'നവയുഗമെന്ന പേരിൽ ബിജെപി യുഗത്തിലേക്കുള്ള വഴിതുറക്കുകയാണ് കോൺഗ്രസ് '

തിരുവനന്തപുരം: നവയുഗമെന്ന പേരിൽ ബിജെപി യുഗത്തിലേക്കുള്ള യാത്രയ്‌ക്ക് കേരളത്തിലെ കോൺഗ്രസ് വഴിതുറക്കുകയാണെന്ന് മന്ത്രി പി രാജീവ്. എന്തുകൊണ്ടാണ് കേരള സ്‌റ്റോറി മാത്രംവരുന്നത്. തെലങ്കാന സ്‌റ്റോറിയോ, കർണാടക സ്‌റ്റോറിയോ, ഹിമാചൽ പ്രദേശ് സ്‌റ്റോറിയോ വരാത്തത്. കാരണം, കർണാടക സ്‌റ്റോറി ഗുജറാത്ത് സ്‌റ്റോറിതന്നെയാണ്, തെലങ്കാന സ്‌റ്റോറി തന്നെയാണ് യുപി സ്‌റ്റോറിയും.
കോൺഗ്രസും ബിജെപിയും രണ്ടു പേര് പേറുന്നുണ്ടെങ്കിലും ഒരേ രാഷ്ട്രീയത്തെയും പ്രത്യയശാസ്‌ത്രത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഇൗ രാഷ്ട്രീയം മതനിരപേക്ഷ കേരളത്തിന് അപകടകരമാണ് എന്ന് തിരിച്ചറിയണം. രാജിവയ്‌ക്കൂ എന്ന് മുദ്രാവാക്യം വിളിക്കുന്ന പ്രതിപക്ഷത്തിന് സർക്കാരിനെതിരെ ഒരവിശ്വാസ പ്രമേയം കൊണ്ടുവരാൻപോലും ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കേസിലെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞിട്ടും പ്രതിപക്ഷം സമരം തുടരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പി രാജീവ് നിയമസഭയിൽ പറഞ്ഞു. സഭയിൽ പ്രതിപക്ഷാംഗം കെ ബാബു നടത്തിയ പരാമർശങ്ങൾ ഹൈക്കോടതിക്ക് എതിരാണ്. ശബരിമല കേസിലെ അന്വേഷണത്തിന്റെ പൂർണ മേൽനോട്ടം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനാണ്.
ആ അന്വേഷണം കുറ്റമറ്റതാണെന്നും ശരിയായ ദിശയിലാണെന്നും ഹൈക്കോടതി വാക്കാലല്ല, ഉത്തരവിൽതന്നെ വ്യക്തമായി പറഞ്ഞു. ആ അന്വേഷണത്തെയാണ് ആചാരലംഘനമെന്നും ഒരു കുറ്റവും ചെയ്യാത്ത ആളെ അറസ്‌റ്റ്‌ചെയ്‌തു എന്നുമുള്ള മട്ടിലേക്ക് എത്തിക്കുന്നത്. തന്ത്രിയോ, കേസിൽ അറസ്‌റ്റിലായ മറ്റാരെങ്കിലുമോ കുറ്റക്കാരനാണെന്നോ, അല്ലെന്നോ സർക്കാരിന് ഒരഭിപ്രായവുമില്ല. സർക്കാരിനുമുന്നിൽ അന്വേഷണ റിപ്പോർട്ട് വരുന്നില്ല. സീൽചെയ്‌ത കവറിൽ കോടതിക്കാണ് കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.











0 comments