യൂത്ത് കോൺഗ്രസ് പുനഃസംഘടന; പൊട്ടിത്തെറിയും പ്രതിഷേധവും ഹൈക്കമാൻഡിലേക്ക്

ഒ വി സുരേഷ്
Published on Oct 16, 2025, 12:20 AM | 1 min read
തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പിന്റെ വികാരം അട്ടിമറിച്ചുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന പുനഃസംഘടനയിൽ എ, ഐ ഗ്രൂപ്പുകളിൽ അമർഷം.
പ്രതിഷേധം ഇപ്പോൾ പരസ്യമായി ഉണ്ടാകില്ലെങ്കിലും വികാരം ഹൈക്കമാൻഡ് പരിഗണിക്കുന്നില്ലെങ്കിൽ ശക്തമായി പ്രതികരിക്കാനാണ് നീക്കം. ഐ ഗ്രൂപ്പ് ഇതിനകം പരാതി നൽകിക്കഴിഞ്ഞു. ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്നാണ് എ ഗ്രൂപ്പുകാരും പറയുന്നത്. ചെന്നിത്തലയെയും വി ഡി സതീശനെയും ഒതുക്കി കെ സി വേണുഗോപാൽ യൂത്ത് കോൺഗ്രസ് പൂർണമായും പിടിച്ചെടുത്തതാണ് ഇരുഗ്രൂപ്പുകളെയും പ്രകോപിപ്പിക്കുന്നത്.
അബിൻ വർക്കിക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പരാതി. 48 അഖിലേന്ത്യാ സെക്രട്ടറിമാരിൽ ഒരാളാക്കി അബിൻ വർക്കിയെ അപമാനിക്കുകയും നാടുകടത്തുകയുമാണ്. അബിൻ വർക്കി വാർത്താസമ്മേളനത്തിൽ പ്രതിഷേധിച്ചത് ചെന്നിത്തലയുടെ നിർദേശത്തിലാണ്. വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് സ്വദേശിയുമാണ്. അബിനെ ഒഴിവാക്കി ബിനുവിനെ കൊണ്ടുവന്നതിലൂടെ തനിക്കെതിരെയാണ് നീക്കമെന്ന് ചെന്നിത്തലയ്‌ക്ക് മനസ്സിലായി. വി ഡി സതീശനും കൃത്യമായ സന്ദേശമാണ് യൂത്ത് കോൺഗ്രസ് പുനഃസംഘടന. കൈയിലുണ്ടായിരുന്ന പ്രസിഡന്റ് സ്ഥാനം പോയതാണ് എ ഗ്രൂപ്പിന്റെ പ്രതിഷേധത്തിനുകാരണം. നേരത്തെ സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരുന്ന ബിനു ചുള്ളിയിലിനെ കെ സി വേണുഗോപാലാണ് പിന്തിരിപ്പിച്ചത്. പകരം ജനീഷിന് പിന്തുണനൽകി. രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുകയും അബിൻ വർക്കിക്കും അരിത ബാബുവിനും പുറകിലായി ജനീഷ് നാലാമതാകുകയുംചെയ്‌തു.
ബിനു ചുള്ളിയിലിനെ വേണുഗോപാൽ ഇടപെട്ട് അഖിലേന്ത്യാ സെക്രട്ടറിയും പിന്നീട് ജനറൽ സെക്രട്ടറിയുമാക്കി. ജനീഷിനെ പ്രസിഡന്റും ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡന്റുമാക്കി പിൻവാതിലിലൂടെ യൂത്ത് കോൺഗ്രസ് പിടിക്കാനും വേണുഗോപാലിനായി. ഇതിന്റെ ഞെട്ടലിലാണ് എ, ഐ ഗ്രൂപ്പുകൾ.
കല്ലുകടികളുണ്ടെന്ന് തിരുവഞ്ചൂർ
യൂത്ത് കോൺഗ്രസ് പുനഃസംഘടനയ്‌ക്കുശേഷം ചില കല്ലുകടികളുണ്ടെന്ന് കെപിസിസി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. അത് മാറുമെന്നും അച്ചടക്കസമിതി ഇടപെടേണ്ട ആവശ്യമില്ലെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. അബിൻ വർക്കിയുടെ താൽപ്പര്യം കേരളത്തിൽ നിൽക്കണമെന്നാണ്. അത് ദേശീയ നേതൃത്വത്തെ അറിയിച്ചാൽ അവർ അഡ്‌ജസ്‌റ്റ്‌മെന്റ് ചെയ്തുകൊടുക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.









0 comments