മുള്ളൻകൊല്ലി പഞ്ചായത്ത് അംഗം ജോസ് നെല്ലേടമാണ് ജീവനൊടുക്കിയത്
ചതിച്ചുകൊന്നു ; കോൺഗ്രസ് ഗ്രൂപ്പ് പോരിൽ ഒരു ജീവൻകൂടി പൊലിഞ്ഞു

ജോസ് നെല്ലേടത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ ഷീജയും മകൻ ആദർശും ഫോട്ടോ: ബിനുരാജ്
ആദർശ് ജോസഫ്
Published on Sep 13, 2025, 02:21 AM | 2 min read
പുൽപ്പള്ളി
കോൺഗ്രസ് ഗ്രൂപ്പ് പോരിൽ സഹികെട്ട് വയനാട്ടിൽ ഒരു നേതാവ്കൂടി ജീവനൊടുക്കി. മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റും പഞ്ചായത്ത് രണ്ടാം വാർഡ് അംഗവുമായ പെരിക്കല്ലൂർ പട്ടാണിക്കൂപ്പ് മൂന്നുപാലത്തെ ജോസ് നെല്ലേടം (55) ആണ് മരിച്ചത്. വെള്ളി രാവിലെ പത്തോടെ വിഷം കഴിച്ചശേഷം കൈഞരമ്പ് മുറിച്ച് വീടിന് സമീപത്തെ കുളത്തിൽ ചാടുകയായിരുന്നു. ശബ്‌ദം കേട്ടെത്തിയ അയൽവാസി കുളത്തിൽനിന്ന് എടുത്ത് പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോൺഗ്രസ് നേതാക്കൾ ചതിച്ചുവെന്നും അതിനാലാണ് ജീവനൊടുക്കിയതെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇതിൽ മൂന്നു നേതാക്കളുടെ പേരും പറയുന്നുണ്ട്. വീട്ടിലെ മുറിയിൽ മേശയിൽ മടക്കിവച്ച നിലയിലായിരുന്നു കത്ത്. മക്കളെക്കുറിച്ചുള്ള ആകുലതകളുമുണ്ട്. കത്ത് പൊലീസ് ഫോറൻസിക്കിന് കൈമാറും.
ഗ്രൂപ്പുപോരിൽ ജില്ലയിൽ മാത്രം പൊലിഞ്ഞ അഞ്ചാമത്തെ ജീവനാണിത്. നേതാക്കളുടെ നിയമനക്കോഴയിൽ കുരുങ്ങി കഴിഞ്ഞ ഡിസംബറിലാണ് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയത്.
മുള്ളൻകൊല്ലി രണ്ടാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് കാനാട്ടുമലയിൽ തങ്കച്ചനെ വീട്ടിൽ സ്‌ഫോടക വസ്‌തുക്കൾ കൊണ്ടുവച്ച് ജയിലിലാക്കിയ സംഭവത്തിൽ ജോസ് ആരോപണ വിധേയനായിരുന്നു. ഐ സി ബാലകൃഷ-്ണൻ എംഎൽഎയുടെ അനുകൂലിയായ തങ്കച്ചനെ കുടുക്കാൻ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെ ഗ്രൂപ്പിൽപ്പെട്ട ജോസിനെ ഉപയോഗിച്ചെന്നായിരുന്നു ആരോപണം.
അപ്പച്ചന്റെ നിർദേശപ്രകാരം ഡിസിസി ജനറൽ സെക്രട്ടറി പി ഡി സജി, മീനങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് അനീഷ് മാമ്പള്ളി, മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റായിരുന്ന ഷിനോജ് കടുപ്പിൽ, ജോസ് നെല്ലേടം എന്നിവർ ചേർന്നാണ് കള്ളക്കേസുണ്ടാക്കി ജയിലിലാക്കിയതെന്ന് തങ്കച്ചൻ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞിരുന്നു. ജോസിനെ ബലിയാടാക്കി ആരോപണവിധേയരായ മറ്റുനേതാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ജോസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. അനീഷ് മാമ്പള്ളി ഒളിവിൽ പോയതിനാൽ തന്നെമാത്രം നേതാക്കൾ കേസിൽ കുടുക്കുമെന്ന് ജോസ് ഭയന്നിരുന്നു. ദിവസങ്ങളായി സമ്മർദത്തിലായിരുന്നുവെന്നും അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
ഭാര്യ ഷീജ പുറത്തുപോയ സമയത്താണ് വിഷം കഴിച്ചത്. കൈമുറിക്കാനുപയോഗിച്ച കത്തിയും വിഷക്കുപ്പിയും പൊലീസ് കണ്ടെടുത്തു. ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വൈകിട്ട് 5.30ഓടെ മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫീസിന് മുന്പിൽ പൊതുദർശനത്തിനുവച്ചു. തുടർന്ന് വീട്ടിലെത്തിച്ചു. സംസ്‌കാരം ശനി വൈകിട്ട് 4.30ന് പട്ടാണിക്കൂപ്പ് ഉണ്ണീശോ പള്ളി സെമിത്തേരിയിൽ. മക്കൾ: അനീഷ (ദുബായ്), ആദർശ് (ബംഗളൂരു).
‘കോൺഗ്രസിലുള്ള വിശ്വാസം നഷ്‌ടമായി’ ;
പൊട്ടിത്തെറിച്ച് എൻ എം വിജയന്റെ കുടുംബം
ബത്തേരി
കോൺഗ്രസിലുള്ള വിശ്വാസം പരിപൂർണമായും ഇല്ലാതായെന്ന് കോൺഗ്രസ് നിയമനക്കോഴയിൽ കുരുങ്ങി ജീവനൊടുക്കിയ ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ പത്മജ.
വിജയന്റെ കുടുംബത്തിന്റെ രണ്ടരക്കോടി രൂപയുടെ ബാധ്യത തീർക്കാമെന്ന വാഗ്‌ദാനം നൽകി കോൺഗ്രസ് വഞ്ചിച്ചുവെന്നും അവർ പറഞ്ഞു. ‘ജൂൺ 30ന് എല്ലാ പ്രശ്‌നങ്ങളും തീർത്തുതരാമെന്ന് പറഞ്ഞ് കരാർ എഴുതിയിരുന്നു. ടി സിദ്ദിഖ് എംഎൽഎയും ഞാനും ഭർത്താവും ചേർന്നാണ് കരാർ വച്ചത്. ജൂലൈ 30 കഴിഞ്ഞിട്ടും ഒന്നും തന്നില്ല.
അതിനിടെ ഭർത്താവ് പക്ഷാഘാതംവന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായി. ഡിസ്‌ചാർജ് ആയപ്പോൾ എംഎൽഎയെയും പിഎയെയും മാറിമാറി വിളിച്ചിട്ടും ഫോൺ എടുത്തില്ല. പിന്നീട് വക്കീലിനെ കണ്ട് കരാറിന്റെ കോപ്പി ആവശ്യപ്പെട്ടപ്പോൾ എഴുതിയതിന്റെ പിറ്റേന്നുതന്നെ എംഎൽഎയുടെ പിഎ വന്ന് വാങ്ങിപ്പോയി എന്നാണ് പറഞ്ഞത്. ചതിക്കുകയായിരുന്നു. വീടും സ്ഥലവും പണയത്തിലാണ്. 45 ഉദ്യോഗാർഥികൾക്കുവേണ്ടിയാണ് പണയം വച്ചതെന്ന് അച്ഛൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഞങ്ങളുടെ അവകാശമാണ് ചോദിക്കുന്നത്, പട്ടയം എടുത്ത് തന്നേ മതിയാവു’–പത്മജ പറഞ്ഞു.









0 comments