ad
Deshabhimani

print edition മുക്കൂട്ടു മുന്നണിമുതൽ കോലീബി വരെ

BJPCongressLeague
avatar
പി വി ജീജോ

Published on Mar 28, 2026, 08:20 AM | 1 min read

കോഴിക്കോട്‌ : ഇടതുപക്ഷത്തിനെതിരെ ‘പാലക്കാട്‌ ഡീൽ’ ആരോപിക്കുന്ന കോൺഗ്രസ്‌ മുക്കാൽ നൂറ്റാണ്ടുമുന്പ്‌ അതേ പാലക്കാടിന്റെ മണ്ണിൽ മുക്കൂട്ടു മുന്നണിയായി തുടങ്ങിയതാണ്‌ ആർഎസ്‌എസുമായുള്ള തെരഞ്ഞെടുപ്പ്‌ ഡീൽ. ഇ എം എസിനെ തോൽപിക്കാൻ പട്ടാന്പിയിലും എ കെ ജിയെ പരാജയപ്പെടുത്താൻ പാലക്കാടും ആർഎസ്‌എസുമായി ചേർന്നതാണ്‌ ചരിത്രം. 1991ൽ എൽഡിഎഫിനെ തോൽപ്പിക്കാൻ കോലീബി എന്ന വർഗീയസഖ്യത്തിന്‌ രൂപംകൊടുത്തു. വടകരയിലും ബേപ്പൂരിലും ആ പരീക്ഷണത്തെ മതനിരപേക്ഷ സമൂഹം തകർത്തു.


1960ൽ പട്ടാമ്പിയിൽ കമ്യൂണിസ്റ്റ്‌ പാർടി സ്ഥാനാർഥിയായ ഇ എം എസിനെ തോൽപ്പിക്കാൻ മുക്കൂട്ടുമുന്നണി ഉണ്ടാക്കിയാണ്‌ കോൺഗ്രസ്‌ സംഘപരിവാർബന്ധം പരസ്യമായി തുടങ്ങുന്നത്‌. ബിജെപിയുടെ ആദ്യരൂപമായ ജനസംഘവുമായി കോൺഗ്രസും മുസ്ലിംലീഗും കൈകോർത്തു. കോൺഗ്രസിലെ എ രാഘവൻനായരായിരുന്നു സ്ഥാനാർഥി. ജനസംഘം സ്ഥാനാർഥി പി മാധവമേനോൻ. കോൺഗ്രസ്‌ സഹായം തേടിയതോടെ ജനസംഘം സ്ഥാനാർഥിയെ പിൻവലിച്ചു. എന്നാൽ, 7,322 വോട്ടിന്‌ ഇ എം എസ്‌ ജയിച്ചു. 1971ൽ എ കെ ജിയെ പാലക്കാട്‌ തോൽപ്പിക്കാൻ ജനസംഘം നേതാവ്‌ ടി സി ഗോവിന്ദനെ പൊതുസ്വതന്ത്രനാക്കി നിർത്തി കോൺഗ്രസ്‌. ഫലം വന്നപ്പോൾ എകെജി 52,266 വോട്ടിന്‌ വർഗീയമുന്നണിയെ തോൽപിച്ചു.


1991-ൽ വടകര ലോക്‌സഭാമണ്ഡലത്തിൽ എൽഡിഎഫിന്റെ കെ പി ഉണ്ണിക്കൃഷ്ണനെയും ബേപ്പൂരിൽ ടി കെ ഹംസയെയും തോൽപ്പിക്കാനാണ്‌ കോലീബി പിറന്നത്‌. വടകരയിൽ അഡ്വ. എം രത്നസിങും ബേപ്പൂരിൽ ആർഎസ്‌എസ്‌ നേതാവായ ഡോ. കെ മാധവൻകുട്ടിയുമായിരുന്നു കോലീബി സ്ഥാനാർഥികൾ. രണ്ടിടത്തും എൽഡിഎഫ്‌ ജയിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കെ ജി മാരാരുടെ ജീവചരിത്രത്തിലെ ‘പാഴായ പരീക്ഷണം’ എന്ന അധ്യായത്തിൽ കെ കരുണാകരനും പി കെ കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള കോൺഗ്രസ്‌–ലീഗ്‌ നേതാക്കളെ കോലീബി സഖ്യ രൂപീകരണ ശിൽപികളെന്ന്‌ വിശേഷിപ്പിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home