കൊടുംക്രിമിനലിനെ പുറത്താക്കാതെ കോൺഗ്രസ്

പ്രത്യേക ലേഖകൻ
Published on Aug 24, 2025, 12:36 AM | 1 min read
തിരുവനന്തപുരം: പീഡന പരമ്പരകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അതിജീവിതയെയും ഗർഭസ്ഥശിശുവിനെയും കൊല്ലുമെന്ന് ഭീഷണിമുഴക്കുന്നതിന്റെ ഫോൺസംഭാഷണവും പുറത്തുവന്നു. സ്‌ത്രീയെയും ഗർഭസ്ഥശിശുവിനെയും ക്രൂരമായി കൊല്ലുമെന്ന് പറയുന്ന കൊടുംക്രിമിനലായ രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനത്ത് തുടരുന്നതിൽ ജനരോഷം രൂക്ഷമായി. ഡിവൈഎഫ്ഐ സംസ്ഥാന മൊട്ടാകെ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. വടകരയിൽ ഷാഫി പറമ്പിൽ എംപിക്കെതിരെയും പ്രതിഷേധമുണ്ടായി. എത്ര സമ്മർദമുണ്ടായാലും രാജി ആവശ്യപ്പെടില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
അടൂരിലെ വീട്ടിൽ ശനിയാഴ്‌ച രാഹുൽ വാർത്താസമ്മേളനം വിളിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് തടഞ്ഞു. രാഹുൽ അതിജീവിതകൾക്കെതിരെ പറയുമെന്നും ചില കോൺഗ്രസ് നേതാക്കളുടെ സമാന കഥകൾ പുറത്തുവിടുമെന്ന വിവരം ലഭിച്ചതോടെയാണ് വാർത്താസമ്മേളനം റദ്ദാക്കാൻ നേതാക്കൾ ആവശ്യപ്പെട്ടത്. രാഹുലിന്റെ കൈവശം പല നേതാക്കൾക്കുമെതിരെ ഡിജിറ്റൽ തെളിവുള്ളതായാണ് വിവരം. രാജി ആവശ്യത്തെ പ്രതിരോധിക്കാൻ ഇൗ തെളിവുകൾ ഉപ യോഗിക്കാനാണ് സതീശൻ–രാഹുൽ–ഷാഫി സംഘത്തിന്റെ തീരുമാനം. കടുത്ത നടപടിയുണ്ടാകുമെന്ന് വി ഡി സതീശൻ ആവർത്തിച്ചെങ്കിലും താൽക്കാലം മറ്റൊന്നും വേണ്ടെന്ന ധാരണയിലാണ് നേതൃത്വം.
രാജിവെക്കേണ്ടതില്ലെന്ന നിലപാട് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും വ്യക്തമാക്കി. പാർടിക്കോ പൊലീസിനോ പരാതി ലഭിക്കാത്ത സ്ഥിതിക്ക് എന്തിന് രാജിയെന്ന് അവർ ചോദിച്ചു. അതേസമയം, പൊതുപ്രവർത്തകർ കളങ്കരഹിതരാകണമെന്നും പരാതികൾ ഗൗരവമുള്ളതാണന്നും ടി എൻ പ്രതാപൻ മാധ്യമങ്ങളോട് പറഞ്ഞു. ജനവികാരം കോൺഗ്രസിനെതിരാണെന്നും രാഹുൽ രാജിവയ്‌ക്കുന്നതാകും ഉചിതമെന്നും ചില നേതാക്കൾ നിലപാടെടുത്തു. നടി റിനി ആൻ ജോർജ്, എഴുത്തുകാരി ഹണി ഭാസ്‌കരൻ, ട്രാൻസ്ജെൻഡർ അവന്തിക അടക്കമുള്ളവർ പരസ്യമായും നിരവധിപ്പേർ ഡിജിറ്റൽ തെളിവുകളുമായുമാണ് രാഹുലിനെതിരെ രംഗത്തുവന്നത്.
ബാലാവകാശ കമീഷൻ ഡിജിപിയോട് റിപ്പോർട്ട് തേടി
ഗർഭഛിദ്രം നടത്താൻ യുവതിയെ സമ്മർദത്തിലാക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ എറണാകുളത്തെ അഭിഭാഷകൻ നൽകിയ പരാതിയിൽ ബാലാവകാശ കമീഷൻ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്താൻ കമീഷൻ ഡയറക്‌ടറെ ചുമതലപ്പെടുത്തി. പരാതി ഗൗരവമുള്ളതാണെന്നും റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനമുണ്ടാകുമെന്നും കമീഷൻ ചെയർപേഴ്‌സൺ കെ വി മനോജ്‌കുമാർ അറിയിച്ചു.









0 comments