കേരളത്തോട് പകപോക്കുന്ന കേന്ദ്രത്തിന് കോൺഗ്രസ് പിന്തുണ നൽകുന്നു: മുഖ്യമന്ത്രി

കേരളത്തിനെതിരായ കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധത്തിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടക്കുന്ന സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: എ ആർ അരുൺ രാജ്
തിരുവനന്തപുരം: കേരളത്തോട് പകപോക്കുന്ന രീതിയിലാണ് കേന്ദ്രസർക്കാർ പെരുമാറുന്നതെന്നും ഇതിന് പിന്തുണ നൽകുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് അധികാരത്തിലിരിക്കുമ്പോൾ നാട് മുന്നോട്ട് പോകാൻ പാടില്ലെന്ന ഹീനബുദ്ധി മനസിൽ വെച്ചുക്കൊണ്ടുള്ള സമീപനമാണ് ഇവർ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടക്കുന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭമാണ് നടക്കുന്നത്. ഈ നാടിനെ തകർക്കരുത്, നാടിന് അർഹതപ്പെട്ടത് നിഷേധിക്കരുത് എന്നാണ് കേരളം ആവശ്യപ്പെടുന്നത്. അനർഹമായ ഒന്നും കേരളം ആവശ്യപ്പെടുന്നില്ല. കേരളത്തോട് താൽപര്യമുള്ള എല്ലാവരും ഈ അവഗണനയ്ക്കെതിരെ ഒന്നിച്ചു ശബ്ദമുയർത്തണം. നിർഭാഗ്യവശാൽ കേരളത്തിലെ ചില വിഭാഗങ്ങൾ ഇതിന് തയ്യാറാവുന്നില്ല. ബിജെപിയും കോൺഗ്രസും കേരളത്തോടുള്ള കേന്ദ്രത്തിന്റെ പകപോക്കലിന് കൂടെ നിൽക്കുകയാണ്. അത്യന്തം നിർഭാഗ്യകരമായ നിലപാടാണിത്. ഇതോടെയാണ് ഇത്തരമൊരു പോരാട്ടത്തിലേക്ക് കടക്കേണ്ടിവന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് സത്യഗ്രഹ സമരം നടക്കുന്നത്. മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും സമരത്തിൽ അണിനിരന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുമ്പ് ഡൽഹിയിൽ നടത്തിയ സമരത്തിന്റെ തുടർച്ചയാണ് സമരം.










0 comments