print edition ഐ സി ബാലകൃഷ്‌ണന്റെ കടുംവെട്ട്; കൊടുംവഞ്ചനയിലും കോൺഗ്രസിന് മൗനം

സിജോ ചാക്കോ
കൽപ്പറ്റ : ബത്തേരി അർബൻ ബാങ്കിൽ നിയമനം വാഗ്‌ദാനംചെയ്ത് ഐ സി ബാലകൃഷ്‌ണൻ എംഎൽഎ 10 ലക്ഷം രൂപ കോഴവാങ്ങി വഞ്ചിച്ചെന്ന കോൺഗ്രസ് പ്രവർത്തകന്റെ വെളിപ്പെടുത്തലിൽ മൗനംപൂണ്ട് കോൺഗ്രസ് നേതൃത്വം. എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും നിഷേധിക്കാനോ, പ്രതിരോധിക്കാനോ നേതാക്കൾ തയ്യാറായില്ല. വെളിപ്പെടുത്തൽ സത്യമായതുകൊണ്ടാണിതെന്ന് പ്രവർത്തകർതന്നെ പറയുന്നു. ഡിസിസി ട്രഷർ എൻ എം വിജയനും മകനും നിയമനക്കോഴയിൽ കുരുങ്ങി ജീവനൊടുക്കിയതിൽ കോൺഗ്രസ് പ്രവർത്തകർക്ക് ബാലകൃഷ്‌ണനെതിരെ കടുത്ത അമർഷമുണ്ട്.
ആത്മഹത്യാ പ്രേരണാക്കേസിലും നിയമനക്കോഴയിലുള്ള കേസിലും ഒന്നാംപ്രതിയായ ബാലകൃഷ്‌ണനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന പ്രവർത്തകരുടെ ആവശ്യം തള്ളിയാണ് നാലാമതും ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയത്. ബാലകൃഷ്‌ണനെ ഇത്തവണ മത്സരിപ്പിക്കേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ ആദ്യതീരുമാനം. രമേശ് ചെന്നിത്തലയുടെ കടുംപിടുത്തത്തെ തുടർന്നാണ് സീറ്റ് നൽകിയത്. ഇതിനിടയിലാണ് കോൺഗ്രസ് പ്രവർത്തകൻ മേപ്പാടി നത്തംകുനി ഉറവനാംതടത്തിൽ സിജോ ചാക്കോ എംഎൽഎയുടെ വഞ്ചന തുറന്നുപറഞ്ഞത്.
എൻ എം വിജയന്റെ ആത്മഹത്യാക്കുറിപ്പിലും സിജോ ചാക്കോയ്ക്ക് പണം നൽകാനുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. വിജയന്റെ വീട്ടിൽവച്ചാണ് എംഎൽഎയ്ക്ക് പണം നൽകിയത്. കെപിസിസിക്കും എഐസിസിക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. പ്രശ്‌നം ഒതുക്കിതീർക്കാനും ശ്രമം നടക്കുന്നുണ്ട്. മാധ്യമങ്ങളോട് സംസാരിക്കാരുതെന്നും പ്രശ്‌നം പരിഹരിക്കാമെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാവ് കുടുംബാംഗങ്ങളെ അറിയിച്ചു. വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. മത്സരിക്കാനുള്ള ധാർമികത ബാലകൃഷ്ണനില്ലെന്നും മാറ്റിനിർത്താൻ കോൺഗ്രസ് തയ്യാറാകണമെന്നും ബത്തേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.










0 comments