കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസ്: എം വി ഗോവിന്ദൻ

കാസർകോട്: കേരളത്തിൽ ബിജെപിയെ അക്കൗണ്ട് തുറക്കാൻ പ്രേരിപ്പിക്കുന്നതും സഹായിക്കുന്നതും കോൺഗ്രസ് ആണെന്നത് പകൽ വെളിച്ചം പോലെ വ്യക്തമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കാസർകോട് മാധ്യമങ്ങളെ കാണുമ്പോഴാണ് എം വി ഗോവിന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്. മാതൃഭൂമി സംഘടിപ്പിച്ച സാഹിത്യോത്സവമായ ക യിൽ കെ സുരേന്ദ്രന്റെ ഇത്തരത്തിൽ പരാമർശം നടത്തിയതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മൗനം പാലിച്ചെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ പ്രമുഖമായ മൂന്ന് പാർടികളുടെ പ്രതിനിധികൾ തമ്മിലായിരുന്നു ക ഫെസ്റ്റിവലിൽ ചർച്ച നടന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കെ സുരേന്ദ്രൻ എന്നിവരാണ് പങ്കെടുത്തത്. മറ്റത്തൂർ വിഷയം ചർച്ചയായപ്പോൾ നാല് സീറ്റ് കിട്ടിയിട്ടും ബിജെപി ഭരിക്കുന്നില്ലേ എന്നാണ് കെ സുരേന്ദ്രൻ ചോദിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മറ്റത്തൂരിൽ എട്ട് കോൺഗ്രലസ് വാർഡ് മെമ്പർമാരാണ് കൂറുമാറി ബിജെപിയിൽ ചേർന്നത്. പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ ഇപ്പോൾ ബിജെപി ജനപ്രതിനിധികളാണ്. കോൺഗ്രസ് പിന്തുണയോടെയാണ് ഇതെല്ലാം നടന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിൽ 35 സീറ്റുകൾ കിട്ടിയാലും ഭരിക്കും എന്ന് പരസ്യമായി പറയാനാണ് കെ സുരേന്ദ്രൻ ശ്രമിച്ചത്. മറ്റത്തൂർ മോഡലിൽ യുഡിഎഫിനെ പ്രയോജനപ്പെടുത്തി ബിജെപി ഭരണം നടത്തുമെന്ന് പരസ്യമായി വ്യക്തമാക്കുന്നു. ഇതിനെക്കുറിച്ച് ഒരക്ഷരം പറയാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അപ്പോൾ തയാറായില്ല. കോൺഗ്രസ് - ജമാ അത്തെ ഇസ്ലാമി ബന്ധം പഴയതുപോലെ തന്നെ തുടരുകയാണ്. അതുപോലെ യുഡിഎഫും ബിജെപിയും തമ്മിലുള്ള രഹസ്യ ബാന്ധവത്തിന്റെ സാധ്യത വളരെ കൂടുതലാണ് എന്നാണ് കെ സുരേന്ദ്രൻ തുറന്ന് പറഞ്ഞത്. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ അപകടകരമായ കൂട്ടുകെട്ടിനെ ഗൗരവതരമായി കാണേണ്ടതുണ്ട്.
ഇത് മറ്റത്തൂരിന്റെ മാത്രം അനുഭവമല്ല. തിരുവനന്തപുരം കോർപറേഷനിൽ 41ഡിവിഷനുകളിൽ ബിജെപി ജയിച്ചത് കോൺഗ്രസിന്റെ പിന്തുണയോടുകൂടിയാണ്. അവിടെ കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. ആയിരത്തിൽ കുറവ് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. ബിജെപി വിവിധ മേഖലയിൽ കോൺഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലേക്ക് വരുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കണ്ടു.
2016ൽ നേമം നിയോജക മണ്ഡലത്തിൽ ബിജെപി ജയിച്ചപ്പോൾ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയി. 13860 വോട്ട് മാത്രമേ കോൺഗ്രസിന് കിട്ടിയിട്ടുള്ളൂ. അവിടെ പിന്നീട് മത്സരിച്ചപ്പോൾ കോൺഗ്രസിന് മുപ്പതിനായിരത്തിലധികം വോട്ട് കിട്ടുകയും ചെയ്തു. വോട്ട് മറിച്ചു കൊടുത്ത് കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറന്നുനൽകി. 2024 ലെ തെരഞ്ഞെടുപ്പിൽ തൃശൂരിലും ഇതുതന്നെ സംഭവിച്ചു. കോൺഗ്രസിന്റെ 86000 വോട്ടാണ് കുറഞ്ഞത്. കോൺഗ്രസ് - ബി ജെപി ബാന്ധവം പകൽ വെളിച്ചം പോലെ വ്യക്തമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.










0 comments