print edition ബേപ്പൂരിൽ വീണ്ടും ‘കോലീബി’ : അൻവറിന് ആർഎസ്എസ് വോട്ടുമറിച്ചു


സ്വന്തം ലേഖകൻ
Published on May 09, 2026, 12:00 AM | 1 min read
ഫറോക്ക് : ബേപ്പൂർ മണ്ഡലത്തിൽ മത്സരിച്ച് തോറ്റ യുഡിഎഫ് സ്ഥാനാർഥി പി വി അൻവർ ആർഎസ്എസുമായി വോട്ടുകച്ചവടം നടത്തിയതിന് തെളിവ്. ആർഎസ്‌എസുമായുണ്ടാക്കിയ ഡീലിലൂടെ ആറായിരം വോട്ട് അൻവർ സ്വന്തമാക്കിയതായാണ് കണക്ക് വ്യക്തമാകുന്നത്. 1991ൽ ബേപ്പൂരിലടക്കം 3 മണ്ഡലത്തിൽ അരങ്ങേറിയ കുപ്രസിദ്ധമായ കോലീബി (കോൺഗ്രസ്,ബിജെപി,ലീഗ്) സഖ്യത്തിന് സമാനമായ സ്ഥിതിയായിരുന്നു ഇവിടെ. കോഴിക്കോട് കോർപറേഷന്റെ ഭാഗമായ ബേപ്പൂർ, ചെറുവണ്ണൂർ മേഖലയിലും കടലുണ്ടി പഞ്ചായത്ത്, ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലെല്ലാം വോട്ടുകച്ചവടം നടന്നു. 200 വോട്ടുവരെ വിവിധ ബൂത്തുകളിൽ മറിച്ചു.
ഫലം വന്നതിനുപിന്നാലെ യുഡിഎഫ് കേന്ദ്രങ്ങളടക്കം അൻവർ ബിജെപിയും ആർഎസ്‌എസുമായി വോട്ടുകച്ചവടം നടത്തിയതായി സ്ഥിരീകരിച്ചു. കോർപറേഷൻ പരിധിയിൽ ബിജെപിയുടെ പ്രധാന വോട്ടുബാങ്കായ ബേപ്പൂർ മേഖലയിലെ നിരവധി ബൂത്തിൽ വോട്ട് ഒന്നിച്ച് യുഡിഎഫിന് കൈമാറി. കഴിഞ്ഞ നിയമസഭ–തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച വോട്ട് ഗണ്യമായി കുറഞ്ഞതും അവിശുദ്ധ ധാരണയുടെ ഭാഗമാണ്. പഴയ ബേപ്പൂർ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ വോട്ടുകച്ചവടം. ബൂത്ത് 9, 27, 29, 33, 35, 36, 37, 39, 42, 50, 53 എന്നിവിടങ്ങളിൽ യുഡിഎഫിന് വോട്ട് വർധിച്ചു. ഇവിടങ്ങളിലെല്ലാം എൻഡിഎക്ക് വോട്ട് കുറഞ്ഞു. ഫറോക്ക് നഗരസഭയിലെ 138 മുതലുള്ള ബൂത്തുകളിലും പഴയ ചെറുവണ്ണൂർ പഞ്ചായത്തിലെ പത്തോളം ബൂത്തിലും ഡീൽ നടന്നു. കടലുണ്ടി പഞ്ചായത്തിലെ 189 മുതലുള്ള ബൂത്തുകളിൽ നൂറിലധികം വോട്ട് യുഡിഎഫിലേക്ക് ഒഴുകി. ബിജെപി ജില്ലാ പ്രസിഡന്റ് കെ പ്രകാശ്‌ബാബുവായിരുന്നു എൻഡിഎ സ്ഥാനാർഥി.
ബേപ്പൂരിൽ ആർഎസ്‌എസ്– ബിജെപി നേതൃത്വത്തിലെ ഒരുവിഭാഗം അൻവറുമായുണ്ടാക്കിയ ഡീൽ ബിജെപിക്കകത്തും ചർച്ചയായി. ഇവിടെയൊന്നും എൽഡിഎഫ് വോട്ട് കുറഞ്ഞിട്ടില്ല.










0 comments