ad
Deshabhimani

കുന്നമ്പറ്റയിൽ കാട്ടാന കൊന്ന പാർവതിയുടെ ചരമവാർഷികം ഇന്ന്‌

print edition ‘നീറിയാണ്‌ ജീവിതം; ദുരന്തബാധിതർക്കും ഇ‍ൗ ഗതി വരുത്തരുത്‌ ’

elephant attack victim

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഭാര്യ പാർവതിയുടെ ചിത്രവുമായി പരശുരാമൻ

avatar
അജ്‌നാസ്‌ അഹമ്മദ്‌

Published on Jan 16, 2026, 12:05 AM | 1 min read

കൽപ്പറ്റ : ‘ജീവന്റെ പാതിയായിരുന്നു പാർവതി. കാട്ടാന ഞങ്ങളിൽനിന്നും അവളെ പറിച്ചെടുത്തിട്ട്‌ അഞ്ചുവർഷമായി. വേദനയിൽ നീറിയാണ്‌ കുന്നമ്പറ്റയിലെ ജീവിതം. ഇ‍ൗ അപകടത്തിലേക്ക്‌ ദുരന്തബാധിതരെയും തള്ളിവിടരുത്‌’– മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ്‌ വാങ്ങിയ ഭൂമിക്കരികിൽനിന്ന്‌ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പാർവതിയുടെ ചിത്രത്തിൽ തലോടി ഭർത്താവ്‌ പരശുരാമൻ കണ്ണുകൾ നിറഞ്ഞ്‌ ഓർമകൾ പങ്കുവച്ചു.


‘ചെന്പ്ര എസ്‌റ്റേറ്റിൽ രാവിലെ പണിക്കുപോയ പാർവതിയെ വൈകിട്ട്‌ അഞ്ചോടെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയ നിലയിലാണ്‌ കണ്ടത്‌. പണികഴിഞ്ഞ്‌ തിരിച്ചുവരുമ്പോൾ പകൽ മൂന്നിന്‌ ആനയുടെ മുമ്പിൽപ്പെടുകയായിരുന്നു. കൂട്ടത്തിലുള്ളവർ ചിതറിയോടിയെങ്കിലും കാലിനുവയ്യാതിരുന്ന അവൾക്ക്‌ രക്ഷപ്പെടാനായില്ല. ആനയുടെ ചവിട്ടിൽ നട്ടെല്ല്‌ പൊട്ടിയിരുന്നു. എല്ലുകൾ തുളഞ്ഞുകയറി ശ്വാസകോശവും തകർന്നു. പതിനഞ്ച്‌ ദിവസം കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജീവനുവേണ്ടി മല്ലടിച്ചു. 2021 ജനുവരി 16ന്‌ എന്നെയും മക്കളെയും തനിച്ചാക്കി അവൾപോയി’– ആ ദിവസങ്ങളുടെ വേദ ന പരശുരാമന്റെ വാക്കുകളിൽ ഇന്നുമുണ്ട്‌.


എന്തിനാണ്‌ ദുരന്തബാധിതരെ ഇവിടേക്ക്‌ കൊണ്ടുവരുന്നതെന്നാണ്‌ കുന്നമ്പറ്റയിലെ നാട്ടുകാർക്കാകെ ചോദിക്കാനുള്ളത്‌. എന്തിനാണ്‌ ദുരന്തബാധിതരെ ഇവിടേക്ക്‌ കൊണ്ടുവരുന്നതെന്നാണ്‌ കുന്നമ്പറ്റയിലെ നാട്ടുകാർക്കാകെ ചോദിക്കാനുള്ളത്‌. ചക്കയുടെ കാലമായാൽ പകൽപോലും ആനയെ പേടിച്ച്‌ പുറത്തിറങ്ങാനാകാത്ത പ്രദേശമാണിത്‌. ചിന്നംവിളി കേട്ട്‌ വീട്ടിനുള്ളിൽ പേടിച്ചുവിറച്ചാണ്‌ കുട്ടികൾ ഉറങ്ങുന്നത്‌. ഭൂരിഭാഗം തോട്ടങ്ങളിലും കാട്ടാന പ്രതിരോധത്തിനായി വൈദ്യുത വേലിയുണ്ട്‌. സൂര്യൻ അസ്‌തമിച്ചാൽ ആശുപത്രിലേക്ക്‌ പോലും പോകാൻ നാട്ടുകാർ ഭയക്കുന്ന വഴിയിലൂടെ വേണം കോൺഗ്രസിന്റെ ഭൂമിയിലെത്താൻ. കോൺഗ്രസ്‌ വാങ്ങിയ 3.24 ഏക്കറിൽ പരമാവധി 25 വീടാണ്‌ നിർമിക്കാനാകുക. ഒരേക്കർ വീട്‌ നിർമിക്കാനാകാത്തവിധം ചെങ്കുത്താണ്‌.


കൂട്ടമുണ്ട, മഹാവീർ, ശ്യാമള, പുഷ്‌പ തുടങ്ങിയ സ്വകാര്യ എസ്‌റ്റേറ്റുകളാണ്‌ ചുറ്റും. മഹാവീർ ഉൾപ്പെടെയുള്ള എസ്‌റ്റേറ്റുകൾ കാടായി മാറിയിട്ടുണ്ട്‌. ചെന്പ്രമല ഇറങ്ങിവരുന്ന കാട്ടാനകൾ ഇ‍ൗ തോട്ടങ്ങളിലാണ്‌ തന്പടിക്കുന്നത്‌. തൊഴിലാളിയായിരുന്ന ഹനീഫയും ഇവിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്‌. പശുവിനെ മേയ്‌ച്ചുകൊണ്ടിരുന്ന പ്രദേശവാസി സിദ്ദിഖിനെ കാട്ടാന ആക്രമിച്ചതും കോൺഗ്രസ്‌ ഭ‍ൂമിയോട്‌ ചേർന്നാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home