മന്ത്രിമാരെ നിശ്ചയിക്കൽ, കെപിസിസി പുനസംഘടന
print edition കോൺഗ്രസിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി

ഒ വി സുരേഷ്
Published on May 13, 2026, 12:04 AM | 1 min read
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് സണ്ണി ജോസഫിനെ മാറ്റുമ്പോൾ പകരം ആളെ നിശ്‌ചയിക്കുന്നതിനൊപ്പം സമ്പൂർണ പുനഃസംഘടന വേണമെന്ന ആവശ്യത്തിലേക്ക് കോൺഗ്രസ്. മുഖ്യമന്ത്രിയെ നിശ്‌ചയിക്കുന്നത് എളുപ്പമാകാത്തതുപോലെ മന്ത്രിമാരെ നിശ്ചയിക്കുന്നതും അതുകഴിഞ്ഞ് ഭാരവാഹി പുനഃസംഘടനയും കോൺഗ്രസിന് വെല്ലുവിളിയാകും.
സണ്ണി ജോസഫിനുപകരം ബെന്നി ബെഹ്‌നാൻ വരുമെന്ന് ഏറെക്കുറെ ധാരണയായിരുന്നു. എന്നാൽ, കഴിഞ്ഞവർഷം കെപിസിസി പ്രസിഡന്റിനെ നിശ്‌ചയിച്ചപ്പോൾ പ്രഥമ പരിഗണനയിലുണ്ടായിരുന്ന ആന്റോ ആന്റണിക്കും വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിലിനും ഒപ്പം ഇത്തവണ പിന്നോക്കവാദവുമായി കൊടിക്കുന്നിൽ സുരേഷ് നേരിട്ട് ഹൈക്കമാൻഡിനോട് അവകാശവാദമുന്നയിക്കുകൂടി ചെയ്തതോടെ തീരുമാനമെടുക്കൽ വെല്ലുവിളിയാകും. നിലവിലുള്ള മൂന്ന് വർക്കിങ് പ്രസിഡന്റുമാരും കെ സി വേണുഗോപാൽ പക്ഷമാണ്. അതിൽ എ പി അനിൽകുമാറും പി സി വിഷ്‌ണുനാഥും മന്ത്രിസഭയിലെത്തും. 13 വൈസ് പ്രസിഡന്റുമാരുണ്ട് കെപിസിസിക്ക്. ഇത്രയും വൈസ് പ്രസിഡന്റുമാർ ചരിത്രത്തിൽ ആദ്യമാണ്. അവരിൽ വി ടി ബൽറാം, മാത്യു കുഴൽനാടൻ, എം ലിജു എന്നിവർ മന്ത്രിക്കുപ്പായമിട്ട് രംഗത്തുണ്ട്. ഇത്രയും പേർക്ക് പകരം ഭാരവാഹികളെ കണ്ടെത്തണം. 58 ജനറൽ സെക്രട്ടറിമാരുണ്ട്.
ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഭാരവാഹികളെ വീതംവച്ചപ്പോഴാണ് ജംബോ പട്ടികയായത്. നൂറിലേറെ സെക്രട്ടറിമാരുടെ പട്ടിക തയ്യാറായെങ്കിലും പൊട്ടിത്തെറി ഭയന്ന് പ്രഖ്യാപനം നീട്ടുകയായിരുന്നു. ഡിസിസി പ്രസിഡന്റുമാരിൽ വി എസ് ജോയ് (മലപ്പുറം), കെ പ്രവീൺകുമാർ (കോഴിക്കോട്), മുഹമ്മദ് ഷിയാസ് (എറണാകുളം), നാട്ടകം സുരേഷ് (കോട്ടയം), എൻ ശക്തൻ (തിരുവനന്തപുരം) എന്നിവർ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. പകരം ആളുകളെ നിശ്‌ചയിക്കുമ്പോൾ മറ്റു ജില്ലകളിലും മാറ്റംവേണമെന്ന ആവശ്യമുയരും. ഇതിലും തർക്കം ഉറപ്പ്. നിലവിൽ എ, ഐ ഗ്രൂപ്പുകളെ അപ്രസക്തമാക്കി കെ സി വേണുഗോപാൽ പക്ഷത്തിനാണ് പാർടിയിൽ കൂടുതൽ നിയന്ത്രണം.











0 comments