കോൺഗ്രസിനെ ഉലച്ച് വീണ്ടും തുറന്നു പറച്ചിൽ

"മൂന്നാം തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും" തരൂരിന്റെ പ്രശംസകളിൽ പകച്ച് കോൺഗ്രസ്

sasi tharoor
avatar
സ്വന്തം ലേഖകൻ

Published on Feb 23, 2025, 02:52 PM | 4 min read

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന ആമുഖത്തോടെയാണ് ഇത്തവണ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി തുറന്നടിച്ചിട്ടുളളത്.

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പുതിയ പോഡ്കാസ്റ്റ് അഭിമുഖം ഇനിനകം വിവാദത്തിന് കൂടുതൽ തീ പകർന്നു. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടും എന്ന് നേർക്കു നേർ പറയുകയാണ് ചെയ്തത്. കോൺഗ്രസിലെ സംസ്ഥാന ദേശീയ നേതൃനിരയുടെ ദുർബലതയെ ചൂണ്ടികാട്ടി അണികളുടെ ആശങ്കകളെ ചേർത്തു പിടിക്കയുമാണ് നയന്ത്രജ്ഞൻ കൂടിയായ തരൂർ.


വികസനത്തിലും ഭരണ നിർവ്വഹണത്തിലും ഇടതുപക്ഷ സർക്കാർ മുന്നേറുമ്പോൾ എല്ലാ നല്ല കാര്യങ്ങളെയും എതിർക്കുക എന്നത് മാത്രമാണ് കേരളത്തിൽ കോൺഗ്രസ് പ്രയോഗിക്കുന്ന ഏക രാഷ്ട്രീയ തന്ത്രം. ഇതാകട്ടെ ജനങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നു. ഈ ഗുരുതരമായ പിഴവുകൾ ആവർത്തിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ വ്യവസായ വികസന രംഗത്തെ മുന്നേറ്റങ്ങളെ പ്രശംസിച്ച് ശശി തരൂരിന്റെ ആദ്യ പ്രസ്താവന ഉണ്ടായത്.


ഇതോടെ നിസ്സഹായമായി തീർന്ന നേതൃത്വം തരൂരിന് എതിരെ വിവിധ ഘട്ടങ്ങളിലായി എതിർപ്പ് ഉയർത്തി. കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വരെ പരാതിയുമായി എത്തി. എൽ ഡി എഫ് സർക്കാരിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളുടെ വസ്തുനിഷ്ഠത നേരിടാനാവാതെ പ്രസ്താവന നടത്തിയ വ്യക്തിയിലേക്ക് രാഷ്ട്രീയ മുന കൂർപ്പിച്ചു.

പ്രശ്നം രൂക്ഷമായതോടെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. വായടപ്പിക്കാൻ ശ്രമിച്ചു. പക്ഷെ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലും തൃപ്തിയില്ലെന്നാണ് ശശി തരൂരിന്റെ പുതിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനെ വെറും മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ടുള്ള നീക്കം എന്ന നിലയ്ക്ക് ചുരുക്കി കാണിക്കുക എന്നതാണ് ഇപ്പോൾ സംസ്ഥാന തേതൃത്വം ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ വികസന വണ്ടി കുതിച്ച് പായുമ്പോൾ മറ്റ് മാർഗ്ഗങ്ങൾ ഇല്ലെന്നായിരിക്കുന്നു.


party congress

ഇടതുപക്ഷം മുൻപേ പറഞ്ഞ കാര്യങ്ങൾ


ഇടതുപക്ഷം മുമ്പേ പറഞ്ഞ കാര്യങ്ങളാണ് ശശി തരൂർ ഇപ്പോൾ പറയുന്നതെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇതിനോട് പ്രതികരിച്ചത്. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ  ഒരു ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടി എന്ന രീതിയിൽ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. ഇടതുപക്ഷം മുൻപ് പറഞ്ഞ കാര്യങ്ങൾ, ശശി തരൂരിനും പറയേണ്ടി വന്നു- എന്നാണ് എംവി ഗോവിന്ദൻ വിശദമാക്കിയത്.


sasi tharoor


വോട്ടുചെയ്ത ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യംകൂടിയാണ് തന്നിരിക്കുന്നത്. കോണ്‍ഗ്രസിലെ മറ്റുള്ളവരും തന്റെ അതേ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു നേതാവിന്റെ അഭാവമുണ്ടെന്ന് നിരവധി പ്രവര്‍ത്തകര്‍ കരുതുന്നുണ്ടെന്നും ശശി തരൂര്‍ പറയുന്നുണ്ട്. അടിസ്ഥാന വോട്ടുകൾ കൊണ്ട് ദേശീയ-സംസ്ഥാന രാഷ്ട്രീയ രംഗങ്ങളിൽ പിടിച്ചുനിൽക്കാനാകില്ലെന്നും പുതിയ വോട്ടർമാരെ ആകർഷിക്കണമെന്നും തിരിച്ചറിവും നൽകുന്നു. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തന മികവ് കോൺഗ്രസിന് മുന്നിൽ ഉയർത്തുന്ന ഭീഷണിയാണ് കൃത്യമായും പറഞ്ഞു വെയ്ക്കുന്നത്. ഇത് എതിർപ്പ് മാത്രം കൈമുതലായുള്ളവർക്ക് സഹിക്കാവുന്ന രാഷ്ട്രീയമല്ല.


വിമർശനവും വിലയിരുത്തലും തുടരും,

ഇല്ലെങ്കിൽ പുറത്തിരിക്കും


കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍പോലും തിരുവനന്തപുരത്ത് തനിക്ക് വോട്ടുചെയ്തിട്ടുണ്ടെന്ന് അഭിമുഖത്തില്‍ അവകാശപ്പെടുന്നു. തന്റെ സംസാരവും പെരുമാറ്റവുമെല്ലാം തിരുവനന്തപുരംകാര്‍ക്ക് ഇഷ്ടമാണ്. ആ രീതിയിലുള്ള ഇടപെടലാണ് 2026-ലും പാര്‍ട്ടിക്ക് ആവശ്യമെന്നും ഇതോടൊപ്പം പറഞ്ഞു.


ചില കാര്യങ്ങളിൽ യോജിപ്പില്ലെങ്കിൽ പാർട്ടി മാറുമെന്ന് പറയുന്നതിന്റെ യുക്തി എന്താണെന്നും തരൂർ ചോദിച്ചു. ഒരാൾക്ക് പാർട്ടിക്ക് പുറത്തിരിക്കാനും സ്വതന്ത്ര്യനായി തുടരാനും സ്വാതന്ത്ര്യമുണ്ടെന്നും ഇതോടൊപ്പം പറഞ്ഞു വെച്ചു. സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്' എന്ന് ഓർമ്മപ്പെടുത്തുന്നുമുണ്ട്.

tharoor mp


സർക്കാർ നല്ലകാര്യങ്ങൾ ചെയ്യുന്നു,

അത് പറഞ്ഞാൽ എന്താണ്


"ഒരു സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കുകയും തെറ്റായ നടപടികളെ വിമർശിക്കുകയും ചെയ്യുന്നു. എന്റെ അഭിപ്രായങ്ങളോട് പൊതുജനങ്ങളിൽ നിന്ന് മോശമായ പ്രതികരണം ഞാൻ കണ്ടിട്ടില്ല. എന്നാൽ എന്റെ പാർട്ടിയിൽ അത് നിലവിലുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ നമ്മുടെ എതിരാളികളെക്കുറിച്ച് നല്ല കാര്യങ്ങൾ പറയുന്നതെന്ന് അവർ  ചോദിക്കുന്നു. അതെ, അവർ നമ്മുടെ എതിരാളികളാണ്, പക്ഷേ അവർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ, അവരെ അഭിനന്ദിക്കണം".-തരൂർ പറഞ്ഞു.


ഇടതുപക്ഷ പാർട്ടികളും സർക്കാരും കാര്യക്ഷമമായി പ്രവർത്തിക്കയും മുന്നോട്ട് പോവുകയും ചെയ്യുമ്പോൾ ജനങ്ങളുടെ വിശ്വസത്തിന് അത് അടിത്തറയായി തീരുന്നു. ഇത് കണ്ടാണ് തരൂർ തുടർച്ചയായി കോൺഗ്രസിലെയും ഘടകകക്ഷികളിലെയും ദൌർബല്യങ്ങളെ മുൻ നിർത്തി പലപ്പോഴും ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ ദുർബലമായ നേതൃത്വം എതിർക്കുക എന്നതിൽ കവിഞ്ഞ പ്രായോഗിക രാഷ്ട്രീയത്തിലേക്ക് ഉയർന്നില്ല എന്ന കാര്യവും പറയാതെ പറയുന്നു.


ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോൺഗ്രസിന്റെ അടിസ്ഥാന വോട്ടുകൊണ്ട് ജയിക്കാനാകില്ല. ഈ യാഥാർഥ്യം പാർട്ടി തിരിച്ചറിയണം. ദേശീയ തലത്തിൽ കോൺഗ്രസിന്റെ 19ശതമാനം മത്രമാണ് കോൺഗ്രസിന്റെ വോട്ടുശതമാനം. ഇതുകൊണ്ട് ഭരണത്തിൽ എത്താൻ കഴിയില്ല. 26-27 ശതമാനം വോട്ട് അധികമായി ലഭിക്കണ. എന്നാൽ മാത്രമേ അധികാരത്തിൽ എത്താൻ കഴിയൂ എന്നും തുടരുന്നു പറയുന്നു.


വർക്കിങ് കമ്മിറ്റിഎന്ന ആൾക്കൂട്ടത്തെയും കടന്നാക്രമിച്ച്


കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ പ്രവർത്തനത്തിലും നിരാശ രേഖപ്പെടുത്തുന്നുണ്ട്. ''നൂറ് പേരടങ്ങുന്ന സംഘമാണ് വർക്കിംഗ് കമ്മിറ്റി. എല്ലാ മീറ്റിംഗുകളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. ഈ യോഗത്തിൽ ഒന്നിലും എന്തെങ്കിലും വിഷയത്തിൽ ഒരു പ്രത്യേക തീരുമാനം എടുക്കുന്നത് ഞാൻ കണ്ടിട്ടില്ല".- ആഭിമുഖത്തിൽ പറയുന്നു.


"വർക്കിങ് കമ്മിറ്റി യോഗം ചേരുമ്പോഴെല്ലാം ഒരു മുറിയിൽ നൂറുപേരുണ്ടാകും. അതിൽ സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ, എക്സ്-ഓഫീഷ്യോ അംഗങ്ങൾ, ജനറൽ സെക്രട്ടറിമാർ, ചുമതലയുള്ളവർ. വലിയ സമ്മേളനം പോലെയാണ്. എന്റെ അനുഭവത്തിൽ വലിയ തീരുമാനങ്ങളൊന്നും വർക്കിങ് കമ്മിറ്റി ഇതുവരെ എടുത്തിട്ടില്ല "-തരൂർ പറഞ്ഞു.


സർക്കാരിന്റെ നേട്ടങ്ങൾക്ക് മുന്നിൽ പകച്ച്

മറുവഴി കാണാനാവാതെ നേതാക്കൾ


ഇന്ത്യൻ എക്സ്പ്രസ് മലയാളം ആരംഭിക്കുന്ന പ്രതിവാര പോഡ്കാസ്റ്റ് പരിപാടി 'വർത്തമാനം'ത്തിലാണ് ശശി തരൂർ തൻറെ വിമർശനങ്ങൾ തൊടുത്തത്. കേരള സംസ്ഥാന സർക്കാരിനെ കുറിച്ച് പറഞ്ഞ യാഥാർത്ഥ വസ്തുതകൾ ഒന്നും പിൻവലിക്കാനോ നിഷേധിച്ച് ഒഴിയാനോ തയാറായുമില്ല. സ്വാഭാവികമായും ഇത് ചെന്നു തറച്ചത് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന് നേരെയാണ്. സംസ്ഥാനം നടപ്പാക്കിയ ഓരോ വികസനത്തിന് മുന്നിലും എതിർപ്പ് മാത്രം ഉയർത്തിയാണ് കോൺഗ്രസ് നേതൃത്വം സ്വയം സ്ഥാപിക്കാനും പ്രസക്തി നിലനിർത്താനും ശ്രമിച്ചുകൊണ്ടിരുന്നത്. അതല്ല കേരളത്തിലെ മാറിയ രാഷ്ട്രീയം എന്നു കൂടി പറയുമ്പോൾ അത് തിരിച്ചറിയാൻ കഴിഞ്ഞിട്ടും വേറെ വഴിയില്ലാതെ പോകുന്നു എന്ന രാഷ്ട്രീയ നിസ്സഹായാവസ്ഥയാണ് കോൺഗ്രസിൽ പുകയുന്നത്.


tharoor


ഇത് തിരിച്ചറിഞ്ഞ് അണികളെ നേരിട്ട് പിടിക്കുക എന്ന ലക്ഷ്യവും കൃത്യമായി തന്റെ അഭിമുഖത്തിൽ തരൂർ സാധ്യമാക്കിയെടുക്കാൻ ശ്രമിക്കുന്നു. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍പോലും തിരുവനന്തപുരത്ത് തനിക്ക് വോട്ടുചെയ്തിട്ടുണ്ട്. തന്റെ സംസാരവും പെരുമാറ്റവുമെല്ലാം തിരുവനന്തപുരംകാര്‍ക്ക് ഇഷ്ടമാണ്.


താന്‍ നേതൃപദവിക്ക് അനുയോജ്യനാണെന്ന് പല ഏജന്‍സികള്‍ നടത്തിയ സര്‍വേകളും ചൂണ്ടിക്കാട്ടിയിരുന്നു. 'അതുകൊണ്ട് എന്റെ കഴിവുകള്‍ പാര്‍ട്ടി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെയെങ്കില്‍ പാര്‍ട്ടിക്കൊപ്പം ഞാനുണ്ടാവും. ഇല്ലെങ്കില്‍ എനിക്ക് എന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങള്‍ കരുതരുത്. പുസ്തകമെഴുതാനും പ്രഭാഷണങ്ങള്‍ നടത്താന്‍ ലോകമെമ്പാടുനിന്നും ക്ഷണമുണ്ട് എന്ന് സ്വന്തം പ്രസക്തിയെ സ്വയം തന്നെ ഉയർത്തിപ്പിടിക്കയും ചെയ്യുന്നുണ്ട്.


ഓർമ്മകൾ ഉണ്ടായിരിക്കണമെന്ന്

കെ മുരളീധരനും ചെന്നിത്തലയും


എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരും ജയിക്കുന്നത് പാര്‍ട്ടി വോട്ടുകള്‍ക്ക് പുറത്തുള്ളവരുടെ വോട്ടു കൊണ്ടാണ്. പക്ഷെ പാര്‍ട്ടി പ്രവര്‍ത്തകരാണ് അതിനു വേണ്ടി പണിഎടുക്കുന്നത് എന്ന ഓർമ്മപ്പെടുത്തലാണ് കെ മുരളീധരൻ ഈ വിവാദത്തിൽ നൽകിയ മറുപടി. 1984,89,91 വർഷങ്ങളിൽ എ ചാള്‍സ് തിരുവനന്തപുരത്ത് നിന്ന് ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആണെങ്കിലെ ജയിക്കൂവെന്നും കെ മുരളീധരന്‍ പറഞ്ഞു.

sasi tharoor chennithala muraleedharan


ശശി തരൂരിന്റെ മനസ്സില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിഹരിച്ചു കൂടെ നിര്‍ത്തണം. ആരും പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകാന്‍ പാടില്ല. ദേശീയ രാഷ്ട്രീയത്തിലാണ് അദ്ദേഹത്തിന് അധികം സംഭാവന നല്‍കാന്‍ കഴിയുകയെന്നും അഭിപ്രായപ്പെട്ടു.


രാഹുല്‍ ഗാന്ധിയുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തും മുന്‍പ് നടന്ന അഭിമുഖമാണെന്ന് മനസ്സിലാക്കുന്നതെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഈ പാര്‍ട്ടിയില്‍ തന്നെ നില്‍ക്കേണ്ടതിന്റെ അനിവാര്യത കൊണ്ടാണല്ലോ അദ്ദേഹത്തെ നാല് തവണ കോണ്‍ഗ്രസ് എംപിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും പത്ത് വര്‍ഷമായി കോണ്‍ഗ്രസിന്റെ നാല് സ്ഥിരം സമിതിയംഗങ്ങളില്‍ ഒരാളാക്കിയതും എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഈ വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്നും ഒഴിഞ്ഞു.


ഞാൻ നന്നാക്കാമെന്ന് കെ സുധാകരൻ


തരൂർ കോൺ​ഗ്രസ് വിട്ടുപോകുമെന്നൊന്നും കരുതുന്നില്ല. അദ്ദേഹം പറഞ്ഞതെല്ലാം കോൺ​ഗ്രസിന് കരുത്തുപകരാൻ സാധിക്കുന്ന പ്രവർത്തനത്തിന് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കോൺ​ഗ്രസിന് നല്ലൊരു നേതാവില്ലായിരിക്കാം.

എന്റെ നേതൃത്വത്തിന്റെ ശേഷി വിലയിരുത്തേണ്ടത് അദ്ദേഹത്തെപ്പോലൊരാൾതന്നെയാണ്. തരൂരിന് അങ്ങനെ തോന്നിയെങ്കിൽ എനിക്കതിൽ പരാതി തോന്നിയിട്ട് കാര്യമില്ലല്ലോ. ഞാൻ നന്നാകാൻ നോക്കാം." കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ പ്രതികരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home