മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലി; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകളും ചരടുവലികളും ഹൈക്കമാൻഡിലേക്ക്. ഇതിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ദില്ലിയിൽ വെച്ച് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
പത്ത് മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും സർക്കാർ രൂപീകരണവും ചർച്ചയായതായാണ് വിവരം. വിജയത്തിന് പിന്നാലെ പാർട്ടിയിൽ മുഖ്യമന്ത്രി പദത്തിനായി വിവിധ നേതാക്കളുടെ പേരുകൾ ഉയരുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ ദില്ലി സന്ദർശനം.
പ്രചാരണ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ മികച്ച ഏകോപനം നടത്തിയ നേതാവാണ് ചെന്നിത്തല എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
പലയിടങ്ങളിലും അണികൾക്കിടയിൽ അതൃപ്തികളും ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു. കേരളത്തിലെ പാർട്ടി ഘടകത്തിനുള്ളിലെ വികാരം സോണിയ ഗാന്ധിയെ ചെന്നിത്തല ധരിപ്പിക്കുമെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ വിലയിരുത്തൽ.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഹൈക്കമാൻഡിന്റെ നിലപാടായിരിക്കും നിർണ്ണായകമെന്ന് മനസിലാക്കിയ നേതാക്കൾ ഇപ്പോൾ ഹൈക്കമാൻഡിനെ തങ്ങളുടെ പക്ഷത്താക്കാനുള്ള നെട്ടോട്ടത്തിലാണ്.
എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷമാകും അന്തിമ പ്രഖ്യാപനം. അതിനിടെ, ഗ്രൂപ്പ് സമവാക്യങ്ങളും നേതാക്കൾ തമ്മിലുള്ള പരസ്യ പിന്തുണകളും കോൺഗ്രസിനുള്ളിൽ അതൃപ്തി വ്യക്തമാക്കുന്നുണ്ട്.











0 comments