ഡിജിറ്റൽ ചെയർമാൻ ഉണ്ടോ, ഇല്ലയോ ? കോൺഗ്രസിൽ സർവത്ര ആശയക്കുഴപ്പം

vt balaram
avatar
പ്രത്യേക ലേഖകൻ

Published on Sep 09, 2025, 12:01 AM | 1 min read

തിരുവനന്തപുരം : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്‍മാനെ ചൊല്ലി കോൺഗ്രസിൽ സർവത്ര ആശയക്കുഴപ്പം. ഡിജിറ്റൽ മീഡിയ ടീം കോൺഗ്രസിനായി പ്രവർത്തിക്കുന്നതായി അറിയില്ലെന്നാണ്‌ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞത്‌. എന്നാൽ, പ്രതിപക്ഷ നേതാവ്‌ പറഞ്ഞതല്ല വസ്തുതയെന്ന്‌ വ്യക്തമാക്കി വി ടി ബൽറാമും കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫും രംഗത്തുവന്നു.

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്‍മാൻ ഇപ്പോഴും വി ടി ബല്‍റാം തന്നെയെന്ന് വ്യക്തത വരുത്തി കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് പ്രസ്താവനയിറക്കി. വിവാദമായ "ബീഡി' പോസ്റ്റിന്റെപേരിൽ വി ടി ബല്‍റാം രാജിവെക്കുകയോ പാര്‍ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ അജൻഡയിലുണ്ടെന്നും സണ്ണി ജോസഫ്‌ പറഞ്ഞു.

ചുമതലകളൊന്നും ഒഴിഞ്ഞിട്ടില്ലെന്നും വിവാദ എക്‌സ്‌ പോസ്‌റ്റ്‌ താൻ അല്ല തയ്യാറാക്കിയതെന്നും ചൂണ്ടിക്കാട്ടി ബൽറാം ഫേസ്‌ബുക്കിൽ കുറിപ്പിട്ടു.


എക്സിൽ പോസ്റ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പ്രൊഫഷണലുകളാണ്. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ തയ്യാറാക്കാനാണ്‌ തനിക്ക്‌ ചുമതല. ബിഹാർ പോസ്‌റ്റ്‌ കണ്ടയുടൻ നീക്കാൻ ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്ത്‌ അത്‌ തന്റെ തലയിലിട്ടു. സമൂഹമാധ്യമങ്ങളുടെ ചുമതല തനിക്കുതന്നെയാണെന്നും വി ടി ബൽറാം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home