കേരളം മറക്കാത്ത കോലീബി സഖ്യം

ചിത്രം: മലയാള മനോരമയിൽ വന്ന ചിത്രം, മാധ്യമം പത്രവാർത്ത
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാക്കുകളെ വളച്ചൊടിച്ച് കോൺഗ്രസ് നേതാക്കൾ ആക്രമണം നടത്തുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് 1991ലെ തെരഞ്ഞെടുപ്പിലുണ്ടായ കോലീബി സഖ്യം. 1991ൽ ലോക്സഭ- നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബേപ്പൂർ നിയമസഭ മണ്ഡലത്തിലും വടകര ലോക്സഭ മണ്ഡലത്തിലുമാണ് കോൺഗ്രസ്, ലീഗ്, ബിജെപി എന്ന കോലീബി സഖ്യമുണ്ടായത്. ഡോ. കെ മാധവൻകുട്ടിയാണ് അന്ന് സഖ്യത്തിന്റെ സ്ഥാനാർഥിയായി ബേപ്പൂരിൽ മത്സരിച്ചത്. അഡ്വ. രത്നസിങ് വടകരയിലും. ഇടതുസഖ്യത്തിനെതിരെ കോൺഗ്രസും ലീഗും ബിജെപിയുമായി കൈകോർത്ത ചരിത്രമാണ് സോഷ്യൽ മീഡിയ ഇന്ന് ഓർമിപ്പിക്കുന്നത്. അന്നത്തെ സ്ഥാനാർഥിയായിരുന്ന മാധവൻകുട്ടിയും ബിജെപി നേതാവായിരുന്ന കെ ജി മാരാരുമടക്കം കോലീബി സഖ്യത്തെപ്പറ്റി വിശദമായി സംസാരിച്ചിരുന്നു. ഇപ്പോൾ സിപിഎമ്മിനെതിരെ രാഷ്ട്രീയ സദാചാരം പറഞ്ഞ് ആഞ്ഞടിക്കുന്ന കോൺഗ്രസാണ് 91ൽ എല്ലാ തരത്തിലുള്ള രാഷ്ട്രീയ മര്യാദകളും മറന്ന് ബിജെപിയെന്ന വർഗീയ കക്ഷിയുമായി വോട്ടിനുവേണ്ടി കൈകോർത്തത്.
അന്ന് നടത്തിയ രാഷ്ട്രീയ പരീക്ഷണത്തിലെ ചുണ്ടെലിയായിരുന്നു താനെന്ന് മാധവൻകുട്ടി പിന്നീട് പറഞ്ഞിട്ടുണ്ട്. സഖ്യത്തിൽ ഏറ്റവുമധികം പണം വാങ്ങിയത് കോൺഗ്രസ് ആയിരുന്നുവെന്നും മാധവൻകുട്ടി പിന്നീട് വെളിപ്പെടുത്തി. സഖ്യത്തിന്റെ രൂപീകരണത്തിന് മുന്നിൽ നിന്നത് കോൺഗ്രസിലെയും ലീഗിലെയും ബിജെപിയിലെയും പ്രമുഖ നേതാക്കളായിരുന്നുവെന്നും മാധവൻകുട്ടി വെളിപ്പെടുത്തുന്നു. ധാരണയനുസരിച്ച് ബിജെപിയും ലീഗും പ്രവർത്തിച്ചെങ്കിലും കോൺഗ്രസാണ് കാലുവാരിയതെന്നും മാധവൻകുട്ടി വെളിപ്പെടുത്തിയിരുന്നു. കെ കരുണാകരനും പാണക്കാട് തങ്ങളുമടക്കമുള്ള നിരവധി മുതിർന്ന നേതാക്കൾ വർഗീയ കക്ഷിയോട് ചേർന്ന് മത്സരിച്ച തെരഞ്ഞെടുപ്പിൽ പ്രചരണത്തിനും എത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിൽ കോൺഗ്രസും ബിജെപിയും സ്ഥാനാർഥികളെ നിർത്തിയിരുന്നുവെങ്കിലും കോലീബി സഖ്യം രൂപപ്പെട്ടതോടെ ഈ സ്ഥാനാർഥികൾ നോമിനേഷൻ പിൻവലിക്കുകയും സ്വതന്ത്രനെന്ന കുപ്പായം ഇടീപ്പിച്ച് മാധവൻകുട്ടിയെ കൊണ്ടുവന്നതെന്നും തെളിവുകൾ സഹിതം സോഷ്യൽ മീഡിയ ചർച്ചയാക്കുന്നു.
വടകരയിലും സമാനമായി കോലീബി സഖ്യത്തിന്റെ കൂട്ടുകെട്ടിലാണ് അഡ്വ. രത്നസിങ് മത്സരിച്ചത്. എന്നാൽ ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അന്നും ജയം നേടിയത് ഇടതുപക്ഷം തന്നെയായിരുന്നുവെന്നും ഇന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ ചർച്ച ഉയരുന്നു. ബേപ്പൂരിൽ ടി കെ ഹംസയും വടകരയിൽ കെ പി ഉണ്ണികൃഷ്ണനുമാണ് വിജയിച്ചത്. ബേപ്പൂരിന് ശേഷവും നിരവധി തെരഞ്ഞെടുപ്പുകളിൽ വോട്ടിന് വേണ്ടി ബിജെപിയുമായി രഹസ്യ ചർച്ച നടത്തിയവരാണ് കോൺഗ്രസും ലീഗുമെന്നും കോൺഗ്രസ്, ബിജെപിയുമായി നടത്തിയ പല വോട്ട് ചർച്ചകളുടെയും ഇടനിലക്കാരൻ പി കെ കുഞ്ഞാലിക്കുട്ടി ആയിരുന്നു എന്ന് മറക്കരുതെന്നും സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു. രാഷ്ട്രീയ സദാചാരം ഉയർത്തിയും പറഞ്ഞതിനെ വളച്ചൊടിച്ചും യുഡിഎഫ് നടത്തുന്ന വില കുറഞ്ഞ നാടകങ്ങൾ നിലമ്പൂരിൽ വിലപ്പോവില്ലെന്നും നിലമ്പൂരിലെ വോട്ടർമാർ എൽഡിഎഫിനൊപ്പം ആയിരിക്കുമെന്നും നെറ്റിസൺസ് പറയുന്നു. രാഷ്ട്രീയ സദാചാരം പറഞ്ഞ് മുറവിളി കൂട്ടുന്ന കോൺഗ്രസിനെ നിലമ്പൂരിലെ ബിജെപി സ്ഥാനാർഥി കോൺഗ്രസിന്റെ സ്വന്തം സംഭാവനയാണെന്നും സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നുണ്ട്.










0 comments