'കൈ' വിട്ട കോൺഗ്രസ് ! 140 മണ്ഡലങ്ങളോ 140 മുഖ്യമന്ത്രി കസേരകളോ ? ഖദറിനുള്ളിലെ കസേരകളി

AI പ്രതീകാത്മക ചിത്രം / Gemini

ശ്രുതി ലേഖ ശിവശങ്കര്‍
Published on Apr 29, 2026, 01:50 PM | 3 min read
കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് അധികാരം കിട്ടിയാൽ ( സാങ്കല്‍പ്പികമായോ സ്വപ്നത്തിലോ) ആര് മുഖ്യമന്ത്രിയാകും? ഈ ചോദ്യത്തിന് ഉത്തരം തേടി ആരും എങ്ങും പോകണ്ട. പകരം, കേരളത്തിലെ തെരുവോരങ്ങളിലേക്ക് ഒന്ന് നോക്കിയാൽ മാത്രം മതി. അവിടെ മതിലുകൾക്ക് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ അവ ചെന്നിത്തലയെന്നും കെസിയെന്നും സതീശനെന്നുമെല്ലാം എന്നും ആക്രോശിക്കുമായിരുന്നു. വോട്ടെണ്ണുന്നതിന് മുൻപേ സത്യപ്രതിജ്ഞയ്ക്ക് കോട്ടുതുന്നി കാത്തിരിക്കുന്ന ഖദർധാരികളുടെ എണ്ണം കണ്ട് അമ്പരന്നു നിൽക്കുകയാണ് പാവം അണികൾ.
മതിലുകളിൽ വാഴുന്ന 'ഭാവി' മുഖ്യമന്ത്രിമാർ
കവലകൾ തോറും പോസ്റ്ററുകളുടെ പൂരമാണ്. ഒരാൾക്ക് 'ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്' എന്ന വിശേഷണമെങ്കിൽ മറ്റൊരാൾക്ക് 'കേരളത്തിന്റെ രക്ഷകൻ' എന്ന ലേബൽ. പോസ്റ്റർ ഒട്ടിക്കാൻ പശ തേക്കുന്നവൻ മുതൽ ചിത്രം വരയ്ക്കുന്നവൻ വരെ സ്വന്തം നേതാവിനെ മുഖ്യമന്ത്രിയാക്കാൻ വട്ടമിട്ടു പറക്കുകയാണെന്ന സത്യം ഞെട്ടലോടെയാണെങ്കിലും നമ്മൾ തിരിച്ചറിഞ്ഞിരിക്കുകയാണ്.
ഗ്രൂപ്പുകൾ തമ്മിലുള്ള പോരൊക്കെ ഇപ്പോൾ അടുത്ത തലങ്ങളിലേക്ക് മാറിക്കഴിഞ്ഞു. ഇനി വോട്ടെണ്ണുന്ന ദിവസം സത്യപ്രതിജ്ഞാ ചടങ്ങിന് ഏത് നിറത്തിലുള്ള കോട്ട് ധരിക്കണം എന്ന കാര്യത്തിൽ മാത്രം നേതാക്കൾ തീരുമാനമെടുത്താൽ മതി എന്ന അവസ്ഥയാണ് ഇപ്പോൾ കോൺഗ്രസ്സിലുള്ളത്.
ഡൽഹിയിലേക്കുള്ള വഴിയിൽ 'പാര'കളുടെ ഘോഷയാത്ര
കേരളത്തിലങ്ങോളമിങ്ങോളം പോസ്റ്റർ യുദ്ധം മുറുകുമ്പോൾ, ഹൈക്കമാൻഡിനെ കണ്ട് കാലുപിടിക്കാനുള്ള ടിക്കറ്റ് ബുക്കിംഗ് തിരക്കിലാണ് മറ്റു ചിലർ. "ഹൈക്കമാൻഡ് തീരുമാനിക്കട്ടെ" എന്ന് ക്യാമറയ്ക്ക് മുന്നിൽ പല്ലിളിച്ചു പറയുന്ന നേതാവ് തന്നെയായിരിക്കും പിന്നാമ്പുറത്ത് അക്കൗണ്ടന്റ്മാരെ വെച്ച് ഭൂരിപക്ഷം കണക്കുകൂട്ടുന്നത് എന്നത് മറ്റൊരു വസ്തുത.
പരസ്പരം കാലുവാരിയും പാരവെച്ചും ശീലിച്ച ഇവർക്ക്, സ്വന്തം പാർട്ടി ജയിക്കുന്നതിനേക്കാൾ വലിയ കാര്യം മറ്റേവൻ തോൽക്കുന്നതാണ്. മുഖ്യമന്ത്രിപ്പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നടക്കുന്ന ഈ തമ്മിലടി കണ്ടാൽ തോന്നും കേരളത്തിൽ ആകെയുള്ളത് 140 മണ്ഡലങ്ങളല്ല, പകരം 140 മുഖ്യമന്ത്രി കസേരകളാണെന്ന്.
അണികൾ വെയിലത്ത്, നേതാക്കൾ എസി മുറികളിൽ
പാവം അണികൾ വെയിലത്ത് പോസ്റ്റർ ഒട്ടിക്കുമ്പോൾ, നേതാക്കൾ എയർ കണ്ടീഷൻഡ് മുറികളിലിരുന്ന് വകുപ്പുകൾ വിഭജിക്കുകയാണ്. ജനം വോട്ട് ചെയ്തോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം. ആദ്യം വേണ്ടത് തങ്ങളുടെ ഗ്രൂപ്പിന് ഒരു കസേര ഉറപ്പിക്കുക എന്നതാണ്. കോൺഗ്രസിന്റെ ഈ 'മുഖ്യമന്ത്രി പ്രഹസനം' കണ്ടുനിൽക്കുകയാണ് ഓരോ മലയാളിയും.
ഈ പരസ്യമായ പടലപ്പിണക്കം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ കോൺഗ്രസിനെ വീണ്ടും ഒരു തമാശയാക്കി മാറ്റിയിരിക്കുകയാണ്. വികസനത്തെക്കുറിച്ചോ ജനക്ഷേമത്തെക്കുറിച്ചോ സംസാരിക്കാൻ നേരമില്ലാത്തവർക്ക് അധികാരം പങ്കിട്ടെടുക്കാൻ വലിയ ആവേശമാണ്. ജനവിധി എന്താകുമെന്ന് ഒരു നിശ്ചയവുമില്ലെങ്കിലും, അധികാരം പങ്കിടുന്ന തർക്കം പോസ്റ്റർ യുദ്ധമായും ഗ്രൂപ്പ് വൈരാഗ്യമായും പടർന്ന് കയറുന്നുണ്ട്.
സണ്ണി ജോസഫിനെ വിറപ്പിച്ച് ‘സതീശനും പിള്ളേരും’
"മുഖ്യമന്ത്രി ചർച്ചകൾ പാടില്ല" എന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ കർശന നിർദ്ദേശത്തിന് പുല്ലുവിലയാണ് നേതാക്കന്മാരുടെ അനുകൂലികൾ നൽകുന്നത്. അധ്യക്ഷൻ്റെ വിലക്കിന് തൊട്ടുപിന്നാലെ കോഴിക്കോട് നഗരത്തിൽ സതീശനെ 'മലയാളക്കരയുടെ നായകൻ' എന്ന് വിശേഷിപ്പിച്ച് ഫ്ലക്സുകൾ ഉയർന്നത് ഇതിൻ്റെ തെളിവാണ്. ഹൈക്കമാൻഡിൻ്റെയും കെപിസിസിയുടെയും നിയന്ത്രണം പാർട്ടിക്കുമേൽ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് സതീശൻ്റെ ഈ പരസ്യമായ അധികാര വെല്ലുവിളി. കോടിക്കണക്കിന് രൂപ ഒഴുക്കി നടത്തുന്ന പി ആർ ഏജൻസികളുടെ സഹായത്തോടെ സ്വയം പ്രതിച്ഛായ നിർമ്മിക്കാനാണ് പ്രതിപക്ഷ നേതാവിൻ്റെ ശ്രമമെന്ന് പാർട്ടിക്കുള്ളിൽ തന്നെ ആക്ഷേപം ശക്തമാണ്.
മറ്റൊരു യൂണിവേഴ്സിൽ 'ചെന്നിത്തലയും കൂട്ടരും'
എറണാകുളത്ത് രമേശ് ചെന്നിത്തലയെ അനുകൂലിച്ചും സതീശനെ പരോക്ഷമായി വിമർശിച്ചും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കോഴിക്കോട്ടെ പുതിയ നീക്കം. സ്വന്തം പാർട്ടിയിലെ സഹപ്രവർത്തകനെ എങ്ങനെ വെട്ടിനിരത്താം എന്നതിലാണ് നേതാക്കളുടെ ശ്രദ്ധ മുഴുവൻ. കഴിഞ്ഞ ദിവസം 'ഞാനാണ് ഇതിനെല്ലാം യോഗ്യൻ' എന്ന് വിളിച്ചുപറയാൻ ചെന്നിത്തല ലക്ഷങ്ങൾ പൊടിച്ച് ഇംഗ്ലീഷ് പത്രത്തിൽ ഫുൾ പേജ് പരസ്യം നൽകി സ്വയം പുകഴ്ത്തിയത്. 'ലോങ് മാർച്ച് ഓഫ് എ കോൺഗ്രസ് മാൻ' എന്ന തലക്കെട്ടിലാണ് ഈ ആത്മപ്രശംസ അച്ചടിച്ചു വന്നത്. എന്നാൽ അത് സോഷ്യൽമീഡിയയിൽ വൻ ട്രോളായി മാറിയതോടെ ചെന്നിത്തല പ്ലേറ്റ് മറിച്ചു. 'ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടിൽ ഇതെല്ലാം ഡി സി സി ജനറൽ സെക്രട്ടറി എ പ്രിജിൻ ബാബുവിന്റെ തലയിൽ കെട്ടിവെച്ച് ചെന്നിത്തല നൈസായി ഒഴിഞ്ഞുമാറുകയും ചെയ്തു.
കഴിഞ്ഞ ദിവസം എറണാകുളത്ത് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഉയർന്ന പോസ്റ്ററുകളിൽ സതീശനെതിരെയുള്ള ഒളിയമ്പുകളായിരുന്നു നിറഞ്ഞത്. ഇതിനുള്ള മറുപടിയാണ് കോഴിക്കോട്ടെ പുതിയ ഫ്ലക്സുകൾ. ചെന്നിത്തലയും സതീശനും നേർക്കുനേർ നിൽക്കുമ്പോൾ മറുവശത്ത് ഡൽഹിയിലിരുന്ന് കരുനീക്കങ്ങൾ നടത്തുകയാണ് കെ.സി വേണുഗോപാൽ. തൻ്റെ വിശ്വസ്തരെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തിൽ പിടിമുറുക്കാൻ വേണുഗോപാൽ നടത്തുന്ന നീക്കങ്ങൾ ചെന്നിത്തല-സതീശൻ പക്ഷങ്ങളെ ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ട്.
ഭക്തിയുടെ വഴിയേ 'കെ സി വിഭാഗം'
കേരളത്തിൽ മുഴുവൻ നേതാക്കന്മാർ സാങ്കൽപ്പിക മുഖ്യമന്ത്രി കസേരകൾക്കായി പോസ്റ്റർ അടിച്ചിറക്കിയപ്പോൾ കെ സി വേണുഗോപാലിനായി ക്ഷേത്രത്തില്‍ തുലാഭാരം നേരുകയാണ് ഒരു വിഭാഗം. കെ സി മുഖ്യമന്ത്രിയാകാൻ യൂത്ത്കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റെ സി എം അനിൽ കുമാർ ആണ് തൃശൂരിലെ ഒരു ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം നേർന്നത്.
യൂത്തന്മാര്‍ക്ക് ഇതൊരു സുവര്‍ണാവസരം
കേരളത്തിലെ പുതിയ തലമുറയിലുള്ള അണികൾക്ക് ഗ്രൂപ്പ് പോരുകൾ അത്ര സുപരിചിതമല്ല. കാരണം, കഴിഞ്ഞ പത്ത് വർഷമായി കോൺഗ്രസ് പ്രതിപക്ഷ സ്ഥാനത്താണ് ഇരിക്കുന്നത്. ഉമ്മൻചാണ്ടി, കരുണാകരൻ തുടങ്ങിയ നേതാക്കളുടെ ഗ്രൂപ്പ് പോര് കാണാനും അനുഭവിക്കാനും പുതിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴാണ് അവർക്ക് അതിനൊരു അവസരം ലഭിക്കുന്നത്. പൊതു മധ്യത്തിൽ മുണ്ട് വലിച്ചൂരിയതും ബാത്ത്റൂമിലെ ബക്കറ്റിന്റെ നിറം അറിയാമല്ലോ എന്ന് പറഞ്ഞുള്ള അധിക്ഷേപവും ഒന്നും പുതിയ അണികൾ കേട്ടിട്ടുകൂടിയുണ്ടാകില്ല. അത്തരത്തിലുള്ളവർക്ക് ഇപ്പോൾ നടക്കുന്ന തർക്കങ്ങൾ പുതുമയുള്ളതായിരിക്കും. കോൺഗ്രസ് = ഗ്രൂപ്പ് പോര് എന്ന് സമവാക്യം പോലും അണികൾക്കും നേതാക്കൾക്കും അഭിമാനമാണ്. ആ അഭിമാനം കെസിയും സതീശനും ചെന്നിത്തലയും കാത്തുസൂക്ഷിക്കുന്നുണ്ട് എന്നതാണ് ഒരു ആശ്വാസം.
ഇനി കോണ്‍ഗ്രസ്സിന്‍റെ ഭാവിയെന്ത് ?
ജനകീയ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടി, ഗ്രൂപ്പ് പോരിൻ്റെയും പി.ആർ സ്റ്റണ്ടിൻ്റെയും പുറകെ പോകുന്ന കോൺഗ്രസ് നേതൃത്വം കേരളത്തിന് അപമാനമാണ്. താഴെത്തട്ടിലുള്ള പ്രവർത്തകർ വിയർപ്പൊഴുക്കുമ്പോൾ, മുകളിൽ ഇരിക്കുന്നവർ അത് സ്വന്തം അധികാരം ഉറപ്പിക്കാനുള്ള ചവിട്ടുപടിയായി മാറ്റുകയാണ്. കെ. മുരളീധരനെപ്പോലുള്ള മുതിർന്ന നേതാക്കൾ തന്നെ ഈ പ്രവണതയെ പരിഹസിച്ച് രംഗത്തെത്തിയത് കോൺഗ്രസിൻ്റെ ദയനീയാവസ്ഥയാണ് തുറന്നുകാട്ടുന്നത്. ഈ 'സാങ്കൽപ്പിക മുഖ്യമന്ത്രി' പോര് കോൺഗ്രസിൻ്റെ തകർച്ചയ്ക്ക് വേഗത കൂട്ടുമെന്നതിൽ തർക്കമില്ല.











0 comments