സ്ഥാനാർഥി നിർണയം പ്രതിസന്ധിയിൽ ; കോൺഗ്രസിൽ കലാപം


സ്വന്തം ലേഖകൻ
Published on Apr 20, 2025, 02:58 AM | 1 min read
മലപ്പുറം:
ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കണമെന്ന പി വി അൻവറിന്റെ പ്രസ്‌താവനയെ ചൊല്ലി കോൺഗ്രസിൽ കലാപം. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ പി വി അൻവർ അവസാനവാക്കാകുന്നതിനെതിരെ ശക്തമായ വിമർശമാണ് ഉയരുന്നത്.
എംഎൽഎ സ്ഥാനം രാജിവയ്‌ക്കുമ്പോൾ യുഡിഎഫ് നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയാണ് വി എസ് ജോയിയുടെ സ്ഥാനാർഥിത്വമെന്നും അതിൽനിന്ന് പിന്നോട്ടില്ലെന്നുമാണ് അൻവറിന്റെ നിലപാട്. ഇതോടെ യുഡിഎഫിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ കടുത്ത പ്രതിസന്ധിയിലായി.
അൻവർ എംഎൽഎ സ്ഥാനം രാജിവച്ച ഘട്ടത്തിൽ വി എസ് ജോയി സ്ഥാനാർഥിയാകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ മാധ്യമങ്ങൾക്ക് മുന്നിൽ അധിക്ഷേപിക്കുകയുംചെയ്‌തു.
ആരാണ് ഷൗക്കത്ത്, അദ്ദേഹം സിനിമാക്കാരനല്ലേ എന്നായിരുന്നു പരിഹാസം. കെപിസിസി ജനറൽ സെക്രട്ടറിയാണെന്ന കാര്യം അറിയില്ലെന്നും പറഞ്ഞു. കോൺഗ്രസ് നേതൃത്വം അൻവറിനെ തിരുത്തിയില്ല. വ്യാഴാഴ്‌ച നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എ പി അനിൽകുമാർ എംഎൽഎയുമായുള്ള ചർച്ചയിൽ ജോയി സ്ഥാനാർഥിയാവണമെന്ന ആവശ്യം അൻവർ ആവർത്തിച്ചു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നേ ഷൗക്കത്ത് പ്രചാരണം ആരംഭിച്ചതും കോൺഗ്രസിന് തലവേദനയായി. അൻവറിനും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ ഷൗക്കത്ത് അനുകൂലികൾ പരസ്യമായി രംഗത്തുണ്ട്. സമൂഹമാധ്യമങ്ങളിലും ചേരിപ്പോര് ശക്തമാണ്.










0 comments