print edition കെപിസിസി പ്രസിഡന്റ് നിർണയവും വെല്ലുവിളി; ബെന്നിക്ക് ചെക്ക്‌വച്ച് കൊടിക്കുന്നിൽ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിച്ചു കഴിഞ്ഞാൽ, മന്ത്രിത്തർക്കത്തിനുപുറമേ കെപിസിസി പ്രസിഡന്റിനെ കണ്ടെത്തുന്നതും കോൺഗ്രസിന് വെല്ലുവിളിയാകും. ബെന്നി ബഹ്‌നാൻ പ്രസിഡന്റാകുമെന്നായിരുന്നു കുറച്ചുദിവസംമുമ്പുവരെയുള്ള സൂചനയെങ്കിലും കൊടിക്കുന്നിൽ സുരേഷ് രംഗത്തെത്തിയതോടെ സ്ഥിതി രൂക്ഷമായി.
നിലവിലുള്ള കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചുമതലയേറ്റിട്ട് ഒരുവർഷമായതേയുള്ളു. കഴിഞ്ഞവർഷം മെയ് എട്ടിനാണ് അന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മുൻകൂട്ടി അറിയിക്കാതെ വാർത്താക്കുറിപ്പിലൂടെ സ്ഥാനത്തുനിന്ന് നീക്കിയത്.
എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ താൽപര്യമായിരുന്നു പിന്നിൽ. കെ സുധാകരനൊപ്പമായിരുന്ന സണ്ണി ജോസഫിനെ നിയമിക്കുന്നതിലൂടെ അദ്ദേഹത്തെ പ്രത്യക്ഷത്തിൽ തൃപ്‌തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
വേണുഗോപാൽ പക്ഷത്തേക്കുള്ള സണ്ണി ജോസഫിന്റെ മാറ്റം സുധാകരൻ അറിഞ്ഞത് വളരെ വൈകിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫ-് മത്സരിക്കേണ്ട എന്നായിരുന്നു ആദ്യം എഐസിസിയിൽനിന്നുള്ള നിർദേശം. എന്നാൽ, അദ്ദേഹം പിന്നീട് ഡൽഹിയിൽ പോയി ഹൈക്കമാൻഡിനെ കണ്ടു.
വേണുഗോപാലിന്റെ സമ്മർദവും സ്ഥാനാർഥിത്വത്തിന് കാരണമായി. യുഡിഎഫ-് വന്നാൽ മന്ത്രിയാവുകയായിരുന്നു ലക്ഷ്യം. സ്ഥാനാർഥിയായപ്പോൾ പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാനായിരുന്നു ആദ്യധാരണയെങ്കിലും അതിനും കൂടുതൽപേർ വന്നതോടെ തീരുമാനം മാറ്റി. മന്ത്രിസഭയിൽ സണ്ണി ജോസഫ് ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് ഒട്ടേറെ പേർ രംഗത്തുവന്നത്.
തന്നെ അവഗണിക്കുന്നതായി പരാതിയുള്ള കൊടിക്കുന്നിൽ സുരേഷ് ഡൽഹിയിലെത്തി മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചാണ് ആവശ്യമുന്നയിച്ചത്. ബെന്നി ബഹ്‌നാൻ, ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നിവരുടെ പേരുകളും അതത് വിഭാഗം ഉയർത്തുന്നുണ്ട്.











0 comments