മുഖ്യമന്ത്രിത്തർക്കം
print edition യുഡിഎഫിൽ അസാധാരണ സാഹചര്യം


സി കെ ദിനേശ്
Published on May 13, 2026, 12:00 AM | 1 min read
തിരുവനന്തപുരം: അധികാരത്തർക്കത്തിൽനിന്ന് വ്യത്യസ്തമായി, യുഡിഎഫിൽ അരങ്ങേറുന്നത് അസാധാരണ സംഭവവികാസങ്ങൾ. മുൻ കെപിസിസി പ്രസിഡന്റുമാരും വർക്കിങ് പ്രസിഡന്റുമാരുമടക്കം പത്തിലധികം നേതാക്കളുമായി രാഹുൽ ഗാന്ധി ചൊവ്വാഴ്‌ച സംസാരിച്ചെങ്കിലും മുഖ്യമന്ത്രി പ്രഖ്യാപനം നീട്ടിവച്ചു. എംഎൽഎ മാരിൽ ഭൂരിപക്ഷത്തിന്റെയും ഹൈക്കമാൻഡിന്റെയും പിന്തുണയുമുണ്ടായിട്ടും കെ സി വേണുഗോപാലിനെ തീരുമാനിക്കാൻ കഴിയുന്നില്ല. പ്രഖ്യാപനത്തിലേക്ക് പോകാനാകാത്തവിധത്തിൽ എത്തിക്കാൻ രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും ലീഗിനും കഴിഞ്ഞുവെന്നാണ് വിലയിരുത്തുന്നത്. മൂന്നു നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിനായി അന്തിമപോരാട്ടം നടത്തുമ്പോൾ നേതൃത്വത്തെ നിർത്തിപ്പൊരിക്കുകയാണ് ലീഗും കേരള കോൺഗ്രസും ഉൾപ്പെടെ ഘടക കക്ഷികൾ.
കെ സി വേണുഗോപാലിനായി കളിക്കുന്ന ഷാഫി പറമ്പിലിനെ മാത്രമല്ല, രാഹുൽ ഗാന്ധിയെവരെ തെറിവിളിക്കുന്ന സ്ഥിതിയാണ് കോൺഗ്രസിൽ. ജൂനിയർ ആയ വേണുഗോപാലിനോട് സഹകരിക്കാൻ മറ്റ് രണ്ടുപേരും സന്നദ്ധരല്ല. ഇൗ സാഹചര്യത്തിൽ മറ്റു ചിലരെ പരിഗണിക്കുന്നതിനെക്കുറിച്ചും രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുടെ അഭിപ്രായം ആരാഞ്ഞതായാണ് വിവരം.
അതിനിടെ, ഭരണസ്തംഭനമുൾപ്പെടെ ഗുരുതരമായ പ്രതിസന്ധിയെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറുകിട നേതാക്കളെ രംഗത്തിറക്കി പ്രതിഷേധം അറിയിച്ചിട്ടും തീരുമാനമാകാതെ കോൺഗ്രസിൽ ചർച്ച തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്‌ച ലീഗ് നേതൃയോഗം വിളിച്ചിട്ടുണ്ട്. സതീശന് വേണ്ടി യുഡിഎഫിൽ കുറുമുന്നണിയുണ്ടാക്കുന്നുവെന്ന് ലീഗിനെതിരെ കെ സി വേണുഗോപാൽ വിഭാഗക്കാർ ആക്ഷേപം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് യോഗം. മുഖ്യമന്ത്രി എന്ന കടമ്പ കഴിഞ്ഞിട്ട് ഉപമുഖ്യമന്ത്രി, മന്ത്രിമാർ, വകുപ്പുകൾ തുടങ്ങിയ തർക്കങ്ങളിലേക്ക് കടക്കാനിരിക്കുകയാണ് മുന്നണി.










0 comments