പിൻമാറി. എന്നാൽ വീട്‌ വാഗ്‌ദാനം ചെയ്‌തവർ പണം തരാത്തതുകൊണ്ട്‌ വീടുകൾ പൂർത്തിയാക്കാതിരിക്കാനാവില്ലെന്ന നിലപാടാണ്‌ സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home