print edition വകമാറ്റിയും തട്ടിപ്പ്

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തബാധിതർക്കായി വീടുവയ്ക്കാനെന്നു പറഞ്ഞ് കോൺഗ്രസ് പിരിച്ച പണം മറ്റ് പല അക്കൗണ്ടുകളിലേക്കും മാറ്റിയതായി സൂചന. ധനലക്ഷ്‌മി ബാങ്കിലെ രണ്ട് അക്കൗണ്ടിനു പുറമെ ഫെഡറൽ ബാങ്കിലും അക്കൗണ്ട് തുറന്നിരുന്നുവെന്ന് തെളിഞ്ഞതിനു പിന്നാലെയാണ് പണം വകമാറ്റിയെന്ന വിവരവും പുറത്തുവന്നത്.
കെപിസിസിയുടെയും യുഡിഎഫ് ചെയർമാന്റെയും കോൺഗ്രസിന്റെ പാഴായ വാഗ്‌ദാനമായ ആയിരം വീട് പദ്ധതിയുടെയും അക്കൗണ്ടുകളിലേക്കുമാണ് പണം മറിച്ചത്. പണമായി പിരിച്ചത് അക്കൗണ്ടുകളിൽ എത്തിയിട്ടുമില്ല. വയനാടിന്റെ കണ്ണീരുവിറ്റ് പിരിച്ച കോടികൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഒഴുക്കിയെന്നാണ് കോൺഗ്രസിനുള്ളിൽത്തന്നെ ആക്ഷേപമുയരുന്നത്.
‘പണമെവിടെ, വീടെവിടെ, ആപ്പെവിടെ കോൺഗ്രസേ’ എന്ന് കേരളമാകെ ചോദിച്ചുകൊണ്ടിരിക്കുന്നതിനിടെ, പുതിയ വിവരങ്ങൾ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തുവിട്ട കണക്കിൽ ഫെഡറൽ ബാങ്കിലെ അക്കൗണ്ടിലെ തുക ഉൾപ്പെടുത്തിയിരുന്നില്ല.
ഫെഡറൽ ബാങ്കിലെ അക്കൗണ്ടിലൂടെ കോടികൾ കൈമാറിയതായും വലിയൊരു തുക യുഎഇയിലുള്ള ഒരാളുടെ അക്കൗണ്ടിലേക്ക് വകമാറ്റിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 5.38 കോടി രൂപയാണ് ലഭിച്ചതെന്നും അത് ഭൂമിക്കായി ചെലവിട്ടെന്നും വീട് വയ്ക്കാൻ പണമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
മുണ്ടക്കൈ ഫണ്ടിലേക്ക് രാഹുൽഗാന്ധി 2.30 ലക്ഷം നൽകിയെന്നും തെലങ്കാനയിലെ മന്ത്രി സീതക്കയിൽനിന്ന് 15 ലക്ഷം ലഭിച്ചതായും കെപിസിസി സമൂഹമാധ്യമ അക്കൗണ്ടിലുണ്ട്. മലപ്പുറത്ത് നാലു പേർ മാത്രം 63 ലക്ഷം രൂപ നൽകി. 140 മണ്ഡലം കമ്മിറ്റികളും വ്യാപകമായി പിരിച്ചു. പ്രവാസിസംഘടനകൾ വൻതുക അയച്ചു.
എന്നിട്ടും 5.38 കോടിയേ ലഭിച്ചുള്ളു എന്നത് അവിശ്വസനീയമാണ്. ജനങ്ങളിൽനിന്ന് നേരിട്ടു സ്വീകരിച്ച പണം അക്കൗണ്ടുകളിലേക്ക് എത്തിയില്ല എന്നാണ് ലഭിക്കുന്ന വിവരം. ചെക്കുകൾ കെപിസിസിയുടെ അക്കൗണ്ടിലേക്കും പോയി. കെപിസിസിയുടെ ധനലക്ഷ്‌മി ബാങ്കിലെ അക്കൗണ്ടിൽ ഇൗ കാലത്തുമാത്രം കോടികളാണ് എത്തിയത്.
ഫണ്ട് വെട്ടിപ്പിൽ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തബാധിതർക്കായി വീട് നിർമിക്കാനെന്നു പറഞ്ഞ് കോൺഗ്രസ് പിരിച്ച പണം തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. യൂത്ത്‌കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എൻ എസ് നുസൂർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് നടപടി.
സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്ന് പരാതി തുടർനടപടികൾക്കായി വയനാട് ജില്ലാ പൊലീസ് മേധാവിക്ക് അയച്ചു. താനുൾപെടെയുള്ളവർ ഫണ്ട് സമാഹരിച്ച് അയച്ചതാണെന്നും, ഗൾഫ് മേഖലയിൽനിന്നടക്കം വ്യാപകമായി പിരിച്ചിട്ടും 5.38 കോടി മാത്രമേ ലഭിച്ചുള്ളു എന്നത് ശരിയല്ലെന്നും നുസൂർ പരാതിയിൽ ചൂണ്ടിക്കാട്ടി.
നുസൂർ സംഘടനയിലെ കൊള്ളരുതായ്‌മകൾ കണ്ടുമടുത്താണ് നുസൂർ അടുത്തിടെ രാജിവച്ചത്. അധ്യാപക സംഘടനയായ കെപിഎസ്ടിഎ പിരിച്ച ഒരുകോടിയോളം രൂപ വയനാട്ടിലും ഷൊർണൂരിലും യുഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്ന ഗുരുതരമായ ആക്ഷേപവും ഉയർന്നിട്ടുണ്ട്.
വയനാട് ദുരിതബാധിതരെ വഞ്ചിച്ച കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ. കോൺഗ്രസുകാർ പോലും കെപിസിസി പ്രസിഡന്റ് പുറത്തുവിട്ട കണക്ക് വിശ്വസിക്കുന്നില്ല. നാട്ടിൽ ഉണ്ടായ വികസനം കണ്ടില്ലെന്ന് നടിക്കാൻ ആർക്കും കഴിയില്ല. എല്ലാ വിഭാഗം ജനങ്ങളും ഇൗ സർക്കാരിൽ വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണത്.










0 comments