വിശ്വാസസംരക്ഷണ ജാഥ; അബിൻ വർക്കിയെ തോളിലേറ്റി ഐ ഗ്രൂപ്പ് പ്രകടനം; പ്രതിഷേധിച്ച് നേതൃത്വം

മൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് പരിഗണിക്കാതിരുന്ന അബിൻ വർക്കിക്ക് കെപിസിസി പരിപാടി തടസ്സപ്പെടുത്തി ഐ ഗ്രൂപ്പ് പ്രവർത്തകർ സ്വീകരണമൊരുക്കി. പരിപാടിക്കിടെ എത്തിയ അബിനെ തോളത്തേറ്റി വേദിയിലേക്കെത്തിയ സംഘം നേതൃത്വത്തെ വെല്ലുവിളിച്ചുള്ള മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധിച്ചത്.
എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്-മുന്‍ഷിയും സംസ്ഥാന നേതാക്കളും ഉൾപ്പെടെ പങ്കെടുത്ത മൂവാറ്റുപുഴയിലെ വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു സംഭവം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സംസാരിക്കുന്നതിനിടയിലാണ് നാടകീയ സംഭവം അരങ്ങേറിയത്. മുദ്രാവാക്യം നിർത്താൻ ഷിയാസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ കൂട്ടാക്കിയില്ല.
അബിൻ വേദിയിൽ എത്തിയശേഷവും വിളി തുടർന്നു. ഒടുവിൽ വേദിയിലിരുന്ന നേതാക്കൾ ഇടപെട്ടാണ് വിലക്കിയത്. പരിപാടിക്കിടയിൽ പ്രതിഷേധിക്കാൻ ഐ ഗ്രൂപ്പ് സംഘത്തെ അബിൻ നേരത്തേ തയ്യാറായി നിർത്തിയതായാണ് വിവരം. പ്രവർത്തകരുടെ തോളിലിരുന്ന് നേതൃത്വത്തെ നോക്കി ചിരിച്ച മുഖത്തോടെയാണ് അബിൻ വേദിയിലേക്ക് വന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതായി ആരോപണമുയർന്ന യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ, അബിൻ വർക്കിയാണ് രണ്ടാമതെത്തിയത്.
രാഹുൽ മാങ്കൂട്ടത്തിലിന് അധ്യക്ഷസ്ഥാനം നഷ്‌ടപ്പെട്ടപ്പോൾ ആ സ്ഥാനത്തേക്ക് അബിനെ പരിഗണിക്കാതെ തഴഞ്ഞു. ഇതിനെതിരെ പരസ്യപ്രതിഷേധം പ്രകടി്പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണിത്.









0 comments