print edition വിമതപ്പട; കോൺഗ്രസിൽ യുദ്ധസമാന അന്തരീക്ഷം

ഒ വി സുരേഷ്
Published on Mar 20, 2026, 01:44 AM | 2 min read
തിരുവനന്തപുരം: കണ്ണൂർ സീറ്റിനുവേണ്ടി കെ സുധാകരന്റെ കലാപം, ഒപ്പം നിൽക്കുന്നവരുടെ സീറ്റ് ഉറപ്പിക്കാൻ മുതിർന്ന നേതാക്കൾ നടത്തിയ ഒളിപ്പോര്, സ്‌ത്രീ പീഡനത്തിന് ജയിലിൽ കിടന്നയാളടക്കമുള്ള സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കുമ്പോൾ, തന്നെ മാത്രം ഒഴിവാക്കിയതിൽ എൽദോസ് കുന്നപ്പിള്ളിയുടെ പൊട്ടിത്തെറി, ദീപ്‌തി മേരി വർഗീസും അലോഷ്യസ് സേവ്യറും ജോസഫ് വാഴയ്‌ക്കനും ഉയർത്തിയ ലഹള... ഒടുവിൽ രാത്രി വെെകി രണ്ടാം പട്ടിക വന്നപ്പോൾ കോൺഗ്രസിൽ യുദ്ധസമാന അന്തരീക്ഷം. മുസ്‌ലീം ലീഗിലും പതിവില്ലാത്ത വിധം എതിർപ്പ് തുടരുകയാണ്. തെരഞ്ഞെടുപ്പിന് മുന്പ് ടീം യുഡിഎഫ് എന്നും വിശാല പ്ലാറ്റ്‌ഫോം എന്നും അവകാശപ്പെട്ടവർ അവയെല്ലാം തകർന്നടിഞ്ഞതിന്റെ നിരാശയിലാണ്. കോൺഗ്രസിന്റെ രണ്ടാം പട്ടിക പുറത്തിറങ്ങിയതോടെ വിമതരുടെ എണ്ണവും എതിർപ്പും കൂടി.
തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് കോൺഗ്രസിൽ. ഫെബ്രുവരി തുടക്കത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് ജനുവരിയിൽ മാധ്യമങ്ങളോട് പറഞ്ഞ കോൺഗ്രസിന് നാമനിർദേശപത്രിക സമർപ്പിക്കേണ്ട സമയമായിട്ടും പട്ടിക പൂർണമായും പ്രസിദ്ധീകരിക്കാനായില്ല. ആരും സ്വയം സ്ഥാനാർഥികളാകേണ്ട എന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയ കെപിസിസി നേതൃത്വത്തെ നോക്കുകുത്തിയാക്കി പോസ്റ്ററുകളും ബോർഡും തയ്യാറാക്കി കാത്തുനിന്നവരാണ് ഒരുഭാഗത്ത് കലാപക്കൊടിയുയർത്തുന്നത്. സ്ഥാനാർഥികളാക്കാമെന്ന് വാഗ്‌ദാനംചെയ്‌ത് വഞ്ചിക്കപ്പെട്ട സണ്ണി എം കപിക്കാട് അടക്കമുള്ളവരുമുണ്ട്. സിറ്റിങ് എംഎൽഎമാരിൽ സ്‌ത്രീപീഡനക്കേസിൽ റിമാന്റിലായ എം വിൻസെന്റിനെ കോവളത്ത് വീണ്ടും സ്ഥാനാർഥിയാക്കിയപ്പോൾ തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സ്വതന്ത്രനാകുമെന്ന് ഭീഷണിയുയർത്തുകയാണ് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി. എൽദോസിനെ അനുകൂലിച്ച് പെരുന്പാവൂരിൽ വ്യാഴാഴ്‌ച പ്രകടനവും യോഗവും നടന്നു.
ഇടുക്കിയിൽ പരിഗണനയിലില്ല എന്നറിഞ്ഞതോടെ കെഎസ്‌യു പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാനൊരുങ്ങിയ അലോഷ്യസ് സേവ്യർ പിന്നീട് പിന്മാറി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി ജോസഫ് ബിജെപിയിൽ ചേർന്നത് സണ്ണിയെയും കോൺഗ്രസിനെയും ഒരുപോലെ ഞെട്ടിച്ചു. കുട്ടനാട് മണ്ഡലം കേരള കോൺഗ്രസ് ജോസഫിന് നൽകിയതിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികളായ സജി ജോസഫും കെ ഗോപകുമാറും രാജിവെച്ചു. സജി ജോസഫ് വിമത സ്ഥാനാർഥിയാകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പുനലൂർ സീറ്റ് ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പരസ്യപ്രതികരണവുമായി തെരുവിലിറങ്ങി. പാറശാലയിൽ മുൻ എഎംഎൽഎ എ ടി ജോർജ് വിമതനായി പത്രിക നൽകും. പുനലൂരിൽ ലീഗിനെതിരെ കോൺഗ്രസിന്റെ റിബൽഭീഷണിയുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാധാരണനിലയിൽ കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ടാകാറുണ്ടെങ്കിലും ഇത്തവണ അതല്ല സ്ഥിതി.










0 comments