'കെ സിയെ വേണം, വി ഡി യെ വേണം'; സൈബറിടങ്ങളിൽ ചേരി തിരിഞ്ഞ് പോര്

കെ സുധാകരൻ, രമേശ് ചെന്നിത്തല, വി ഡി സതീശൻ, കെ സി വേണുഗോപാൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി കസേരയ്ക്കായി സൈബറിടങ്ങളിലും കനത്ത പോര്. പട നയിച്ചവൻ നാട് ഭരിക്കട്ടെ എന്ന മുദ്രാവാക്യവുമായി വി ഡി സതീശന്റെ പക്ഷം പോരാട്ടം തെരുവുകളിലേയ്ക്ക് നീട്ടി കഴിഞ്ഞു. കെ സി വേണുഗോപാൽ മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലി ശക്തമാക്കി എന്ന് അറിഞ്ഞതോടെയാണ് പ്രതിഷേധം തെരുവുകളിലേയ്ക്ക് നീങ്ങിയത്.
മുഖ്യമന്ത്രി കസേരയില്ലെങ്കിൽ മന്ത്രിസഭയിലേയ്ക്ക് തന്നെയില്ലെന്ന് വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശന്മാർ ഉണ്ടെന്ന് പറഞ്ഞ് സതീശനെ എതിർത്ത് കെ സുധാകരനും രംഗത്ത് വന്നു. എന്നാൽ തനിക്ക് 40 ൽ അധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും കോൺഗ്രസിനെ ഉയർത്തികൊണ്ടുവന്നത് താനാണെന്ന അവകാശവാദവും ഉന്നയിച്ച് കെ സി വേണുഗോപാലും മുഖ്യമന്ത്രി കസേരയ്ക്കായി പിടിവലി നടത്തുന്നുണ്ട്. ഈ വേളയിലാണ് ചേരി തിരിഞ്ഞ് സൈബറിടങ്ങളിലും പോര് കനക്കുന്നത്.
കെ സി വേണുഗോപാലിന്റെ സോഷ്യൽമീഡിയ ഹാൻഡിലുകളിൽ വി ഡി സതീശൻ പക്ഷം പ്രതിഷേധം രേഖപ്പെടുത്തുകയാണ്. വി ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന മുറവിളികളാണ് കമന്റുകളായി രേഖപ്പെടുത്തുന്നത്. മുഖ്യമന്ത്രി മോഹവുമായി ഇറങ്ങിതിരിച്ചാൽ ഉപതെരഞ്ഞെടുപ്പുകൾ അടക്കം എവിടെ സ്ഥാനാർഥിയായാലും തോൽപ്പിക്കുമെന്ന ഭീഷണിയും പ്രതികരണങ്ങളിൽ നിന്നും ഉയരുന്നുണ്ട്. അതേസമയം, വി ഡി സതീശന്റെ സോഷ്യൽമീഡിയ പേജുകളിൽ കെ സി വേണുഗോപാൽ പക്ഷവും സൈബർ ആക്രമണവുമായി എത്തി. എല്ലാ പോസ്റ്റുകൾക്ക് താഴെയും കെ സി മുഖ്യമന്ത്രി കസേരയിൽ ഇരിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. കെ സുധാകരനാകട്ടെ ഇരു വിഭാഗത്തിന്റെയും സൈബർ ആക്രമണം നേരിടുന്നു. ഇരുവർക്കുമിടയിൽ കയറി വന്ന് മുഖ്യമന്ത്രി കസേരയെന്ന മോഹം സാധിച്ചെടുക്കാമെന്ന വ്യാമോഹം വേണ്ടെന്ന മുന്നറിയിപ്പും പ്രവർത്തകർ നൽകുന്നുണ്ട്.
ഇരുവർക്കുമിടയിലെ തർക്കങ്ങൾക്കിടയിൽ രമേശ് ചെന്നിത്തല വിഭാഗം അത്ര സജീവല്ലതായി. ഇതിനെല്ലാം പുറമെ, രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ പ്രവർത്തകർ കൂട്ടത്തോടെ എത്തിയാണ് വി ഡി സതീശനും കെ സി വേണുഗോപാലിനും വേണ്ടി വാദിക്കുന്നത്. നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതിഷേധങ്ങൾക്കിടയിൽ ഹൈക്കമാന്റും കുഴഞ്ഞ് മറിയുന്ന അവസ്ഥയാണ്.










0 comments