ബിജെപിയിലേക്കുള്ള വഴിയുടെ പേരാണ് കോൺഗ്രസ്; ചരിത്രം ഓർമ്മിപ്പിച്ച് എം സ്വരാജ്

കൊച്ചി: ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോൺഗ്രസ് മാറിയെന്നും തെരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും ബിജെപിയിൽ ചേരുന്ന പാർടിയായി കോൺഗ്രസ് മാറിയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. കോൺഗ്രസ് ഫോർ ബിജെപിയാണ്. കോൺഗ്രസ് വഴി ബിജെപിയിലേക്ക് പോകും. കോൺഗ്രസ് എന്നത് ബിജെപിയിലേക്കുള്ള വഴിയുടെ പേരാണ്, പാർടിയുടെ പേരല്ല. ബിജെപിയിലേക്കുള്ള പാത ഇന്ന് കോൺഗ്രസ് എന്ന് അറിയപ്പെടുന്നെന്നേ ഉള്ളൂ എന്നും സ്വരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപി അധികാരത്തിലെത്താൻ കോൺഗ്രസ് ജയിച്ചാലും മതി എന്നാണ് ചരിത്രം. 2019ലും 2022ലും ഗോവയിൽ കൈപ്പത്തി അടയാളത്തിൽ മത്സരിച്ച് ജയിച്ച എംഎൽഎമാരാണ് ബിജെപിയിൽ ചേക്കേറിയത്. 2016ൽ അരുണാചൽ പ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ച 43 എംഎൽഎമാരാണ് ബിജെപിയിലെത്തിയത്. അരുണാചൽ പ്രദേശിൽ കോൺഗ്രസ് ഇല്ലാതായത് അങ്ങനെയാണ്.
2019ൽ കർണാടകയിലും 2016ൽ ഉത്തരാഖണ്ഡിലും കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. ഉത്തരാഖണ്ഡിലായാലും കർണാടകയിലായാലും ഗോവയിലായാലും അരുണാചൽപ്രദേശിലായാലും ജയിച്ച കോൺഗ്രസാണ് ബിജെപിയിൽ പോയത്. തോറ്റാൽ ബിജെപിൽ ചേരുമെന്നതുമാത്രമല്ല ജയിച്ചാലും ബിജെപിയിൽ ചേരും. കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഒരു ഡസന്‍ പേരാണ് ബിജെപിയിലേക്ക് കടന്നുചെന്നത്. നിലവിലെ നാല് മുഖ്യമന്ത്രിമാർ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയവരാണ്. കേരളത്തിൽ കോൺഗ്രസ് തോറ്റൽ, കോൺഗ്രസ് ബിജെപിയിലേക്ക് പോകുമെന്ന് ഉത്കണ്ഠപ്പെടുന്നവർ ഈ ചരിത്രം അറിയണം. തോറ്റാൽ ബിജെപിയിൽ പോകുന്നതിനേക്കാൾ ജയിച്ചാലാണ് ബിജെപിയിലേക്ക് പോകാൻ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.










0 comments