ബിജെപിയും എസ്ഡിപിഐയും സഖ്യകക്ഷികൾ ആകുന്നതിൽ കോൺഗ്രസിന് യാതൊരു ചാഞ്ചല്യവുമില്ല: കെ വി അബ്ദുൾഖാദർ

കെ വി അബ്ദുൾഖാദർ
തൃശൂർ: അധികാരക്കൊതിമൂത്ത കോൺഗ്രസിന് ബിജെപി ഉയർത്തുന്ന ഭൂരിപക്ഷവർഗീയ ഭീഷണിയോ, എസ്ഡിപിഐയുടെ ന്യൂനപക്ഷ തീവ്രവാദ രാഷ്ട്രീയമോ ബാധകമേ ആകുന്നില്ലെന്ന് സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ പറഞ്ഞു. . തൃശൂർ ജില്ലയിലെ മറ്റത്തൂരും പാറളവും ചൊവ്വന്നൂരും ഇത് അടിവരയിടുകയാണെന്നും അബ്ദുൾഖാദർ പ്രതികരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വർഗീയ ബാന്ധവം മറനീക്കി പുറത്തുവന്നു. മറ്റത്തൂരിൽ എട്ട് കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം ബിജെപിയുമായി കൈകോർത്താണ് ഭരണം നേടിയത്. തങ്ങൾ കോൺഗ്രസിൽ നിന്ന് രാജിവച്ചു എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പാണ്. കോൺഗ്രസിന്റെത് മതനിരപേക്ഷ രാഷ്ട്രീയമായിരുന്നെങ്കിൽ ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഒന്നടങ്കം ബിജെപി പാളയത്തിലേക്ക് പോകുമായിരുന്നില്ല. യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ അവർ കോ- ബി അവിശുദ്ധ മുന്നണി ആയിരിക്കുന്നു.
പാറളത്ത് ഒരു കോൺഗ്രസ് അംഗം ബോധപൂർവം വോട്ട് അസാധുവാക്കി ബിജെപിക്ക് വഴിയൊരുക്കി. ചൊവ്വന്നൂരിൽ എസ്ഡിപിഐയുടെ രണ്ട് വോട്ടുകൾ നേടി കോൺഗ്രസ് പഞ്ചായത്ത് ഭരണം നേടി. ഇവിടെയും കോൺഗ്രസിന് വിമ്മിഷ്ടമൊന്നുമില്ല. സ്വാഭാവികമായ സഖ്യകക്ഷിയുടെ വോട്ട് എന്ന നിലപാടാണ് കോൺഗ്രസ് നേതാക്കളുടേത്.
ബിജെപിയും എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയും എല്ലാമായി ചങ്ങാത്തമുണ്ടാക്കി കേരളത്തിലെ പുരോഗമനധാരയെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മനുഷ്യരുടെ ഐക്യവും സാഹോദര്യവും ഉയർത്തിപിടിക്കുന്ന ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തെ അട്ടിമറിക്കാൻ ഈ പ്രതിലോമ ശക്തികളെ അനുവദിക്കരുതെന്നും കെ വി അബ്ദുൾഖാദർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.










0 comments